അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളിയെന്നും ജനങ്ങളുടെ ശബ്ദം പാർലമെന്‍റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല ഇനിയൊട്ട് ഉയർത്തുകയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്‍റിലെ തുറന്ന സംവാദങ്ങളെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നിരന്തരം തടസപ്പെടുത്തുന്നുവെന്നും ജനം തള്ളിയ ഇക്കൂട്ടർ സഭയെ കൂടി മലീമസപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവ എം പിമാർക്ക് ഈ ബഹളത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.
ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ലെന്ന് തുറന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിൽ ശരിയായ വിലയിരുത്തൽ നടത്തുമെന്നും ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതോടൊപ്പം പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെയാണെന്നും സ്ഥാന മാറ്റം വ്യക്തിപരമല്ല പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും അത് അതനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവർത്തനത്തിൽ വീഴ്ചകൾ ഉണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണമെന്നും ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രാജിവക്കണമെന്ന വാർത്ത തള്ളി ബിജെപി ദേശീയ നേതൃത്വം. ആരും രാജിവെക്കുന്നില്ലെന്നും ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് എൽഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹത്തിൻ്റെ കുറിപ്പിലുണ്ട്.
കേരളത്തിലെ ബി.ജെ.പി ശക്തികേന്ദ്രമായ പാലക്കാട് തിരിച്ചടിയുണ്ടാവാന്‍ കാരണം ശോഭാ സുരേന്ദ്രന്‍ പക്ഷമാണെന്നാണ് സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്. ശോഭയുടെ ഡ്രൈവര്‍ വോട്ടുമറിക്കാന്‍ കൂട്ടുനിന്നു എന്നായിരുന്നു പ്രധാന ആരോപണം. പാലക്കാട്ടെ പരാജയം ശോഭ സുരേന്ദ്രന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതായി ശോഭാപക്ഷവും ആരോപിക്കുന്നുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ. ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും, സ്ഥാനാർത്ഥി നിർണയം നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു. സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട് ഇംഗ്ലീഷിലാണ് നൽകിയത് എൻ ശിവരാജന്‍ കണ്ടുകാണില്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ സി കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു.
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെതിരേയും വിമർശനവുമായി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണെന്നും അത് കൗൺസിലർമാരുടെ തലയിൽ കെട്ടി വെക്കേണ്ടെന്നും രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണം എന്ന് ആറ് മാസം മുൻപ് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയില്‍ നഗരസഭയ്ക്ക് പിഴവില്ലെന്ന് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിയെന്നും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ലെന്നും അവർ പറഞ്ഞു. നഗരസഭ ഭരണത്തില്‍ പാളിച്ച ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാറിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും ഒരേ ആള്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായത് പ്രതിസന്ധിയായിയെന്നും പ്രമീള ശശിധരന്‍ പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വയനാട്ടിൽ എൽഡിഎഫിന് ഉണ്ടായത് ഗുരുതര വോട്ട് ചോർച്ചയെന്ന് ബൂത്തുതല കണക്കുകൾ. ബത്തേരിയിലെ 97 ബൂത്തുകളിൽ ബിജെപിക്ക് പുറകിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യൻ മൊകേരി. മാനന്തവാടിയിൽ 39 ബൂത്തുകളിലും കൽപറ്റയിൽ 35 ബൂത്തുകളിലും മൂന്നാം സ്ഥാനത്തുമാണ് അദ്ദേഹത്തിൻ്റെ സ്ഥാനം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രക്ഷാധികാരി ആയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്നും ബിജെപിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന വോട്ടുകൾ സതീശന്റെ പ്രസ്താവന വഴി അവർക്ക് ലഭിച്ചുവെന്നും റിയാസ് പറഞ്ഞു.
വർഗീയ ശക്തികളുടെ വോട്ടുകൾ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്പിൽ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകൾ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തൻ്റെ തുടർച്ചക്കാരനെന്ന മേൽവിലാസത്തിലാകില്ല രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് പ്രവർത്തിക്കുകയെന്നും വികസനത്തിൽ പുതിയ മാതൃക രാഹുൽ മുൻപോട്ട് വയ്ക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മുസ്ലിം ലീഗിനെതിരായ വിമർശനത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി. ലീഗിനെതിരെ വിമർശനം ഉണ്ടാകും ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത് ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ് ഇന്ന് വന്ന കണക്ക് പ്രകാരം എൽഡി എഫ് പലയിടത്തും മൂന്നാമതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വിമർശിച്ചിട്ടില്ലെന്നു ആവർത്തിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തന്റെ വാക്ക് മാധ്യമങ്ങളാണ് വളച്ചൊടിച്ചതെന്നും താൻ ഉദ്ദേശിച്ചത് പിണറായി വിജയനെ ആണെന്നും അദ്ദേഹം ഇന്നും ആവർത്തിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിലപാടാണ് തനിക്കുമുള്ളതെന്നും ഒരു ആശയകുഴപ്പവും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിംഗിൽ ഹാജരാകാതിരുന്ന ആറ് ഓഫീസർമാർക്ക് സമൻസ് അയച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുവീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്എച്ച്ഒ എന്നിവർക്കുമാണ് സമൻസ് അയച്ചിരിക്കുന്നത്.
കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. ഇതോടെ കേസിൽ ആകെ അറസ്റ്റിൽ ആയവരുടെ എണ്ണം 12 ആയി.
തിരുവല്ല മുത്തൂരിൽ കഴുത്തിൽ കയർ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ മരം മുറിക്കാൻ നഗരസഭയിൽ നിന്ന് കരാറെടുത്ത കവിയൂർ സ്വദേശി പി കെ രാജൻ അറസ്റ്റിലായി. കരാറുകാരനാണ് അപകടത്തിന്‍റെ ഉത്തരവാദിത്വമെന്നും സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായെന്നും പൊലീസ് പറയുന്നു.
വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന. നോര്‍ത്ത് സോണിന്റെ കീഴില്‍ വരുന്ന ജില്ലകളായ കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വ്യാപക പരിശോധനകള്‍ നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
അങ്കണവാടിയിൽ വീണതിനെ തുടർന്ന് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും സസ്പെൻഡ് ചെയ്തു. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്ന സംഭവത്തിൽ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയിൽവേ പാളത്തിലേക്ക് പോവുകയായിരുന്നു. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നത്.
പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ലെന്ന് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി സ്ഥാനം തുടക്കത്തിൽ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഏക്നാഥ് ഷിൻഡേ. മഹാരാഷ്ട്രയിൽ ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകളാണ് നേടിയത്. ഈ സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാട് പാർട്ടിയിൽ ശക്തമാകുകയാണ്.
ബെലാറസ് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ പാകിസ്ഥാനെ സ്തംഭിപ്പിച്ച് ഇമ്രാൻഖാൻ അനുകൂലികളുടെ പ്രക്ഷോഭം. മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തലസ്‌ഥാനമായ ഇസ്ലാമാബാദിലേക്ക് മാർച്ച് ചെയ്യുന്നത്. മാർച്ച് ആരംഭിച്ചതോടെ നഗരത്തിന്റെ അതിർത്തികൾ അടച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാൻ.
റഷ്യയില്‍ നിന്നുള്ള യാത്രാവിമാനത്തില്‍ തീപിടിത്തം. ഞായറാഴ്ച തുര്‍ക്കിയിലെ അന്‍റാലിയ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തില്‍ തീപടര്‍ന്നത്.
89 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ പുറത്തിറക്കി. റഷ്യയിലെ അസിമുത്ത് എയര്‍ലൈന്‍സിന്‍റെ സുഖോയി സൂപ്പര്‍ജെറ്റ് 100 വിമാനത്തിലാണ് തീപടര്‍ന്നത്.
ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം മഴയാണ് സൌത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും ചുരുങ്ങിയ സമയത്ത് പെയ്തതെന്നും ജീവന് ആപത്കരമായ സാഹചര്യമാണ് നേരിടുന്നതെന്നും സൌത്ത് വെയിൽസിലെ രക്ഷാപ്രവർത്തകർ പ്രതികരിച്ചു.
അമേരിക്കയിൽ ലിസ്റ്റീരിയ അണുബാധ പടരുന്നു. അണുബാധ നിമിത്തം ഇരട്ടക്കുട്ടികളിൾ ഒരാൾ മരിക്കുക കൂടി ചെയ്തതിന് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പുമായി ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അണുബാധക്ക് കാരണമായെന്ന് കരുതുന്ന യു ഷാങ് ഫുഡ് പ്രൊഡക്ടസിന്റെ റെഡി ടു ഈറ്റ് മീറ്റ് വിഭവങ്ങൾ യുഎസ് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് തിരിച്ചുവിളിച്ചിരിക്കുകയാണ്.
മൂന്നാം ലോക മഹായുദ്ധം ഇതിനകം തുടങ്ങിയെന്ന് യുക്രൈന്‍റെ മുൻ സേനാ മേധാവി വലേരി സലുഷ്നി. വൻശക്തികളായ റഷ്യയും യുഎസും യുക്രൈൻ യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകുന്നത് ഇത് തെളിയിക്കുന്നുവെന്നും ഉത്തര കൊറിയ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഈ യുദ്ധത്തിൽ റഷ്യയുടെ പക്ഷത്താണെന്നും സലുഷ്നി പറയുന്നു.