ദി ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തിൽ മുഖ്യമന്ത്രി നടത്തിയത് ഏറ്റവും വേദനയുണ്ടാക്കുന്ന പരാമർശമെന്ന് കെസി വേണുഗോപാൽ. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനയാണിത്. അത് നടത്തിയിട്ട് 24 മണിക്കൂർ മുഖ്യമന്ത്രി മിണ്ടിയില്ല. അമളി പറ്റിയാൽ ധൈര്യമായി തിരുത്തണം. അല്ലെങ്കിൽ പി.ആർ ഏജൻസി ഉണ്ടെങ്കിൽ അത് ഉണ്ടെന്ന് തുറന്ന് പറയുകയാണ് വേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു. അതോടൊപ്പം വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തുന്നില്ല. സഹായം സംസ്ഥാന സർക്കാർ വാങ്ങിയെടുക്കണം. ഇത് വളരെ ഗൗരവമായി അവതരിപ്പിക്കേണ്ട വിഷയമാണ് ഇങ്ങനെ ആണോ ഇതൊക്കെ കൈകാര്യം ചെയ്യേണ്ടതെന്നും കെസി വേണുഗോപാൽ ചോദിച്ചു.

 

 

ദ ഹിന്ദുവിലെ അഭിമുഖത്തിന് ഇടനിലക്കാരനായ സിപിഎം മുന്‍ എംഎല്‍എ ടി കെ ദേവകുമാറിന്‍റെ മകന്‍ സുബ്രഹ്മണ്യന്‍ ഫ്രീലാന്‍സ് ജേര്‍ണ്ണലിസ്റ്റാണെന്ന സിപിഎം വാദം തെറ്റെന്ന് റിപ്പോർട്ട്. മാധ്യമങ്ങളുമായി ഒരു ബന്ധവുമില്ലെന്നും റിലയന്‍സ് ജീവനക്കാരനാണെന്നുമായിരുന്നു വിവാദം തുടങ്ങിയ വേളയില്‍ സുബ്രഹ്മണ്യൻ്റെ വെളിപ്പെടുത്തൽ. സുബ്രഹ്മണ്യന്‍ നിരന്തരം ആവശ്യപെട്ടതുകൊണ്ടാണ് അഭിമുഖം നല്‍കിയതെന്നും അദ്ദേഹം ഫ്രീലാന്‍സ് ജേര്‍ണ്ണലിസ്റ്റാണെന്നുമുള്ള വാദമാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലുയര്‍ന്നത്.

 

 

 

ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി എം ആര്‍ അജിത്കുമാര്‍ കണ്ടത് മഹാപാപമായി തോന്നുന്നില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൂരം കലക്കിയതിൽ ഡിജിപിയുടെ റിപ്പോർട്ട് എഡിജിപിക്ക് എതിരാണെന്നും മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അൻവറിന്‍റെ വിമർശനം ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണെന്നും എന്തായാലും അൻവറിന് പിന്നാലെ കൂടാൻ ആളുകൾ ഉണ്ട്.മലബാറിൽ അൻവറിന് സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

 

 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.

 

 

 

കാന്തപുരം വിഭാഗത്തിൻ്റെ വാരികയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമർശനം. എപിയുടെ വിദ്യാർത്ഥി വിഭാഗമായ എസ്എസ്എഫിന്റെ വാരികയായ രിസാലയിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോവുന്നതാണ് സിപിഎമ്മിന്റെ അടുത്തകാല സമീപനങ്ങളെന്നും , ജില്ലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആർഎസ്എസ് കൂടിക്കാഴ്ച്ചയും വാരികയിലെ എഡിറ്റോറിയൽ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

 

 

സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് സിപിഎം കടന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് സിപിഎം. പത്തിന് മുൻപ് പ്രഖ്യാപനം വരുമെന്ന് കണക്ക് കൂട്ടിയാണ് പാർട്ടിയുടെ നീക്കങ്ങൾ. 11 ന് സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച നടക്കുമെന്നാണ് വിവരം.

 

 

 

ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അഴിയൂര്‍ സ്വദേശികളായ ജാബിര്‍, നടുച്ചാലില്‍ നിസാര്‍, കല്ലമ്പത്ത് ദില്‍ഷാദ്, കുറ്റിയില്‍ അഫ്സല്‍, കൊടി സുനി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

 

 

 

ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടിയെന്നും. കണക്ക് അനുസരിച്ചു രാജ്യത്തെ ക്രിമിനൽ ജില്ലയാണ് മലപ്പുറമെന്നും കെ എം ഷാജി പറഞ്ഞു.

 

 

 

മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചെന്നു മുതിർന്ന ബിജെപി നേതാവ് സി കെ പദ്മനാഭൻ. മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുത്. കാട്ടിലെ പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

എഡിജിപി എംആർ അജിത് കുമാറുമാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലെ പരസ്യ പ്രതികരണങ്ങളിൽ സിപിഐക്കുള്ളിൽ കടുത്ത അഭിപ്രായ ഭിന്നത. മുന്നണി മര്യാദ പാലിക്കാത്ത പ്രതികരണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വാഹക സമിതിയിൽ നിലപാടെടുക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിക്ക് അപ്പുറം വക്താക്കൾ വേറെ വേണ്ടെന്നാണ് പ്രകാശ് ബാബുവിന് ബിനോയ് വിശ്വത്തിന്‍റെ മറുപടി.

 

 

 

 

കെഎസ്‍യു പ്രവർത്തകനു നേരെ എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി. ആലത്തൂർ എസ്‍ എന്‍ കോളേജിലെ കെഎസ്‍യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്‍ എഫ് ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. എസ്‍ എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍ എന്‍ കോളേജിലെത്തിയ എസ്‍ എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി.

 

 

 

 

ഒരു കപ്പലിൽനിന്ന് 10330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ്‌ നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു കപ്പലിൽനിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നർ നീക്കങ്ങളിൽ ഒന്നാണിത്.ട്രയൽ റൺ സമയത്ത് തന്നെ ഇത്രയധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തത് വിഴിഞ്ഞത്തിന്റെ മികവിന്റെ അടയാളമാണ്.

 

ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ് അന്വേഷണ സംഘത്തിന് കത്ത് നൽകി. കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. നോട്ടീസ് നൽകി വിളിപ്പിച്ച് സിദ്ദിഖിൻ്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

 

 

 

എ.ടി.എം. കവര്‍ച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി തൃശൂരിലെത്തിച്ചു. തൃശൂരിലെ മൂന്നു എ.ടി. എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളായ മേവാത്തി കൊള്ള സംഘത്തെയാണ് തമിഴ്‌നാട്ടില്‍നിന്ന് തൃശൂരിലെത്തിച്ചത്. ഇവരെ തൃശൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിനുശേഷം കോടതിയില്‍ ഹാജരാക്കി. എ.ടി.എം. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട് നാമക്കലില്‍ വച്ചാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.

 

 

 

കേൾവിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നൽകിയ ഹർജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീൽ പരിഗണിക്കവെ ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇപ്പോൾ ഈ പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തിയത് . ബധിരനെന്നോ കേൾവിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും കോടതി അഭിപ്രായപ്പെട്ടു.

 

 

 

ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.

 

 

 

സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു. സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം.

 

 

 

 

കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. ഇന്നലെ തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആനയുടെ പുതിയ പിണ്ഡം നോക്കി പുതുപ്പള്ളി സാധുവിനെ കണ്ടെത്തുകയായിരുന്നു. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ഒന്നുമില്ല. ഭയന്നുപോയതു കൊണ്ടാണ് ഓടിയതെന്നും ഷൂട്ടിങ്ങ് കഴിഞ്ഞതിനാൽ ആനയെ തിരിച്ചു കൊണ്ടുപോവുകയാണെന്നും ഉടമ വ്യക്തമാക്കി.

 

 

 

 

മുല്ലപ്പെരിയാർ അണക്കട്ടിൻ്റെ സുരക്ഷ ജോലിക്കായുള്ള കേരളത്തിലെ പൊലീസുകാർക്ക് പോകാൻ പുതിയ ബോട്ടെത്തി. 39 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബോട്ട് വാങ്ങി തേക്കടിയിലെത്തിച്ചത്. തേക്കടിയിൽ നിന്നും ബോട്ട് മാ‍ർഗ്ഗവും വള്ളക്കടവ് വഴി ജീപ്പിലുമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെത്താൻ കഴിയുക.

 

 

 

തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി, അരവിന്ദാക്ഷൻ എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റതെന്നാണ് വിവരം. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തി.

 

 

തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശാണ് മരിച്ചത്. അപകടം നടന്ന ഉടൻ യുവാവിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ അടുത്തിടെ ചെയ്തത് ഇന്ത്യൻ വ്യോമസേന നേരത്തെ ചെയ്തിട്ടുണ്ടെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്. 2019 ഫെബ്രുവരി 26-ന് പാകിസ്ഥാൻ അതിർത്തി കടന്ന് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിനെതിരെ നടത്തിയ ബാലാകോട്ട് ആക്രമണം അദ്ദേഹം ഉദാഹരിച്ചു. നസ്‌റല്ലയ്ക്ക് തുല്യനായ ഒരാളെ ഇല്ലാതാക്കാനുള്ള കഴിവ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ബാലാക്കോട്ട് ഓർമ്മിപ്പിച്ചത്.

 

 

 

മഹാരാഷ്‌ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മെട്രോ പാതയ്ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈന്‍ നഗരത്തിലെ ഗതാഗതകുരുക്കിന് കുറച്ചെങ്കിലും കുറവുണ്ടാക്കമെന്നാണ് പ്രതീക്ഷ.

 

 

 

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ആരംഭിച്ചു. 90 അംഗ നിയമസഭയിലേയ്ക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ 7 മണി മുതൽ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാൻ ലക്ഷ്യമിട്ട് ബിജെപിയും ഒരു ദശാബ്ദത്തിനിപ്പുറം അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

 

 

 

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തി പാരിസ് ഒളിമ്പിക്സിലെ ഇരട്ട മെഡല്‍ ജേതാവ് മനുഭാക്കര്‍. ഇരുപത്തിരണ്ടു വയസ്സുകാരിയായ മനുവിന്റെ കന്നി വോട്ടാണിത്. രാജ്യത്തിന്റെ വികസനത്തിനായുള്ള സംഭാവനകള്‍ നല്‍കേണ്ടത് എല്ലാ യുവജനങ്ങളുടേയും ഉത്തരവാദിത്തമാണെന്ന് മനു വ്യക്തമാക്കി.

 

 

 

 

ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 6 ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ അല്‍ ഹാജര്‍ പര്‍വ്വതനിരകളിലും സമീപ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.

 

 

 

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ അതിശക്തമായ ആക്രമണം.യുദ്ധക്കപ്പലുകളും വിമാനങ്ങളും പങ്കെടുത്ത

ആക്രമണത്തിൽ 15 ഹൂതി കേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്കയുടെ സൈനിക വക്താവ് വ്യക്തമാക്കി. ചെങ്കടലിൽ എണ്ണക്കപ്പൽ തകർക്കുന്ന ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്.

 

 

 

ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാൽ കുന്നിൽ നിന്നും ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ് ആക്രമണം നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിനെ വള‌ഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയാണ് ഇറാൻ്റേത് എന്നാണ് സൂചന.

 

 

 

ഇസ്രായേൽ ദീർഘകാലം നിലനിൽക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ ശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി. ഇസ്രായേലിനെതിരെ ഇറാൻ അടുത്തിടെ നടത്തിയ മിസൈൽ ആക്രമണം ഇസ്രായേൽ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾക്ക് ഇറാൻ സായുധ സേന നൽകിയ ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നായിരുന്നു ഖമേനിയുടെ വാക്കുകൾ. ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഖമേനിയുടെ കൈവശം റഷ്യൻ നിർമ്മിത ഡ്രാഗുനോവ് റൈഫിൾ ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *