പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലു പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. പ്രതികളായ ഡോ. രമേശന്‍, ഡോ. ഷഹന , സ്റ്റാഫ് നേഴ്‌സ് രഹന, മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്കു സമര്‍പ്പിച്ചു.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ച സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ. നിയമ നടപടികളും സ്വീകരിക്കും. സുരേഷ് ഗോപി മാപ്പു പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായിരിക്കേ, സുരേഷ് ഗോപി മാപ്പ് പറഞ്ഞു. താന്‍ ദുരുദ്ദേശത്തോടെയല്ല തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്‌നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി ഫേസ് ബുക്കില്‍ കുറിച്ചു.
സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണമാണെന്ന് മാധ്യമപ്രവര്‍ത്തക. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അതു തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതും പറയേണ്ടതും. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനമായിട്ടാണ് അനുഭവപ്പെട്ടത്. അതുകൊണ്ടാണ് പരാതി ഉയരുന്നതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.
സുരേഷ് ഗോപിക്കെതിരെ സിപിഎം. മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ദേഹത്ത് കൈവച്ചപ്പോള്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് തട്ടിമാറ്റി. സുരേഷ് ഗോപി ആവര്‍ത്തിക്കുകയാണ് ചെയ്തത്. അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകക്ക് നേരെ ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ അപമര്യാദപരമായ പെരുമാറ്റത്തെ അപലപിച്ച് നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ഇന്ത്യ. മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സുരേഷ് ഗോപിയുടെ പെരുമാറ്റം അക്രമോത്സുകമാണ്. ജോലി സ്ഥലത്തെ കയ്യേറ്റമായി മാത്രമേ ഇതിനെ കാണാനാകൂ. സര്‍ക്കാര്‍ ഗൗരവമായി ഇതിനെ കണ്ട് ഉടന്‍ നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയിലായ സപ്ലൈകോയ്ക്കു സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കാനുള്ളത് 3700 കോടി രൂപ. ഇതില്‍ 2700 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളതാണ്. 850 കോടി രൂപ കേന്ദ്ര സര്‍ക്കാരും നല്‍കണം. താത്കാലിക ജീവനക്കാര്‍ക്കു ടാര്‍ജറ്റ് നല്‍കി ബിസിനസ് വര്‍ധിപ്പിക്കാനാണു സിവില്‍ സപ്ലൈസിന്റെ നീക്കം. ഇതിനെതിരേ സര്‍ക്കാരിനെതിരെ സമരം തുടങ്ങാന്‍ എഐടിയുസി തൊഴിലാളി യൂണിയന്‍ ഒരുങ്ങുകയാണ്.
നവകേരള സദസ് നടത്തിപ്പിന് കൂപ്പണ്‍ വച്ചോ രസീത് നല്‍കിയോ പണപ്പിരിവ് പാടില്ലെന്നു മാര്‍ഗ്ഗനിര്‍ദ്ദേശം. സ്‌പോണ്‍സറെ കണ്ടെത്താം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയില്‍ എയര്‍ കണ്ടീഷന്‍ ചെയ്തതാകണം. അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും ഒരുക്കണം. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേര്‍ വേണം. ജനസദസ്സുകളില്‍ ചുരുങ്ങിയത് അയ്യായിരം പേരെ പങ്കെടുപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ ബോട്ടിനും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ബോട്ടുകളുടെ മുകള്‍തട്ടില്‍ കയറാവുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കണം. പരിധിയില്‍ കൂടുതല്‍ ആളെ കയറ്റുന്നതും ലൈഫ് ജക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്നതുംതടയണം. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും നടപ്പാക്കാന്‍ നടപടിയില്ല. താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തെത്തുടര്‍ന്നാണ് കോടതി അമികസ് ക്യൂരിയെ നിയോഗിച്ചത്.
തൃശൂര്‍ തിരുവില്വാമലയില്‍ ബസ് ചാര്‍ജു മുഴുവനും തന്നില്ലെന്നു പറഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കി വിട്ട സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
ഭരണ സമിതി തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കേ കോട്ടയം പാലാ വലവൂര്‍ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി നിക്ഷേപകര്‍. നിക്ഷേപത്തുക മടക്കി നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്കിന്റെ അന്തിനാട് ശാഖ ഉപരോധിച്ചു. വായ്പാ കുടിശിക വരുത്തിയ ഇടത് ഭരണ സമിതി അംഗങ്ങളെ നിയമവിരുദ്ധമായി വീണ്ടും മല്‍സരിക്കാന്‍ അനുവദിച്ചെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്.
ഇടുക്കി ചിന്നക്കനാലില്‍ മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു. സിമന്റ് പാലത്തിനു സമീപം 2.2 ഏക്കര്‍ കൃഷി ഭൂമിയാണ് ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.
മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാന്‍ അട്ടപ്പാടിയില്‍ പൊലീസ് വ്യോമ നിരീക്ഷണം നടത്തി. അഗളി ഡിവൈ.എസ്പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടറിലായിരുന്നു നിരീക്ഷണ പറക്കല്‍. അര മണിക്കൂര്‍ പറക്കലിന് ശേഷം ഹെലികോപ്ടര്‍ മലപ്പുറം അരീക്കോട്ടേക്കു മടങ്ങി.
ഭാര്യയെ മര്‍ദിക്കുന്നതു തടഞ്ഞതിനോടുള്ള വിരോധത്തില്‍ ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തില്‍ ബര്‍ക്ക്മന്‍സിനെ (57) കൊലപ്പെടുത്തിയ പ്രതി വലിയതുറ സ്വദേശി രഞ്ജിത്തിനെയാണ് (34) കാഞ്ഞിരംകുളം പോലീസ് അറസ്റ്റു ചെയ്തത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ എല്ലാ തവണയും മുഖ്യമന്ത്രിക്കു മുന്നില്‍ കൈ നീട്ടാതെ സ്വന്തമായി വഴികണ്ടെത്തണമെന്ന് മാനേജ്‌മെന്റിനോട് സിഐടിയു. സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ട് മാത്രമാണ് ഇപ്പോള്‍ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നതെന്നും സിഐടിയു.
ഇന്ന് അര്‍ധരാത്രി ഭാഗിക ചന്ദ്രഗ്രഹണം. ചന്ദ്രന്‍ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രന്‍ പ്രവേശിക്കുന്നതാണ് ഇന്നത്തെ ഭാഗിക ചന്ദ്രഗ്രഹണം. ഇന്ത്യയുടെ എല്ലാ കോണുകളില്‍നിന്നും ഈ കാഴ്ച ദൃശ്യമാകും.
ഹിരാനന്ദാനി ഗ്രൂപ്പില്‍നിന്നു സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും പാര്‍ലമെന്റംഗം എന്ന നിലയിലുള്ള ഇ മെയില്‍ വിലാസത്തിന്റെ ലോഗിനും പാസ് വേര്‍ഡും കൈമാറിയിരുന്നെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കാനാണ് ഇവ കൈമാറിയതെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ഇ മെയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു നിയമവും നിലവിലില്ല.
വ്യാജ അവകാശവാദങ്ങളുന്നയിച്ച് പരസ്യം നല്‍കുന്ന സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പല പ്രമുഖ സ്ഥാപനങ്ങളുടെയും പരസ്യങ്ങളിലെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ഏതാനും സ്ഥാപനങ്ങള്‍ക്കെതിരേ നോട്ടീസ് അയച്ചു.
ഉത്തരേന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ലഷ്‌ക്കര്‍ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പത്തു റെയില്‍വേ സ്റ്റേഷനുകളില്‍ നവംബര്‍ 13 ന് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. ലഷ്‌ക്കര്‍ കമാന്‍ഡര്‍ കരീം അന്‍സാരിയുടേതാണ് ഭീഷണിക്കത്ത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരെ വധഭീഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണു ഭീഷണി ഇമെയില്‍ ലഭിച്ചത്. ഷദാബ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്.
കാമുകനെ വിവാഹം ചെയ്യാന്‍ ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി എത്തിയ യുവതി അറസ്റ്റിലായി. 24 വയസുകാരി ഫാത്തിമ നുസ്‌റത്താണ് ത്രിപുരയിലെ ധര്‍മനഗര്‍ ഗ്രാമത്തില്‍ പിടിയിലായത്. ആയൂര്‍വേദ ചികിത്സ നടത്തിയിരുന്ന നൂര്‍ ജലാല്‍ (34) എന്നയാള്‍ക്കൊപ്പം താമസിക്കാനാണ് യുവതി എത്തിയത്.
ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അമേരിക്കയിലെ ലവിസ്റ്റണില്‍ വെടിവയ്പു നടത്തിയ കൊലയാളിയെന്നു സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍. എട്ടു കിലോമീറ്റര്‍ അകലെ വെടിയേറ്റ് മരിച്ച നിലയില്‍ റോബര്‍ കാര്‍ഡിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.