വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുന്നു. പുനരധിവാസം വൈകുന്നത് ഉൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂർത്തിയാകുമ്പോഴാണ് ദുരന്തബാധിതർ സമര രംഗത്ത് ഇറങ്ങുന്നത്. മൂന്ന് വാർഡുകളിലെ മുഴുവൻ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും , കേന്ദ്രസർക്കാർ ഉടൻ പാക്കേജ് അനുവദിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
എഡിഎം ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു . യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെയാണെന്നും എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ദിവ്യയുടെ മൊഴിയിലുണ്ട്.
പിപി ദിവ്യ ജാമ്യാപേക്ഷയുമായി ഇന്ന് തലശ്ശേരി കോടതിയെ സമീപിക്കും. കണ്ണൂർ കളക്ടറുടെ മൊഴിയടക്കമുള്ളവയാണ് ജാമ്യത്തിനായി ദിവ്യയുടെ പുതിയ വാദങ്ങൾ. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ടെന്നും , പ്രശാന്തിനെ സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവ് കൈക്കൂലി ആരോപണം ശരിവെക്കുന്നതാണെന്നും പ്രശാന്തിന്‍റെ മൊഴി കോടതിയിൽ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്നും ദിവ്യ ചോദിക്കുന്നു.
എഡിഎമ്മിൻ്റെ മരണത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പിപി ദിവ്യക്കെതിരെ സംഘടനാ നടപടി എടുക്കുന്നത് കണ്ണൂരിലെ പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. എഡിഎമ്മിൻ്റെ ഭാര്യ മഞ്ജുഷയെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പദ്‌മ ചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് ദേശീയപാത വിഭാഗത്തിൽ ആയിരുന്നു പദ്‌മ ചന്ദ്രക്കുറുപ്പ്. പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്ന് പുതിയ എഡിഎം പറഞ്ഞു. സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും, വിവാദങ്ങൾ ഒന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ മികച്ച ഭാവിയുണ്ടാകുമെന്നും സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുമെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഒരിക്കലും പിവി അൻവറിനെപ്പോലെ ആകില്ല ഒരിക്കലും ഒരു കമ്യുണിസ്റ്റാകാൻ അൻവർ ശ്രമിച്ചിരുന്നില്ല. എന്നാൽ കമ്യൂണിസ്റ്റാകാൻ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുകയാണെന്നാരോപിച്ച് പാലക്കാട് വിമതർ കൺവൻഷൻ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻറ് സതീഷ് രംഗത്തെത്തി. സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സിപിഎം അംഗങ്ങളുടെയും അനുഭാവികളുടെയും സമാന്തര കൺവെൻഷൻ നടത്തിയതെന്നും സതീഷ് പറഞ്ഞു.
നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്.
സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്നും ഇക്കാര്യങ്ങൾ സ്ഥാപന മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട് .
പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്, സംസാരിക്കാനറിയാം ,അവർ പ്രവർത്തിച്ച് രക്ഷപ്പെടട്ടെ അല്ലാതെ ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട കാര്യമില്ലെന്ന് ജി സുധാകരന്‍. പ്രിയങ്കഗാന്ധിയെ ഇന്ദിരാഗാന്ധിയോട് ഉപമിക്കുന്നതിനെതിരെ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍. പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച സത്യൻ മൊകേരിയെപ്പറ്റി ഒരക്ഷരം കൊടുക്കുന്നില്ലെന്നും ഇവിടെ പ്രിയങ്ക ജയിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നുവെന്നും കഴിഞ്ഞ തവണ മൂന്നു ലക്ഷം ഭൂരിപക്ഷം കിട്ടിയതല്ലേയെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ്. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി പ്രതികരിച്ചു.
ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നുവെന്നും എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായെന്നും അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (61) ആണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്.
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു. നവംബർ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചത്. നേരത്തേ നവംബർ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്.
കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണം ആല്‍ഗല്‍ ബ്ലൂം എന്ന പ്രതിഭാസമാണെന്ന് നിഗമനം. ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതാണ് ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം. ഇത് കായലിലെ ഓക്സിജന്‍റെ അളവ് കുറയുന്നതിനും മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതിനും കാരണമാകും. അഷ്ടമുടി കായലിലെ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് ഒരേ ഇനത്തിൽ പെട്ട മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ബെവ്കോയ്ക്ക് വാടകയ്ക്ക് നൽകാൻ കെട്ടിടമുണ്ടെങ്കിൽ ഉടമകൾക്ക് നേരിട്ട് അറിയിക്കാം. വെബ്സൈറ്റിൽ കെട്ടിട ഉടമകൾക്ക് കെട്ടിടം സംബന്ധിച്ച വിവരങ്ങൾ നൽകാൻ സൗകര്യമൊരുക്കി. ബിവറേജസ് കോര്‍പറേഷൻ വെബ് സൈറ്റിൽ ബെവ് സ്പേസ് എന്ന ലിങ്ക് വഴി കെട്ടിടം ഉടമയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പേരും വിലാസവും ഫോട്ടോയും ബന്ധപ്പെട്ട രേഖകളും എല്ലാം ഈ ലിങ്കിൽ നൽകണം. ബെവ്കോ അധികൃതര്‍ ആവശ്യം അനുസരിച്ച് കെട്ടിടം ഉടമയെ നേരിട്ട് വിളിക്കുമെന്നാണ് വിവരം.
ആലപ്പുഴയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണം പൊലീസിനെയേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. തുറവൂർ പഞ്ചായത്ത് ഒൻപതാംവാർഡ് വളമംഗലം പീടികത്തറയിൽ ബിനീഷാണ് റോഡരികിൽനിന്നു കിട്ടിയ ഒരു ലക്ഷം രൂപ കുത്തിയതോട് പൊലീസിനെ ഏൽപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം പിൻവലിക്കണമെന്നും സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കി. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍.തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കുമെന്നും ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
കൊല്ലം ചിതറയിൽ സുഹൃത്തായ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഹദിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആഭിചാര ക്രിയകൾ പിന്തുടർന്നിരുന്ന പ്രതി മയക്കുമരുന്നിന്റെ ലഹരിയിൽ ഇർഷാദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സഹദിന്‍റെ വീട്ടിൽ നിന്ന് എയർ ഗണ്ണും കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തി.
എറണാകുളം കാക്കനാട് ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരി മരിച്ചു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. രാവിലെ 7.30നായിരുന്നു കാക്കനാട് ജഡ്ജിമുക്കിലെ അപകടം. 22 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരവധി മലയാളം ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ് നിഷാദ്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ്പ്രധാന ചിത്രങ്ങൾ. മമ്മൂട്ടി നായകനാകുന്ന ബസൂക്ക, സൂര്യ നായകനാകുന്ന കങ്കുവ എന്നിവയാണ് നിഷാദിന്റെ റിലീസ് ആകാനുള്ള ചിത്രങ്ങൾ.
മലപ്പുറം വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക വിവരം.
രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി ജാമ്യം നൽകണമെന്ന് കാട്ടിയാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനുള്ള മെഡിക്കൽ രേഖകളും ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് ദർശന് കോടതി ജാമ്യം അനുവദിച്ചത്.
യുഎഇയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചതിന് ജയിലിലായ മൂന്ന് ഈജിപ്ഷ്യൻ കളിക്കാർക്ക് മാപ്പ് നൽകി. യുഎഇ പ്രസിഡന്റാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. യുഎഇയും ഈജിപ്തും തമ്മിലുള്ള സാഹോദര്യ ബന്ധം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി ബെംഗളുരുവിൽ എത്തിയ ബ്രിട്ടീഷ് രാജാവ് ചാൾസും പത്നി കാമിലയും ഇന്ന് മടങ്ങും. വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ഹെൽത്ത് ആൻഡ് വെൽനസ് സെന്‍ററിൽ സുഖചികിത്സയ്ക്കായാണ് ചാൾസും പത്നിയും എത്തിയത്. തീർത്തും സ്വകാര്യ സന്ദർശനമായിരുന്നതിനാൽ മാധ്യമങ്ങളെ വിവരമറിയിച്ചിരുന്നില്ല. ഇന്ന് ചികിത്സ പൂർത്തിയാക്കി ചാൾസും കമിലയും മടങ്ങും.
ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയില്‍ പങ്കാളിയായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ആഞ്ജനേയ സേവാ ട്രസ്റ്റിന്‍റെ സംരംഭത്തിലേക്ക് ബോളിവുഡ് താരം ഒരു കോടി രൂപയാണ് സംഭവാന നല്‍കിയത്. തന്‍റെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, പരേതനായ മുതിർന്ന നടൻ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് അക്ഷയ് കുമാര്‍ സംഭാവന സമർപ്പിച്ചതെന്ന് അക്ഷയ് കുമാറിന്‍റെ ടീം അറിയിച്ചു.
സ്പെയിനിന്‍റെ തെക്കു കിഴക്കൻ ഭാഗങ്ങളിൽ ഇന്നലെ അതിശക്തമായ മഴ പെയ്തതിനെ തുടർന്ന് റോഡുകളെല്ലാം വെള്ളത്തിലായി. ചെളി നിറഞ്ഞ വെള്ളം കാരണം റോഡ് ഗതാഗതവും, റെയിൽ, വ്യോമ ഗതാഗതവും തടസ്സപ്പെട്ടു. മിന്നൽ പ്രളയത്തിന് പിന്നാലെ വാഹനങ്ങൾ ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്‌പെയിനിന്റെ കിഴക്കൻ മേഖലയായ വലൻസിയയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ എത്ര പേരാണ് മരിച്ചതെന്ന് വ്യക്തമല്ല.
ബോളിവുഡ് താരം സൽമാൻ ഖാനുനേരെ വീണ്ടും വധഭീഷണി. രണ്ടു കോടി പണം തരൂ, അല്ലെങ്കിൽ കൊല്ലപ്പെടും എന്നാണ് അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ വൈറ്റ്ഹൗസിന് മുന്നിൽ 50,000 പേരെ സാക്ഷിയാക്കി കമല ഹാരിസിന്‍റെ പ്രസംഗം. ഡോണൾഡ് ട്രംപ് ഭീതിയും വിദ്വേഷവും പരത്തുന്ന നേതാവെന്ന് കമല ഹാരിസ് കുറ്റപ്പെടുത്തി. അതേസമയം അവസാന അഭിപ്രായ സർവേകളിലും ഇരുനേതാക്കളും ഏകദേശം ഒപ്പത്തിനൊപ്പമാണ്.
നഈം ഖാസിം ഹിസ്ബുല്ലയുടെ പുതിയ മേധാവിയായതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്. ഇത് താത്ക്കാലിക നിയമനമാണെന്നും അധികകാലം നിലനിൽക്കില്ലെന്നുമാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചത്. കൗണ്ട്ഡൗൺ തുടങ്ങി എന്ന് മറ്റൊരു പോസ്റ്റിലും കുറിച്ചു. ലെബനനിലെ ബെയ്‌റൂട്ടിൽ ഈ മാസം 27ന് ഇസ്രയേൽ ആക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതോടെയാണ് ഖാസിമിനെ പുതിയ മേധാവിയായി ഹിസ്ബുല്ല പ്രഖ്യാപിച്ചത്.