വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവിൽ സാധ്യതമായ വഴിയെന്നും ഇക്കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നൽകിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്.
വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ലോക മാതൃകയിൽ പുനരധിവാസം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണെന്നും വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയിൽ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യര്‍ ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക്. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരനും വി ഡി സതീശനടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹവും കരുതലും പ്രതീക്ഷിച്ചുവെന്നതാണ് തന്റെ തെറ്റെന്നും സന്ദീപ് പറഞ്ഞു. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഒരു വര്‍ഷക്കാലം നടപടി നേരിട്ടുവെന്നും താനിന്ന് ഈ നിമിഷം കോൺഗ്രസിന്റെ ത്രിവര്‍ണ്ണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യർക്ക് ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ കിട്ടട്ടെ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ കോൺഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കുന്നില്ലെന്നും സന്ദീപിനെതിരെ നേരത്തെയും പാർട്ടി നടപടി എടുത്തതാണ് ആ നടപടി ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ലെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൾ വാഴട്ടെ എന്ന് ആശംസിക്കുകയാണെന്നും സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ സുധാകരനോടും സതീശനോടും വീണ്ടും വീണ്ടും അഭ്യർത്ഥിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയത് നല്ല കാര്യമെന്ന് കെ മുരളീധരൻ. രണ്ടാഴ്ച മുൻപ് വരാമായിരുന്നു. പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് പോകാമായിരുന്നുവെന്നും രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. സ്നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് എപ്പോഴും നിലനിർത്തണമെന്നും വീണ്ടും വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യരെ പോലൊരു വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് സി.പി.എം നേതാവ് എം.ബി. രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍കൊണ്ട് നടക്കട്ടെയെന്നും അത്തരമൊരാളെ എടുക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളിപൊളിച്ചിടത്തേക്ക് വെള്ളി ഇഷ്ടിക സംഭാവന ചെയ്ത പാര്‍ട്ടിക്ക് നല്ല മുതല്‍ക്കൂട്ടായിരിക്കും സന്ദീപെന്നും എം.ബി രാജേഷ് പറഞ്ഞു.
ബിജെപി വിട്ട് കോൺഗ്രസിൽ അംഗത്വമെടുത്ത സന്ദീപ് വാര്യരെ കുറിച്ച് ചാനൽ ചര്‍ച്ചകളിലെ സ്ഥിരം എതിരാളിയായിരുന്ന ജ്യോതികുമാർ ചാമക്കാല. ചാനൽ ചര്‍ച്ചകളിലെ ബിജെപിയുടെ സ്ഥിരം പ്രതിനിധിയായിരുന്ന സന്ദീപ് വാര്യരോട് ചർച്ചകൾക്കിടെ രൂക്ഷമായി വഴക്കിട്ടിട്ടുണ്ട് പക്ഷേ പിണക്കമില്ലെന്നും നല്ലൊരു എതിരാളിയെ നഷ്ടമായ സങ്കടം മാത്രമേ ഉളളുവെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു.
ബിജെപി നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ ആണെന്നും ചര്‍ച്ചകള്‍ക്ക് പാലമായത് കെപിഎസ്ടിഎ മുൻ അധ്യക്ഷൻ ഹരി ഗോവിന്ദാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അതീവ രഹസ്യമായി സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്.
മുങ്ങാൻ പോകുന്ന കപ്പലിൽ ആണ് സന്ദീപ് വാര്യര്‍ കയറിയതെന്നും സ്നേഹത്തിന്റെ കടയിൽ അല്ല അംഗത്വമെടുത്തതെന്നും വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നും ബി ജെ പി നേതാവ്പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. ഇനി ഇത്രയും കാലം പറഞ്ഞതൊക്കെ വിഴുങ്ങേണ്ടയെന്നും ഇപ്പോഴെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
എൽഡിഎഫിനും യുഡിഎഫിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസ് വർഗീയ പ്രചാരണം നടത്തുന്നുവെന്നും എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അതോടൊപ്പം എൽഡിഎഫ് പിഡിപിയുമായി സഖ്യത്തിലാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എസ്ഡിപിഐ വീടുകളിലും ആരാധനാലയങ്ങളിലും ലഘുലേഖ വിതരണം ചെയ്തുവെന്നും തൃശൂർ ആവർത്തിക്കാൻ അനുവദിക്കരുതെന്നാണ് ലഘുലേഖയിലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും ഇപ്പോൾ നടക്കുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ശരത് പവർ ആവശ്യപ്പെട്ടാൽ മാറാൻ തയ്യാറാണെന്ന തന്റെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രി മാറ്റം സംബന്ധിച്ചുള്ള നീക്കങ്ങൾ വീണ്ടും നടക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും എൻസിപിയിൽ തോമസ് കെ തോമസ് വിഭാഗമെന്നും എ.കെ ശശീന്ദ്രൻ വിഭാഗമെന്നുമുള്ള രണ്ട് വിഭാഗങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ചരിത്രത്തിലില്ലാത്ത യാതനകളാണ് വയനാട്ടുകാർ ഇതിനകം അനുഭവിച്ചത് എന്നാൽ വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര സർക്കാർ സമീപനം കൊടും ക്രൂരതയെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വയനാടിനായി കേന്ദ്രത്തിൽ നിന്നും ആവശ്യമായ ഫണ്ട് നേടിയെടുക്കാൻ സംസ്ഥാന സർക്കാർ ഇടപെടുകയും പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുകയും വേണമെന്നും യു.ഡി.എഫും മുസ്ലിം ലീഗും ഈ ഉദ്യമത്തിനൊപ്പമുണ്ടെന്നും വയനാടിന്റെ കണ്ണീരൊപ്പാൻ ഒന്നായി നിൽക്കാമെന്നും പാണക്കാട് തങ്ങൾ പറഞ്ഞു.
പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയിൽ 3 തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ സുധാകരൻ പറഞ്ഞു. പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ് വിജയത്തിന്റെ സൂചനയാണെന്നും 6000 വോട്ടുകൾ യുഡിഎഫ് ചേർത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് ശശി തരൂർ എംപി. കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തിൽ സജീവമാണെന്ന് പറഞ്ഞ തരൂർ കേരളത്തിൽ തന്റെ സാന്നിധ്യം വേണമെന്ന് പാർട്ടി പറഞ്ഞാൽ മാറി നിൽക്കില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് വന്നാൽ അപ്പോൾ നോക്കാമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
മുനമ്പം ഭൂമി പ്രശ്നത്തിൽ പാണക്കാട് റഷീദലി തങ്ങൾക്കെതിരെ വഖഫ് ബോർഡ് മുൻ ചെയർമാൻ ടി കെ ഹംസ. മുനമ്പത്തെ കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ച സംഭവത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഏകപക്ഷീയമായ അധികാരം നൽകിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ കാലത്താണെന്ന് ടികെ ഹംസ പറഞ്ഞു. ഇതിനു പിന്നിലുള്ള താൽപര്യം പരിശോധിക്കണമെന്നും ടികെ ഹംസ ആവശ്യപ്പെട്ടു.
മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച 1,83,000 രൂപ വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്തതിന് തിരുവനന്തപുരം ജില്ലയിലെ മുൻ നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കെ സുകുമാരനെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി.
സംസ്ഥാനത്തെ ഭരണ രംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി എന്ന് ഉപയോഗിക്കേണ്ടെന്ന് ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ നിർദേശം. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് വകുപ്പ് ജോയിന്റ് സെക്രട്ടറി സർക്കുലറും ഇറക്കിയിട്ടുണ്ട്. ഭാഷാ മാർഗ നിർദേശക സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്.
ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. കൊയിലാണ്ടിയിൽ വോട്ടർമാരെയുമായി വന്ന മൂന്ന് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ വാഹനങ്ങളുടെ ചില്ല് തകർന്നു. കോഴിക്കോട് കോവൂരിലും വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനെത്തിയ രണ്ട് വാഹനങ്ങളാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
തിരുവനന്തപുരം നഗരസഭയിൽ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. കയറും പെട്രോൾ നിറച്ച കുപ്പിയുമായാണ് തൊഴിലാളികളുടെ പ്രതിഷേധം.
കൊല്ലത്ത് സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഏഴ് വർഷം കഠിനതടവിന് കൊല്ലം അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ശിക്ഷ വിധിച്ചു. 2012 ജനുവരിയിൽ കണ്ണനല്ലൂരിൽവച്ചാണ് സിപിഎം പ്രവർത്തകരായ രഞ്ജിത്ത്, സെയ്ഫുദ്ദീൻ എന്നിവരെ പ്രതികൾ ആക്രമിച്ചത്. സിപിഎം സമ്മേളനത്തിന്റെ കൊടി കെട്ടിയ ശേഷം വീട്ടിലേക്ക് പോയ പ്രവർത്തകരെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്താൻ ശ്രമിക്കുകയായയിരുന്നു.
കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. ചെറിയ കുട്ടികൾ ആയതിനാൽ തനിക്ക് പരാതി ഇല്ലെന്നും എ എസ് ഐ വ്യക്തമാക്കി.
ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 1 മുതല്‍ ഏഴ് വരെ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റേഡിയം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. റാലി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച യോഗം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3500 ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്.
സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി കേസ് പരിഗണിക്കും. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. അതസമയം റഹീമിന്റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായി.
യുകെയില്‍ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിന്‍ മത്തായി (41) ആണ് മരിച്ചത്. ലങ്കാഷെയറിന് സമീപം ബ്ലാക്ബേണിലെ നഴ്സിങ് ഹോമിലെ ജോലിക്കിടെയായിരുന്നു സംഭവം.
തിരുനെൽവേലിയിൽ അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ പുലർച്ചെ ആണ് സംഭവം. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് എറിഞ്ഞത് ആക്രമണത്തിൽ ആർക്കും പരിക്കില്ല. ചിത്രത്തിൻ്റെ പ്രദർശനത്തിനെതിരെ കഴിഞ്ഞദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു.
കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് ദാരുണമായ അപകടമുണ്ടായത്. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ദമ്പതികളും അവരുടെ കുടുംബാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു.
നൈജീരിയ, ബ്രസീൽ, ഗയാന എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച മോദിയുടെ സന്ദർശനവേളയിൽ നടക്കും. ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ബ്രസീലിൽ നിന്ന് ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും.
നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിർദേശാനുസരണം ഇറാൻ നയതന്ത്ര പ്രതിനിധിയുമായ എലോൺ മസ്ക് ചർച്ച നടത്തിയതായി റിപ്പോർട്ട്. ട്രംപിന്റെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ആരംഭമാണ് ചർച്ചയെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോക്സിങ് റിങ്ങിലേക്കുള്ള മടങ്ങിവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസണ്‍ തോല്‍വി. ബോക്സിങ് താരമായി മാറിയ പഴയ യൂട്യൂബര്‍ 27 കാരനായ ജേക്ക് പോളിനോടായിരുന്നു 58-കാരനായ ടൈസന്റെ തോല്‍വി. ടെക്സാസിലെ ആര്‍ലിങ്ടണിലെ എ.ടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രായത്തിന്റേതായ അവശതകള്‍ ടൈസണെ ബാധിച്ചിരുന്നു. എങ്കിലും ആദ്യ രണ്ട് റൗണ്ടിലും മികച്ച പ്രകടനം നടത്താന്‍ ടൈസണായി. ഒടുവില്‍ എട്ടുറൗണ്ടുകള് പൂര്‍ത്തിയായപ്പോള്‍ ജേക്കിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.