പിടിയിലായ ഐഎസ് ഭീകരന്‍ ഷാനവാസ് കേരളത്തിലെ വനമേഖലയില്‍ താവളം ഒരുക്കാന്‍ ശ്രമിച്ചെന്ന് ഡല്‍ഹി പോലീസ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വനമേഖലകളില്‍ ഷാനവാസും കൂട്ടാളികളും താമസിച്ച് ആസൂത്രണങ്ങള്‍ നടത്തിയിരുന്നു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഷാനവാസ് ലക്ഷ്യമിട്ടിരുന്നു. ഇതിനായി പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തി. പാക് ചാരസംഘടനയുടെ സഹായം ലഭിച്ചിരുന്നു. പോലീസ് പറയുന്നു.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും വീടുകളില്‍ ഡല്‍ഹി പോലീസിന്റെ റെയ്ഡ്. വിദേശപണം വരുന്നുണ്ടോയെന്നു പരിശോധിക്കാനാണു റെയ്ഡ്. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സീതാറാം യെച്ചൂരി എംപിയുടെ സര്‍ക്കാര്‍ വസതിയില്‍ ന്യൂസ് ക്ലിക്ക് മാധ്യമപ്രതിനിധിയാണു താമസിക്കുന്നത്. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ന്യൂസ് ക്ലിക്കിന് പണം നല്‍കിയ അമേരിക്കന്‍ വ്യവസായിയുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട് ആശയ വിനിമയം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതിയായ വധശ്രമക്കേസില്‍ പത്തുവര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. എന്നാല്‍, കുറ്റക്കാരനെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ല. മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നു നിരീക്ഷിച്ചുകൊണ്ടാണ് ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചത്. ഇതോടെ മുഹമ്മദ് ഫൈസലടക്കം നാലുപ്രതികള്‍ക്കും തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ട. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.
പ്രശസ്ത നാടന്‍പാട്ടു രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350 നാടന്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. കലാഭവന്‍ മണി ആലപിച്ച ഹിറ്റ് ഗാനങ്ങള്‍ അറുമുഖന്‍ രചിച്ചു സംഗീതം നല്‍കിയതാണ്. മണി പാടാറുള്ള ഹിറ്റ് ഗാനങ്ങളായ ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത്, മിനുങ്ങും മിന്നാമിനുങ്ങേ, തുടങ്ങിയ ഗാനങ്ങള്‍ അറുമുഖന്‍ വെങ്കിടങ്ങിന്റേതാണ്. കലാഭവന്‍ മണിക്കു വേണ്ടി മാത്രം ഇരുനൂറോളം പാട്ടുകള്‍ എഴുതി.
ആരോഗ്യ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെതിരെ ആരോപണവുമായി തൃപ്പൂണിത്തുറ സ്വദേശിയായ ഷിനോയി. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ അഖില്‍ സജീവ് തന്റെ അക്കൗണ്ടിലൂടെ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയെന്നും പല അക്കൗണ്ടുകളില്‍നിന്ന് എത്തിയ പണം അഖില്‍ സജീവിന് കൈമാറിയെന്നുമാണ് ഷിനോയ് പറയുന്നത്.
അഖില്‍ സജീവ് ഉള്‍പ്പെട്ട നോര്‍ക്ക നിയമന കോഴക്കേസില്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ജയകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പണം നല്‍കിയ അഭിഭാഷകന് അഖില്‍ സജീവില്‍ നിന്ന് പണം തിരികെ വാങ്ങിക്കൊടുക്കാന്‍ താന്‍ ഇടപെട്ടിരുന്നെങ്കിലും തട്ടിപ്പില്‍ പങ്കില്ലെന്നു ജയകുമാര്‍ പറയുന്നു. പോലീസ് നടപടി ഭയന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നും ജയകുമാര്‍ ഹര്‍ജിയില്‍ പറയുന്നു.
കരുവന്നൂര്‍ തട്ടിപ്പില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ടയേഡ് എസ്പി കെ.എം. ആന്റണി, ഇരിങ്ങാലക്കുട മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന് ഇരുവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.
ഓണ്‍ലൈനിലെ എഴുപതോളം വായ്പാ ആപുകള്‍ കേരള പോലീസ് നീക്കം ചെയ്യിച്ചു. 72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്ക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനു തിടുക്കത്തില്‍ അമേരിക്കയിലേക്കു പോകാനായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടിയേരിയേക്കാള്‍ പിണറായിക്കു പ്രാധാന്യം അമേരിക്കന്‍ യാത്രയായിരുന്നു. നേരത്തെ നിശ്ചയിച്ച സമയത്തുതന്നെ മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നടത്താനായിരുന്നു തിടുക്കമെന്നും സുധാകരന്‍.
ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ തലപ്പാവ് അഴിപ്പിക്കാത്ത സിപിഎമ്മുകാരാണ് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വിശ്വാസങ്ങളുടെ മേല്‍ എന്താണ് സിപിഎം ചെയ്തത് എന്ന് ഇപ്പൊള്‍ പരസ്യമായി പറയുകയാണെന്നും മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനു സമീപമുള്ള ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ വീശി ഭീഷണപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി അടക്കം മൂന്നംഗ സംഘം അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ. മുഹമദ് അനസ് (26) കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എന്‍.പി. ഷിജിന്‍ദാസ് (27) പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം എറണാകുളം ബോള്‍ഗാട്ടി പാലസില്‍. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് നടക്കുന്നത്.
ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും 22 വയസുള്ള മകന്‍ അമര്‍ കബീര്‍ സിംഗ് രണ്‍ധവയും വിമാനാപകടത്തില്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നാണ് ഇരുവരും മരിച്ചത്. സിംബാബ്വെയിലെ ഒരു വജ്ര ഖനിയുടെ സമീപമാണ് വിമാനം തകര്‍ന്നു വീണത്.
രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നു ബിജെപി. വസുന്ധര രാജെ സിന്ധ്യക്കും ശിവരാജ് സിംഗ് ചൗഹാനും വന്‍ തിരിച്ചടിയാണ് തീരുമാനം.
കാനഡയുടെ 41 നയതന്ത്ര പ്രതിനിധികളെ ഒരാഴ്ചയ്ക്കകം പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമയപരിധിക്കുശേഷം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്കു നയതന്ത്ര പരിരക്ഷ നല്‍കില്ലെന്നും ഇന്ത്യ അറിയിച്ചു.
ലോകകപ്പ് സന്നാഹ മത്സരം വെള്ളത്തിലാകുമോ. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ ഇന്ന് രാവിലെയോടെ കൂടുതല്‍ ശക്തമായി. ഇതോടെ ഇന്ന് ഉച്ചക്ക് തുടങ്ങേണ്ട ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് സന്നാഹമത്സരം വെള്ളത്തിലാവുമെന്ന അവസ്ഥയിലാണ്.