മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമെന്നും, ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലെ ദുരന്തമേഖലയിലെ ജനങ്ങൾക്കായി പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാന്‍ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തില്‍ കാണാതായവരുടെയും മരിച്ചവരുടെയും ഡിഎൻഎ ടെസ്റ്റുമായി ബന്ധപ്പെട്ട ഫലങ്ങൾ ഇന്നലെ മുതൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൂർണ്ണമായി ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭ്യമാകും. ഇതോടെ കൂടുതൽ പേരെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലെ ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണതെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആവശ്യപ്പെടുന്ന മുഴുവൻ പണവും കേന്ദ്രം സംസ്ഥാനത്തിന് നൽകണം. കൂടാതെ പ്രധാനമന്ത്രി നൽകിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പാപഭാരം കഴുകി കളയണമെന്ന നിർദ്ദേശവുമായി കോൺഗ്രസ് തൃശ്ശൂർ ജില്ലാ നേതൃ ക്യാമ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
തോൽവിയുടെ ഭാരം മറികടക്കാനുള്ള സുവർണാവസരമാണ് ചേലക്കര എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പുറത്തുനിന്നുള്ളവർ തോൽവിയുടെ പേരിൽ തൃശ്ശൂരിലെ നേതാക്കളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ആ പാപഭാരം മറികടക്കാനുള്ള ശ്രമം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. തൃശ്ശൂരിലെ തോൽവിയെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ഉചിത നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് ഓഗസ്റ്റ് 27 ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹർജി സമർപ്പിച്ചത്. നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്.
കാസർകോട് കുണ്ടടുക്കത്ത് ദേശീയ പാതയോരത്ത് വീണ്ടും മണ്ണിടിച്ചില്‍. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയ പാതാ നിര്‍മ്മാണമാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ റോഡരികില്‍ മണ്ണെടുത്ത ഭാഗത്ത് വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. കുന്നിടിച്ച് റോഡ് വീതി കൂട്ടുന്നതിനിടെയാണ് സര്‍വീസ് റോഡ് ഇടിഞ്ഞുതാണത്.
തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയായ 24കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇതാദ്യമാണ്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്.
പാലക്കാട് സിപിഎം നേതാവിനെ മ൪ദിച്ച പൊലിസുകാരന് സസ്പെൻഷൻ. മങ്കര സ്റ്റേഷനിലെ സീനിയ൪ സിപിഒ അജീഷിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും നടക്കും. മങ്കര ബ്രാഞ്ച് കമ്മിറ്റി അംഗം കെ ഹംസയ്ക്കാണ് മ൪ദനമേറ്റത്. നേരത്തെ, പൊലീസുകാരനെതിരെ ദു൪ബല വകുപ്പാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
വയനാട് ദുരിതാശ്വാസത്തിന്റെ പേരിലുണ്ടായ പണപ്പിരിവിനെച്ചൊല്ലി കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസില്‍ വിവാദം. കെഎസ്യു സംസ്ഥാന നേതാവിന്റെ പേരില്‍ പണം പിരിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് തുക വകമാറ്റി ചെലവഴിച്ചെന്ന് കാണിച്ച് മണ്ഡലം പ്രസിഡന്റ്, സംസ്ഥാന നേതൃത്വത്തിന് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിന് എടവലത്ത്, പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ പിരിവ് നടത്തിയതായാണ് മണ്ഡലം പ്രസിഡന്റ് അജല്‍ ദിവാനന്ദ് സംസ്ഥാന നേതൃത്വത്തിന് നല്കിയ പരാതിയില്‍ പറയുന്നത്.
തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസ്. സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതുമായി ബന്ധപ്പെട്ട ദൃശ്യം പുറത്തുവിട്ടത്. തിരഞ്ഞെടുപ്പില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. എന്നാല്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി വോട്ട് രേഖപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ. തകഴി സ്വദേശിയാണ് അറസ്റ്റിലായത്. ആൺസുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. അമ്മ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം ആണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു.
വയനാട് മാനന്തവാടിയിൽ ബിരിയാണിക്ക് ഒപ്പം നൽകിയ സാലഡിൽ സിം കാർഡ് കിട്ടിയെന്ന് പരാതി. മാനന്തവാടി സ്വദേശി സോബിൻ വാങ്ങിയ മൂന്നു ബിരിയാണികളിൽ ഒന്നിലെ സാലഡിലാണ് സിം കാർഡ് കിട്ടിയത്. സംഭവത്തിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എന്നാൽ എങ്ങനെയാണ് ഭക്ഷണത്തിൽ സിം കാർഡ് അകപ്പെട്ടതെന്ന് പരിശോധിക്കുകയാണെന്ന് ഹോട്ടൽ അധികൃതർ പ്രതികരിച്ചു.
നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേർക്ക് പരിക്ക്. കേച്ചേരി മഴുവഞ്ചേരി സെൻ്ററിൽ നെടുമ്പാശേരിയിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കുന്നംകുളം കിഴൂർ സ്വദേശി പണിക്കവീട്ടിൽ ആമിനകുട്ടി, മകൻ ഷെഫീക്ക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ജില്ലയിലെ കൂറ്റനാട് റോഡിൽ തളർന്ന് വീണ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൂറ്റനാട് അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സിയാനാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിൽക്കുമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഇടപെടലുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സർക്കാർ ആർജെ കർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ട്രെയിനി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ സഞ്ജയ് റോയ് നാല് തവണ വിവാഹം ചെയ്തതായി റിപ്പോർട്ട്. ഇയാളുടെ പെരുമാറ്റത്തിലെ അസ്വഭാവികതകൾ മൂലം മൂന്ന് ഭാര്യമാർ ഇയാളെ ഉപേക്ഷിച്ച് പോയെന്നാണ് ഇയാളുടെ അയൽവാസികൾ പറയുന്നതെന്നാണ് റിപ്പോർട്ട്.
ഒമാനില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൂറില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലില്‍ ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയില്‍ 3.3 തീവ്രതയിലും രണ്ട് കിലോമീറ്റര്‍ ആഴത്തിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്.
സെബി ചെയര്‍പേഴ്സൺ മാധബി ബുച്ചിനെതിരെ വീണ്ടും ഹിൻഡൻ ബർഗ്. ഏത് അന്വേഷണത്തെയും നേരിടാൻ മാധബി തയ്യാറാകുമോയെന്നും സിംഗപൂർ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങൾ പുറത്ത് വിടുമോയെന്നുമാണ് ചോദ്യം. റിപ്പോർട്ടിൽ ഉന്നയിച്ച വാദങ്ങളെ പലതും മാധബിയുടെ വിശദീകരണം സാധൂകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.
അദാനിക്ക് പങ്കാളിത്തമുള്ള നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇന്ന് ഓഹരി വിപണി നഷ്ട്ടത്തിലാണ് ആരംഭിച്ചത്. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പല നിക്ഷേപകരും പിൻവാങ്ങിയതോടെ 7% വരെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതോടെ നിക്ഷേപകർക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
പാര്‍ട്ടിയിൽ ചേര്‍ന്ന് വെറും ആറ് മണിക്കൂറിനുള്ളില്‍ മുൻ ദില്ലി ക്യാബിനറ്റ് മന്ത്രി സന്ദീപ് കുമാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. സന്ദീപ് കുമാറിന്റെ വിവാദ ഭൂതകാലം പാര്‍ട്ടി നേതാക്കൾ കണ്ടെത്തിയതോടെയാണ് അതിവേഗം നടപടികൾ വന്നത്. ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായിരുന്ന തന്റെ ഭൂതകാലം സന്ദീപ് മനഃപൂർവം മറച്ചുവച്ചുവെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
ആശുപത്രി ബിൽത്തുക നൽകാൻ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാൻ മലയാളി ദമ്പതിമാർ കാത്തുനിന്നത് രണ്ടുദിവസം. തലശ്ശേരി പാറാൽ സ്വദേശികളായ അരുൺ രാജ്, അമൃത ദമ്പതിമാരുടെ പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബിൽത്തുകയായ 13 ലക്ഷം രൂപ നൽകാൻ കഴിയാതെ വന്നതോടെ മലയാളി സംഘടനകൾ ഇടപെടുകയും പിന്നീട് മൃതദേഹം വിട്ടുനൽകുകയുമായിരുന്നു.
ബിഹാർ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം. 35 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. പ്രത്യേക പൂജ നടക്കുന്ന സമയമായിരുന്നു. പെട്ടന്ന് ക്ഷേത്രത്തിനുളളിൽ തിരക്ക് വർധിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം വീതം ധനസഹായം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.
ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജസ്ഥാൻ, അസം, മേഘാലയ, ബീഹാർ എന്നീ 4 സംസ്ഥാനങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനിടെ ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ 32 പേർ മരിച്ചതായാണ് കണക്ക്. രാജസ്ഥാനിൽ വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ 22 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റിനെ ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കെജ്രിവാള് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കെജ്രിവാളിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്വി അടിയന്തര ലിസ്റ്റിങ്ങിനായി ചീഫ് ജസ്റ്റിസിന് മുമ്പാകെ ഇന്ന് വിഷയം പരാമര്‍ശിച്ചു. ഇ-മെയില്‍ അപേക്ഷ പരിശോധിച്ച് തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
ജപ്പാനിലെ പ്രമുഖ ഭക്ഷണ ശൃംഖല തയ്യാറാക്കിയ പരമ്പരാഗത ഈൽ മത്സ്യം കഴിച്ച 90കാരിക്ക് ദാരുണാന്ത്യം. വേനൽ രൂക്ഷമാകുമ്പോൾ ഈൽ മത്സ്യം ഗ്രില്ല് ചെയ്ത് കഴിക്കുന്നത് ജപ്പാൻകാരുടെ തനതായ രീതിയാണ്. ടോക്കിയോയിലെ പ്രമുഖ ഭക്ഷണശാല ശൃംഖലയായ നിഹോംബാഷി ഇസൈസാഡായിൽ നിന്ന് തദ്ദേശീയ വിഭവം വാങ്ങി കഴിച്ച 150 ഓളം പേരാണ് ഭക്ഷ്യവിഷബാധ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബ്രസീലിൽ വിമാനം തകർന്ന് വീണ് കൊല്ലപ്പെട്ടവരിൽ 8 ക്യാൻസർ രോഗ വിദഗ്ധരും. ബ്രസീലിലെ വിൻഹെഡോയിൽ വെള്ളിയാഴ്ചയുണ്ടായ വിമാന അപകടത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്. ക്യാൻസർ രോഗ സംബന്ധിയായ കോൺഫറൻസിൽ പങ്കെടുക്കാനായി പുറപ്പെട്ട എട്ട് ഡോക്ടർമാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായി സാവോപോളയിലേക്ക് പുറപ്പെട്ട എടിആർ 72 ഇരട്ട എൻജിൻ വിമാനമാണ് ജനവാസ മേഖലയിലേക്ക് വീണ് തകർന്നത്.
ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് ഇല്ലെന്നാണ് വിശദീകരണം. ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു.