ഉത്രാടപ്പാച്ചിലിൽ മലയാളികൾ. തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികള്‍. തിരുവോണ സദ്യക്കുള്ള സാധനങ്ങളും ഓണക്കോടിയും പൂക്കളുമെല്ലാം വാങ്ങാനുള്ള അവസാന പകൽ ആയതിനാൽ നാടും നഗരവും ഉത്രാടപാച്ചിലിലാണ്. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മാത്രമല്ല, അര്‍ധരാത്രി വരെ വില്‍പ്പന നടത്തി ഇലക്ട്രോണിക്സ് ഷോപ്പുകള്‍ വരെ ഓണം ബംബറൊരുക്കുന്ന തിരക്കിലാണ്.

 

 

ഓണത്തോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മായംചേ‌‌ർത്ത പാൽ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടയാൻ സംസ്ഥാന അതിർത്തികളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. സഞ്ചരിക്കുന്ന ലബോറട്ടറിയിലാണ് ഇത്തവണ പരിശോധന നടത്തുന്നത്. പാലിന്റെ അസിഡിറ്റി, കൊഴുപ്പ്, പ്രിസർവേറ്റീവുകൾ, ന്യൂട്രലൈസറുകൾ, ആന്റി ബയോട്ടിക്കുകൾ എന്നിവയുടെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. പാൽ ഏറെ നേരം കേടാകാതരിക്കാൻ ഫോർമാലിൻ ചേർത്തിട്ടുണ്ടോയെന്നും പരിശോധിക്കും.

 

 

 

സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ദില്ലി എംയിസിന് കൈമാറും.

 

 

ദില്ലി കേരളാ ഹൗസിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇപി ജയരാജൻ. മാധ്യമങ്ങളെ വിളിച്ചു രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാം. ഇപ്പോൾ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുൻപും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചർച്ച ചെയ്ത കാര്യങ്ങൾ എല്ലാം മാധ്യമ പ്രവർത്തകരോട് പങ്ക് വയ്ക്കേണ്ട കാര്യമില്ലെന്നുമാണ് കൂടിക്കാഴ്ചയെ കുറിച്ച് ഇപി ജയരാജന്റെ പ്രതികരണം.

 

 

 

കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഓണാഘോഷത്തിന്റെ പേരിൽ ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ വിശദീകരണം തേടി. സർക്കാർ തലത്തിൽ ഓണാഘോഷം പാടില്ലെന്ന ഉത്തരവ് ലംഘിച്ചതിൻ്റെ പേരിലാണ് നടപടി. ഓണാഘോഷത്തിൽ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും സമർപ്പിക്കാനാണ് ‍ഡിഎംഒയോട് ഡയറക്ടർ ആവശ്യപ്പെട്ടത്. ഡയറക്ടറുടെ നടപടി വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് വിമർശിച്ച ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, വിശദീകരണം തേടിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

 

 

 

 

ഓഗസ്റ്റ് മാസത്തിലെ ശമ്പളം കിട്ടാത്തതികെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ വനിത പ്യൂണിന്‍റെ ഒറ്റയാൾ സമരം. കൽപ്പറ്റ കെ എസ് ആ‌ർ ടി സി ഡിപ്പോയിൽ പ്യൂണായി പ്രവർത്തിച്ചുവരികയായിരുന്നു രഞ്ജിനി. എന്നാൽ രഞ്ജിനിക്ക് ഇതുവരെയും ഓഗസ്റ്റിലെ ശമ്പളം കിട്ടിയിട്ടില്ല. ഒരു മാസത്തെ ശമ്പളത്തിനായി 16 ദിവസമാണ് ജോലി ചെയ്യേണ്ടത്. എന്നാൽ രഞ്ജിനി 16 ദിവസം തികച്ചിട്ടില്ല എന്നതിനാലാണ് ശമ്പളം തടഞ്ഞിരിക്കുന്നത്.

 

 

ചങ്ങരംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ പരാതി. മലപ്പുറം എടപ്പാൾ കണ്ടനകം ബീവറേജിൽ അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട് ലെറ്റിൽ പൊലീസുകാർക്ക് മദ്യവിൽപ്പന നടത്തിയതായാണ് പരാതി. ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെ പൊലീസുകാർ മർദിച്ചു. മര്‍ദ്ദനത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

 

 

കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനക്കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഡി.ജി.പി വിലക്കിയിട്ടും റിപ്പോർട്ടുകൾ എ.ഡി.ജി.പി. അജിത് കുമാർ വഴി അയക്കുന്നത് തുടർന്നതാണ് അതൃപ്തിക്കിടയാക്കിയത്. മലപ്പുറം മുൻ എസ്.പി. ശശിധരനും കോഴിക്കോട് കമ്മിഷണറുമാണ് നിർദേശം അവഗണിച്ച് ആരോപണ വിധേയനായ എ.ഡി.ജി.പി. വഴി റിപ്പോർട്ടുകൾ അയച്ചത്.

 

 

ഇടുക്കിയിൽ ഏലയ്ക്കാ വാങ്ങി പണം നൽകാതെ കര്‍ഷകരെ കബളിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി മുഹമ്മദ് നാസറാണ് അറസ്റ്റിലായത്. വിപണി വിലയെക്കാൾ ഉയർന്ന തുക നൽകി ഏലം വാങ്ങിയ ശേഷം നിശ്ചിത ദിവസത്തിനുള്ളിൽ തുക നൽകുന്നതായിരുന്നു ഇയാളുടെ രീതി.15 കോടിയിലധികം രൂപ കർഷകർക്ക് ലഭിക്കാനുണ്ട്. രണ്ട് മാസമായി തുക ലഭിക്കാതെ വന്നതോടെ കർഷകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

 

തീവണ്ടിയില്‍ ടി.ടി.ഇ.യുടെ വേഷംധരിച്ച് പരിശോധന നടത്തിവന്ന യുവതിയെ അറസ്റ്റുചെയ്തു. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്തി (42) നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജ്യറാണി എക്‌സ്പ്രസിലായിരുന്നു സംഭവം.

 

 

 

കോഴിക്കോട് ഉള്ള്യെരിയിൽ സ്വകാര്യ ആശുപത്രിയില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രിക്കെതിരെ ആരോപണവുമായി അശ്വതിയുടെ കുടുംബം. ഡോക്ടർ സിസേറിയൻ ചെയ്യാമെന്ന് ആദ്യം പറഞ്ഞു. എന്നാൽ വേദന കൂടിയതോടെ സിസേറിയൻ ചെയ്യാൻ ആവശ്യപെട്ടിട്ടും തയ്യാറായില്ല. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു. വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞുവെന്നും കുടുംബം ആരോപിക്കുന്നു.

 

 

പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 4950 ലിറ്റർ സ്പിരിറ്റ്‌ കണ്ടെടുത്തു. പാലക്കാട്‌-തമിഴ്നാട് അതിർത്തിയിലെ തമിഴ്നാടിനോട് ചേർന്നുള്ള ചെമ്മണാംപതിക്കടുത്ത് രുദ്രകാളിയമ്മൻ ക്ഷേത്രത്തിനു സമീപത്തായിരുന്നു മണ്ണിളക്കിയുള്ള എക്സൈസുകാരുടെ പിശോധന.

 

 

കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. കണ്ണൂർ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാർ ഇടിച്ചിട്ടത്. കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

 

ദില്ലി ഫരീദാബാദിൽ വെള്ളക്കെട്ടിൽ കാർ മുങ്ങി രണ്ട് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് ദുരന്തമുണ്ടായത്. ഓൾഡ് റെയിൽവേ അണ്ടർ പാസിനടിയിലെ വെള്ളക്കെട്ടിൽ കാർ വീണതിനെ തുടർന്നായിരുന്നു അപകടം. ബാങ്ക് ഉദ്യോഗസ്ഥരായ പ്രേംഷ്റായി ശർമ, വിരാജ് എന്നിവരാണ് മരിച്ചത്.

 

 

 

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി കൊച്ചി വിമാനം മണിക്കൂറുകള്‍ക്ക് ശേഷം പുറപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂറിന് ശേഷമാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. കേരളത്തിൽ ഓണം ആഘോഷിക്കാൻ വേണ്ടി വിമാനം ബുക്ക് ചെയ്തവരാണ് യാത്രക്കാരിലേറെയും. വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരുമണിയോടെ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് രാവിലെ ആറ് മണിയോടുകൂടി വിമാനം പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു.എന്നാൽ എന്തുകൊണ്ടാണ് വിമാനം വൈകിയതെന്ന കാര്യം എയർ ഇന്ത്യ വ്യക്തമാക്കിയില്ല.

 

 

 

 

ധനമന്ത്രി നിർമല സീതാരാമനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്നും, ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിൻ വിമർശിച്ചു. കോയമ്പത്തൂരിലെ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയായ ശ്രീനിവാസൻ ചില ഭക്ഷ്യ വിഭാഗങ്ങളിൽ ജിഎസ്ടി നിരക്കുകൾ തുല്യമാക്കാൻ സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുറത്തു വന്ന രണ്ടാമത്തെ വീഡിയോയിൽ ശ്രീനിവാസൻ തൻ്റെ അഭിപ്രായത്തിന് നിർമലാ സീതാരാമനോട് ക്ഷമ ചോദിക്കുന്നതായും കാണിക്കുന്നുണ്ട്.

 

 

 

തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തി. അമേരിക്കൻ സന്ദർശനം വൻ വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ കമ്പനികളുമായി 7618 കോടി രൂപയുടെ ധാരണാപാത്രം ഒപ്പിട്ടെന്നും ഇതിലൂടെ 11,516 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും സ്റ്റാലിൻ വിശദീകരിച്ചു.

 

 

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനത്തിനിടെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതായി പരാതി. ഇന്ത്യ ടുഡേ ചാനൽ മാധ്യമപ്രവർത്തകനായ രോഹിത് ശർമയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി ഉയർത്തിയത്. ബംഗ്ലദേശിലെ ഹിന്ദു സമൂഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ചതിന്റെ പേരിലാണ് മർദിച്ചതെന്നും രോഹിത് ആരോപിച്ചു.

 

 

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് നിർമിതബുദ്ധി (എ.ഐ.) ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. സമയനഷ്ടം ഒഴിവാക്കൽ, കൃത്യത എന്നിവ ലക്ഷ്യമ.ലക്ഷ്യമിട്ടാണ് മൂല്യനിർണയത്തിന് എ.ഐ. ഉപയോഗിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അധ്യാപകർ മൂല്യനിർണയം നടത്തുന്നതിനുപകരം എ.ഐ. പ്രകാരമുള്ള സോഫ്റ്റ്‌വേർ ഉപയോഗിക്കും.

 

ഛത്തീസ്ഗഡിൽ ഫ്ലാഗ് ഓഫിന് മുമ്പ് ട്രയൽ റൺ നടത്തുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ഛത്തീസ്ഗഡിലെ ദുർഗിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

 

 

 

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്‍സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധിപ്പേരെ കബളിപ്പിച്ച അസംഗഡ് സ്വദേശിയായ ഫറൂഖ് അമൻ (26) എന്ന യുവാവിനെയാണ് ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം അറസ്റ്റ് ചെയ്തത്. ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

 

 

 

റഷ്യ ചാരപ്രവർത്തനത്തിന് പരിശീലനം നൽകിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചിരുന്നു. അന്തർദേശീയ തലത്തിൽ ഇത് ചർച്ചയായതിന് പിന്നാലെയാണ് ഹ്വാൾഡിമിർ എന്ന് പേരുള്ള ഈ ബെലൂഗ തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നത്. മരത്തടി വായിൽ കുടുങ്ങിയത് നീക്കാനാവാതെ വന്നതാണ് ബെലൂഗ തിമിംഗലത്തിന്റെ ദാരുണാന്ത്യത്തിലേക്ക് എത്തിയതിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 

 

ഒസാമ ബിൻ ലാദൻ്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്നും അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തതായും റിപ്പോർട്ട്. 2019 ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ ഭീകരതയുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വം ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുകയും താലിബാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *