Untitled design 20240624 134401 0000

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്നും ദീർഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്‍റെ ഫലമാണിതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം മദർ പോർട്ട് ആയി മാറുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ലെന്നും ഇത് ഒന്നാം ഘട്ടം മാത്രമാണെന്നും വിശദമാക്കി.

 

 

 

വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്റെ ട്രയൽ റൺ ഉദ്ഘാടനവേളയിൽ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും, ഇടത് സർക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിൽ വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല. എന്നാൽ അദാനി ഗ്രൂപ്പിന്റെ സഹകരണത്തിനടക്കം നന്ദിയറിയിച്ച മുഖ്യമന്ത്രി, മുൻ ഇടതുപക്ഷ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും പ്രത്യേകം അഭിനന്ദിക്കുകയും പേരെടുത്ത് പരാമർശിക്കുകയും ചെയ്തു.

 

 

 

 

 

ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്തെന്ന് ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ വിഴിഞ്ഞത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തുവെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ആദ്യമദര്‍ഷിപ്പിന് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കവി പാലാ നാരായണന്‍ നായരുടെ കവിത ചൊല്ലി ആരംഭിച്ച പ്രസംഗത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ നാള്‍വഴികള്‍ അദ്ദേഹം വ്യക്തമാക്കി.

 

 

 

 

വിഴിഞ്ഞം തനിക്ക് ദു:ഖപുത്രിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. അന്നും ഇന്നും ഉമ്മൻചാണ്ടിയാണ് ശരിയെന്നും മറിയാമ്മ ഉമ്മൻ ചൂണ്ടിക്കാട്ടി. അതോടൊപ്പവിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആഗ്രഹമില്ലെന്നായിരുന്നു മകൻ ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണം. വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേകമായി പേരിടണമെന്ന് ആഗ്രഹമില്ലെന്നും, ജനമനസ്സിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

 

 

 

 

കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടെ നടന്ന സംഭവത്തിൽ നടപടിക്ക് സാധ്യത. സംസ്ഥാന പ്രസിഡൻറ് സംസാരിക്കുന്നതിനിടെ അനധികൃതമായി മീറ്റിംഗിൽ കയറി ചീത്തവിളിച്ച സൈബർ സെൽ എസ്ഐമാരായ പ്രജീഷ്,സജി ഫിലിപ്പ് എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത. ലിങ്ക് ചോർത്തിയെടുത്താണ് മീറ്റിങ്ങിൽ പങ്കെടുത്തതെന്നും ഇരുവരും യൂണിയൻ മീറ്റിങ്ങിനായി ഉപയോഗിച്ചത്. പൊലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാനായി യൂണിയൻ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു ചീത്തവിളി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

 

 

 

 

ക്ഷേമപെന്‍ഷനും സിവില്‍ സപ്ലൈസിനും കാര്യുണ്യയ്ക്കുമാണ് ഇനി ആദ്യപരിഗണനകളെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ച് പണച്ചെലവ് പുനക്രമീകരീക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് മറികടക്കാനുള്ള പ്ലാന്‍ ബിയുടെ ഭാഗമാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കങ്ങള്‍.

 

 

 

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നൽകിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. അമേരിക്കയിൽ പഠിപ്പിക്കാൻ പോകാനായി സർവ്വീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെ സ്വയം വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു.

 

 

 

 

സംസ്ഥാന സർക്കാർ കൊണ്ടുവരാൻ പോകുന്ന ചർച്ച് ബില്‍, സഭയെ സംബന്ധിച്ച് കാര്യമുള്ളതല്ലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവ. ഏതു മന്ത്രിസഭയോ, ഏത് സർക്കാരോ ബില്ല് കൊണ്ടുവന്നാലും സഭയ്ക്ക് യാതൊരുതരത്തിലുള്ള ഭയവുമില്ല. എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ട്. ഓർത്തഡോക്സ് സഭയ്ക്ക് രാഷ്ട്രീയ സഹായമല്ല ആവശ്യം, സഭയ്ക്ക് വേണ്ടത് സ്വാതന്ത്ര്യമാന്നെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ഭരണഘടനയും അത് അംഗീകരിക്കുറപ്പിച്ച സുപ്രീംകോടതി വിധിയും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറുള്ള ആരോടും സംസാരിക്കാൻ തയ്യാറാണ്. അത് അംഗീകരിക്കാത്ത ആരോടും സംസാരിക്കാൻ സഭയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

സമസ്തയില്‍ വീണ്ടും ചേരിപ്പോര്. ഇ കെ അബൂബക്കര്‍ മുസലിയാരുടെ ജീവിത സന്ദേശം അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നതിന്റ പേരിലാണ് ഇടത് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ഇത് തടയിട്ട, സമസ്ത അധ്യക്ഷന്‍ രണ്ട് കൂട്ടരുടേയും സ്വാഗതസംഘങ്ങള്‍ പിരിച്ചുവിട്ടു.

 

 

 

 

ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി നിരത്തിലിറക്കിയ സ്കൂൾ വാഹനം ആർടിഒ പിടികൂടി. കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളുമായി പോകുകയായിരുന്ന വാഹനം ആർടിഒ നിർത്തി പരിശോധിക്കുകയായിരുന്നു. ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ വാഹനം ആർടിഒ പിടിച്ചെടുത്തതിനുടർന്ന് കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.

 

 

 

 

നിർദ്ദിഷ്ട ശബരിമല വിമാനത്താവളം പത്തനംതിട്ട കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ആക്ഷൻ കമ്മിറ്റി. നാളെ വൈകീട്ട് ജനപ്രതിനിധികൾ അടക്കം പങ്കെടുക്കുന്ന ബഹുജന കൺവെൻഷൻ നടക്കും. കൊടുമണ്ണിൽ പ്ലാന്‍റേഷൻ കോർപറേഷന് 1200 ഹെക്ടറിലധികം സ്ഥലമുണ്ട്. റബ്ബർ വിലയിടിവ് കോർപറേഷനെ നഷ്ടത്തിലാക്കിയ സാഹചര്യത്തിൽ ഒരാളെ പോലും കുടിയൊഴിപ്പിക്കാതെ സാമ്പത്തിക ബാധ്യതയില്ലാതെ സർക്കാരിന് കൊടുമണ്ണിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനാകുമെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു.

 

 

 

 

ആലപ്പുഴയിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് യുവാക്കൾ അഭ്യാസ പ്രകടനം നടത്തി. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു. ആംബുലൻസ് ഡ്രൈവർ നൂറനാട് പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് യുവാക്കൾ ക്ഷമ ചോദിച്ചതോടെ പരാതി പിൻവലിച്ചു.

 

 

 

വയനാട്ടില്‍ പിഞ്ച് കുഞ്ഞ് പൊള്ളലേറ്റ് മരിച്ച കേസിലെ പ്രതികള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തില്‍ നിയമവകുപ്പിന് പരാതി നല്‍കി കോണ്‍ഗ്രസ്. പിഞ്ച് കുഞ്ഞ് മതിയായ ചികിത്സ കിട്ടാതെ മരിച്ച കേസിലെ പ്രതികള്‍ക്കായാണ് പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടറായ ജോഷി മുണ്ടയ്ക്കല്‍ വാദിച്ച് ജാമ്യം വാങ്ങി നല്‍കിയത്. പ്രതികളുടെ വക്കാലത്ത് എടുത്തത് അഡ്വക്കേറ്റ് ഷിബിൻ മാത്യുവാണെങ്കിലും വാദിച്ചത് ജോഷി മുണ്ടയക്കലാണ്. പബ്ലിക്ക് പ്രോസിക്യൂട്ടർ ആയിരിക്കെ സർക്കാരിനെതിരെ ഹാജരായതില്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമ വകുപ്പ് മന്ത്രി പി രാജീവിനാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

 

 

 

തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ക്കെതിരെ പരാതി. ചാഴൂര്‍ സ്വദേശിയായ ബകുള്‍ ഗീത് എന്ന യുവതി പ്രസവിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞുമായി വാക്സിനെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കാര്‍ഡില്‍ നവജാത ശിശുവിന് നല്‍കുന്ന വാക്സിന് പകരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രേഖപ്പെടുത്തിയത് ഒന്നരമാസത്തില്‍ കൊടുക്കുന്ന പെന്‍റാവാലന്‍റ് വാക്സിനാണെന്ന് മനസിലായത്. തെറ്റ് ചൂണ്ടിക്കാട്ടിയ അമ്മയോട് ജോലി തടസ്സപ്പെടുത്തിയതിന് കേസെടുപ്പിക്കും എന്ന് പറഞ്ഞ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. അമ്മയുടെ പരാതിയില്‍ ഡിഎംഒ അന്വേഷണം തുടങ്ങി.

 

 

 

 

തിരൂരങ്ങാടിയിൽ ഉടമകൾ അറിയാതെ ആർസിയിൽ പേര് മാറ്റിയ സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാർ, കരുവാങ്കല്ല് സ്വദേശി നഈം , ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കൽ ഫൈജാസ് എന്നിവരാണ് അറസ്റ്റിലായത്. നിസാറാണ് രണ്ട് പേരുടെയും സഹായത്തോടെ ആർസിയിൽ കൃത്രിമം കാണിച്ചതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ആർസി നിർമിക്കാൻ തിരൂരങ്ങാടി സബ്ബ് ആർടി ഓഫീസിൽ നിന്ന് സഹായം ലഭിച്ചുവെന്നും നിസാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സബ് ആർടി ഓഫീസിലേക്കും നീങ്ങിയേക്കും.

 

 

 

ലോക്സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഓടിയ ടാക്സി വാഹനങ്ങൾക്ക് പണം നൽകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങൾക്കാണ് വാടക കുടിശികയുള്ളതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇരുപത് മണ്ഡലങ്ങളിലേക്കും വിവിധ ആവശ്യങ്ങൾക്കായി കമ്മീഷൻ വാഹനങ്ങൾ വാടകയ്ക്ക് എടുത്തിരുന്നു. പണം കിട്ടാതായതിനെ തുടർന്ന് അതാത് മണ്ഡലങ്ങളിലെ വരണാധികാരികളെ ടാക്സി തൊഴിലാളികൾ ബന്ധപ്പെട്ടപ്പോൾ കമ്മീഷൻ നേരിട്ടാണ് നടപടി എടുക്കേണ്ടത് എന്നായിരുന്നു മറുപടി. എന്നാൽ ഫയൽ മാറാനുള്ള കാലതാമസമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.

 

 

 

 

പൊലീസ് വാഹനം ഇടിച്ച് പരിക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച പൊലീസ് പിന്നീട് ഉപേക്ഷിച്ചെന്ന് പരാതി. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ രജനി, ഇരുപ്പലത്ത് സുജയ്ക്കും മെയ് 11 ന് രാവിലെ ഷൊർണൂർ – കുളപ്പുള്ളി റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഒറ്റപ്പാലം സി ഐ സഞ്ചരിച്ചിരുന്ന വാഹനം രജനിയും സുജയും സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും പൊലീസ് വാഹനത്തിൽ വാണിയംകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ചികിത്സ ചെലവ് മുഴുവൻ വഹിക്കാം എന്ന് പറഞ്ഞ് കുറച്ച് തുക മാത്രം നൽകി പൊലീസ് പോയിയെന്നും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നുമാണ് യുവതികളുടെ പരാതി.

 

 

 

 

സി-ഡിറ്റ് ഡയറക്ടർ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നൽകി. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ജയരാജിന് കാലാവധി നീട്ടി നൽകുന്നത്. ജയരാജിന് വേണ്ടി ഡയറക്ടറുടെ യോഗ്യത മാറ്റിയെഴുതിയത് നേരത്തെ വലിയ വിവാദമായിരുന്നു. രജിസ്ട്രാർ പദവിയിൽ നിന്നും വിരമിച്ച ശേഷമാണ് ഡയറക്ടറായി നിയമനം നൽകുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമയുടെ ഭർത്താവാണ് ജയരാജ്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

 

 

 

 

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അതോടൊപ്പം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

 

 

 

പത്ത് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുകാട്ടൂര്‍ കൊയിലേരി കൊട്ടാംതടത്തില്‍ വീട്ടില്‍ കുട്ടന്‍ എന്നയാളെയാണ് കൊയിലേരി ഭാഗത്ത് നിന്നും മാനന്തവാടി എക്‌സൈസ് പിടികൂടിയത്. അബ്കാരി ആക്ട് പ്രകാരം കേസെടുത്ത എക്സൈസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

 

വർക്കലയിൽ മദ്രസയിൽ നിന്നും രാവിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 12 വയസ്സുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. നടയറ ചരുവിള വീട്ടിൽ നജീബ് സജ്ന ദമ്പതികളുടെ മകൻ ആസിഫിനെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ ആക്രമിച്ചത്. ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

 

 

 

 

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും ഓടിത്തുടങ്ങി. ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട് ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തിയിരുന്നു. വെറും 8 റിസർവേഷൻ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചു. ബുക്കിംഗ് ഇല്ലാത്തതിനാൽ ഇന്നലെയും മിനിഞ്ഞാന്നും ബസ് ഓടിയിരുന്നില്ല.

 

 

 

ജിഎസ്ടി നിരക്കുകൾ കൂടുതലെന്ന പരാതി ഉണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. നിരക്കുകൾ കുറയ്ക്കണമെന്നും, ആദായ നികുതി സ്ലാബുകളിൽ മാറ്റം വേണമെന്നും പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ വിദഗ്ധർ നിർദ്ദേശം നൽകി. അതോടൊപ്പം 16 ലക്ഷം തൊഴിലുകൾ ഇന്ത്യയിൽ നഷ്ടമായെന്നാണ് പുതിയ റിപ്പോർട്ട് വന്നിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം വേഗത്തിൽ വളർന്നാലും അടുത്ത പത്ത് വർഷത്തിൽ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ പാടുപെടുമെന്ന് സിറ്റി ഗ്രൂപ്പിന്റെ പഠന റിപ്പോര്‍ട്ടിൽ പറയുന്നു.

 

 

 

 

നിലവിൽ ഇന്ത്യയിൽ 145 കോടിയാണ് ജനസംഖ്യയെന്നും, എന്നാൽ 2061ൽ ജനസംഖ്യ 160 കോടിയാകും എന്നും യുഎൻ റിപ്പോർട്ട്. 2085ൽ ചൈനയുടെ ഇരട്ടിയാകും ഇന്ത്യയിലെ ജനസംഖ്യയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021 ലെ സെൻസസ് അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് മഹാമാരി കാരണമാണ് ആദ്യം സെൻസസ് മാറ്റിവയ്ക്കുകയാണെന്ന പ്രഖ്യാപനം വന്നത്. പിന്നീടും സെൻസസ് എന്തുകൊണ്ട് നടത്തുന്നില്ല എന്ന കാര്യത്തിലെ കാരണങ്ങള്‍ വ്യക്തമല്ല.

 

 

 

 

അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ തേവര പാലം ഇന്ന് രാത്രി അടയ്ക്കും. രാത്രി 11 മണിമുതലാണ് പാലം അടയ്ക്കുന്നത് മേഖലയിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . പാലത്തിലേയ്ക്ക് വാഹനങ്ങൾ ഒന്നും കയറ്റിവിടില്ല .

 

 

 

കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അപര്‍ണ വസ്‍തരെ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപര്‍ണ വസ്‍തരെയുടെ അന്ത്യം സംഭവിച്ചത്. 57 വയസ്സായിരുന്നു.

 

 

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കെജ്രിവാൾ ജയിലിൽ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയത് കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചനം സാധ്യമാകൂ. അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.

 

 

സൗദി അറേബ്യയിലെ അല്‍കോബാറില്‍ ഡിഎച്ച്എല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്‍റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

 

 

 

ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടറുടെ മുഖത്തടിച്ച സ്‌പൈസ്ജെറ്റ് ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌പൈസ് ജെറ്റ് ജീവനക്കാരിയായ അനുരാധ റാണിയാണ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ ഗിരിരാജ് പ്രസാദിനെ മർദ്ദിച്ചത്. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ തന്നോട് അശ്ലീല വർത്തമാനം പറഞ്ഞതിനാണ് ഉദ്യോഗസ്ഥനെ തല്ലിയതെന്ന് ജീവനക്കാരി പ്രതികരിച്ചു.

 

 

 

വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ. ഗോത്ര വിഭാഗങ്ങൾക്കുള്ള സർക്കാർ ഫണ്ട് വാത്മീകി കോർപ്പറേഷൻ വഴി തിരിമറി നടത്തിയെന്നന്താണ് നാഗേന്ദ്രക്കെതിരായ കേസ്. മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താൻ നിർദേശിച്ചതെന്നും തന്നെ ബലിയാടാക്കിയെന്നും കുറിപ്പ് എഴുതി വച്ച് വാൽമീകി കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ബി നാഗേന്ദ്രയ്ക്ക് മന്ത്രിപദവി രാജി വെക്കേണ്ടി വന്നത്.

 

 

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും നാക്കുപിഴ സംഭവിച്ചു. നാറ്റോ സമ്മേളനത്തിന്റെ വാർത്താ സമ്മേളനത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയെ, പ്രസിഡന്റ് പുടിൻ എന്നാണ് ബൈഡൻ അഭിസംബോധന ചെയ്തത്. കമല ഹാരിസിനെയാകട്ടെ ട്രംപ് എന്നാണ് വിളിച്ചത്. തെറ്റ് മനസ്സിലാക്കി ഉടൻ തിരുത്തി എങ്കിലും ഇതു വലിയ വാർത്തയാവുകയായിരുന്നു.

 

 

 

പാകിസ്താനിലെ പെഷവാർ ഇൻറർനാഷനൽ എയർപ്പോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദി വിമാനത്തിന്‍റെ ടയറിന് തീപിടിച്ചു. റിയാദിൽ നിന്ന് പോയ സൗദി എയർലൈൻസ് വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്താവളത്തിൽ ഇറങ്ങി റൺവേയിലൂടെ ഓടുന്നതിനിടെ വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *