2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവച്ചു. യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കി കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നിയമം ശരിവെച്ചത്. ഏതെങ്കിലും നിയമ നിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ലെന്ന് യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു.
മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭൂമി ഹിന്ദു മുസ്‌ലിം പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നതാണ് വഖഫ് ഭൂമി പ്രശ്നമെന്നും, ഇന്ത്യയിലാകമാനം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട് ഏത് തരം ഭൂമിക്ക് മേലും അവകാശം ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നു. പരാതിയുണ്ടായാൽ കോടതിയെ പോലും സമീപിക്കാൻ ആവുന്നില്ല വഖഫ് ബോർഡിനെ തന്നെ സമീപിക്കണമെന്നതാണ് സ്ഥിതിയെന്നും മുനമ്പത്ത് നിന്ന് ആളുകൾ ഒഴിക്കാനാണ് വഖഫ് ബോർഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം പാർട്ടി നയം മാറ്റുന്നുവെന്ന വാർത്തകൾ തള്ളി സിപിഎം നേതാക്കൾ. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചർച്ച ചെയ്യൂവെന്നും, കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന അവലോകനമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. റിപ്പോർട്ട് മഠയത്തരമെന്നും , പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നതെന്നും പിബി അംഗമായ എംഎ ബേബിയും വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് സിപിഎമ്മിന്‍റെ നയം മാറ്റം വിശദീകരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ പ്രവർത്തനം പാർലമെൻറിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് പി പി ദിവ്യ. ജാമ്യാപേക്ഷയിൽ കോടതിയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വാദിച്ചത്. കൈക്കൂലി നൽകിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി പി പി ദിവ്യ ഉന്നയിക്കുന്ന വാദങ്ങൾ.
മൂന്ന് മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് വെൽഫെയർ പാർട്ടി. സംഘ്പരിവാറിനെ പരാജയപ്പെടുത്താനും ഇടതു സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുമാണ് യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇടതുപക്ഷം ഇപ്പോൾ സ്വീകരിക്കുന്നതെന്നും വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി.
സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും. സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്നം ടിപി രാമകൃഷ്ണൻ പറഞ്ഞു. സരിനെ പോലെ അല്ല സന്ദീപെന്നും , സരിൻ ഇടതു നയം അംഗീകരിച്ചു വന്നയാളാണ് ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അതോടൊപ്പം സന്ദീപ് ഇടത് നിലപാട് സ്വീകരിച്ചു വന്നാൽ സ്വാഗതം ചെയ്യുമെന്ന് എംവി ഗോവിന്ദനും പറഞ്ഞു.
സന്ദീപ് വാര്യയരെ ഒതുക്കാൻ പറ്റുന്നത്ര വലിയ ആളല്ല താനെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ. ഒരു ബൂത്ത് പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് തനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്. ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതിജീവിക്കുമെന്നും സന്ദീപ് ഉയർത്തിയ വിഷയങ്ങളൊന്നും പാലക്കാട് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ മുരളീധരനെതിരെ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ മുരളീധരൻ ഇതുവരെ പാലക്കാട് പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ലെന്നും, പാലക്കാട് പ്രചാരണത്തിറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ മകൻ ആയതുകൊണ്ട് അച്ചടക്ക ലംഘനത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും പാർട്ടിയിൽ അവഗണിക്കപ്പെടുന്നുവെന്ന മുരളിയുടെ പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഇറങ്ങിയത് മുതൽ നിയമസഭയിലേക്കും പാർലമെന്റിലേക്ക് മാറിമാറി മത്സരിക്കുന്ന ആളാണ് മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.
തൻ്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ലെന്ന് പദ്മജ വേണു ഗോപാൽ കെ കരുണാകരൻ്റെ സ്മൃതി കുടീരത്തിൽ രാഹുൽ എത്താത്തത് നന്നായി. അവിടെ രാഹുൽ എത്തുന്നത് മനസ് കൊണ്ട് അംഗീകരിക്കാൻ കഴിയില്ലെന്നും. കെ. മുരളീധരൻ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്. രാഹുലിനോടുള്ള അതൃപ്തി കാരണമാണ് പ്രചാരണത്തിന് എത്താൻ വൈകിയതെന്നും പദ്മജ പറഞ്ഞു.
ലീഡറുടെ കുടുംബത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്ന് രമേശ് ചെന്നിത്തല. അന്ന് രാഹുലിന്റെ പരാമർശത്തെ എതിർത്ത ഏക വ്യക്തിയാണ് താൻ. ആത്മാർത്ഥത കൊണ്ടാണ് അപ്പോൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചത്. അന്ന് പത്മജ ഈ കാര്യങ്ങൾ പറയണമായിരുന്നു. പത്മജ ഇപ്പോൾ ഇതൊക്കെ പറയുന്നത് വോട്ട് ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല തീർത്ഥാടനത്തിനായി വരുന്നവർക്ക് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു . ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തു .
കേരള പി എസ് സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതിയുടെ വിമർശനത്തിന് കാരണം. ഇത്തരം കാര്യങ്ങളിൽ സ്ഥിരത വേണമെന്നും , 12000 പേരുടെ ഭാവിയെ വച്ച് കളിക്കരുതെന്നും കോടതി പറഞ്ഞു. തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ എത്തിയത്.
തലസ്ഥാനത്തെ സൗത്ത്, സെൻട്രൽ, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ വെട്ടിച്ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണമെന്നും ശശി തരൂർ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു.
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി ആക്കാമെന്നുള്ള റെയില്‍വെ മന്ത്രിയുടെ നിര്‍ദ്ദേശം അംഗീക്കരിക്കാനാവില്ലെന്ന് കെ.സി. വേണുഗോപാൽ എംപി. വന്ദേഭാരത് എക്‌സ്പ്രസ് കടന്ന് പോകാന്‍ എറണാകുളം-കായംകുളം പാസഞ്ചര്‍ സ്ഥിരമായി പിടിച്ചിടുന്നതിലുള്ള ബുദ്ധിമുട്ട് റെയില്‍വെ മന്ത്രിയെ അറിയിച്ചപ്പോഴാണ് റൂട്ട് മാറ്റാമെന്ന് മന്ത്രി നിർദേശിച്ചത്. എന്നാൽ ഇത് അപ്രായോഗികമാണെന്നും നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയെന്നും വേണുഗോപാൽ അറിയിച്ചു.
അച്ചടക്ക ലംഘനത്തെ തുടർന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന പുറത്താക്കി. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് നടപടി. എന്നാൽ തനിക്ക് നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയതാണ് തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര പറഞ്ഞു. തനിക്ക് നേരിട്ട ദുരനുഭവത്തില്‍ തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സാന്ദ്ര പറഞ്ഞു.
വയനാട് പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചരിഞ്ഞു. വൈദ്യുതി നിലച്ചത് പരിശോധിക്കാൻ പോയ കെ എസ് ഇ ബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വലിയ ശബ്ദം കേട്ടതിനെ തുടർന്ന ഉടനെ വൈദ്യുതി ബന്ധം നിലക്കുകയായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
വടകര നഗരത്തിലെ കടകളില്‍ വ്യാപക മോഷണം. ന്യൂ ഇന്ത്യ ഹോട്ടലിന് സമീപത്ത് നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള വനിതാ റോഡിലെ 14 കടകളിലാണ് മോഷണം നടന്നത്. മാര്‍ക്കറ്റ് റോഡിലെ റോയല്‍ ലോട്ടറി കടയുടെ വരാന്തയില്‍ കണ്ട രക്തക്കറ മോഷ്ടാവിന്റേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വടകര പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. താമരശ്ശേരി ചുങ്കം സ്വദേശി ബാബുവാണ് പിടിയിലായത്. ഇയാളുടെ കല്ലേറില്‍ ബസ്സിന്റെ പിന്‍വശത്തെ ഡോറിലെ ചില്ല് തകര്‍ന്നു. ഇതിന് മുന്‍പ് ഇതേ പരിസരത്ത് വെച്ച് ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരുവാലിയിൽ പൂവ്വത്തിക്കുന്നിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ ചുങ്കത്തറ സ്വദേശി ആദിൽ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടം നടന്ന ഉടനെ ആദിലിനെ നിലമ്പൂര്‍ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഔദ്യോഗിക കൃത്യനിർവഹണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ മരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ എൻ ഷാനിദ(37) ആണ് മരിച്ചത്. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്സൈസ് ഓഫിസറായിരുന്നു.
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 ന് ശ്രീകാര്യം ഇളംകുളത്തു വെച്ചായിരുന്നു അപകടം.
എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാൻ അനുവദിക്കുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി.
തിരുപ്പതി ദേവസ്ഥാനത്തിന്‍റ ഓഫീസുകളില്‍ അഹിന്ദുക്കളായ ജീവനക്കാര്‍ വേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ ബി ആർ നായിഡു. അഹിന്ദുക്കളായ നിരവധി പേർ ടിടിഡിയുടെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്ക് വിആർഎസ് നൽകാൻ ടിടിഡി ദേവസ്വം നോട്ടീസ് നൽകുമെന്നും സ്വമേധയാ വിരമിക്കാൻ തയ്യാറാകാത്തവരെ ആന്ധ്ര സർക്കാരിന്‍റെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നും നായിഡു വ്യക്തമാക്കി.
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് 35,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ദൂരം അധികമാക്കി കാണിച്ച് അധികനിരക്ക് ഈടാക്കിയതിനാണ് നടപടി. ഹൈദ്രാബാദുകാരനായ യൂസറിനോട് അന്യായമായ ചാർജ്ജ് സ്വിഗ്ഗി ഈടാക്കിയതിന് പിന്നാലെയാണ് നടപടി. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്.
തമിഴ്നാട്ടിൽ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കർമാരും അറസ്റ്റിൽ. ഈറോഡ് സ്വദേശി സന്തോഷ് കുമാർ (28), ആർ സെൽവി (47), എ സിദ്ദിക ബാനു (44), എസ് രാധ (39), ജി രേവതി (35) എന്നിവരാണ് അറസ്റ്റിലായത്. പണത്തെ ചൊല്ലി കുഞ്ഞിന്‍റെ അമ്മയും അച്ഛനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം പുറത്തുവന്നത്.
കാനഡയിൽ ആക്രമണം നടന്ന ക്ഷേത്രത്തിന് മുൻപിൽ ഇന്ത്യൻ വംശജർ ഇന്ത്യൻ പതാകയുമായി ഒത്തുകൂടി. ഇന്നലെ ഖലിസ്ഥാൻ സംഘടനയുടെ പ്രകടനത്തിൽ കനേഡിയൻ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പങ്കെടുത്തത് വലിയ വിവാദമായി. ഈ പൊലീസുകാരനെ സസ്പെൻഡ് ചെയ്തതായി കാനഡ വ്യക്തമാക്കി.
ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 96 കോടി കടന്നു. അമേരിക്ക, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് വയര്‍ലെസ് കണക്ഷനെയാണ്. ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ പുത്തന്‍ നാഴികക്കല്ലിലെത്തിയ സന്തോഷം ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതം തിങ്കളാഴ്ച രാത്രിയിൽ പൊട്ടിത്തെറിച്ചു. രണ്ട് കിലോമീറ്ററിലേറെ ഉയരത്തിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ ഉയർന്ന് പൊന്തിയത്. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങളാണ് അഗ്നിപർവ്വത സ്ഫോടനത്തിൽ കത്തി നശിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ആരാണെന്ന പ്രവചനം നടത്തി വൈറലായ കുള്ളൻ ഹിപ്പൊപ്പൊട്ടാമസ് മൂ ഡെംഗ്. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിനേയാണ് വൈറൽ ഹിപ്പോ മൂ ഡെംഗ് തെരഞ്ഞെടുത്തത്. തായ്ലാൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാലയിൽ ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയത്. പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളിൽ ഇരു സ്ഥാനാർത്ഥികളുടേയും പേരുകൾ എഴുതിയാണ് മൃഗശാല അധികൃതർ മൂ ഡെംഗിന് മുൻപിൽ വച്ചത്. ഇതിൽ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്കാണ് മൂ ഡെംഗ് തെരഞ്ഞെടുത്തത് .