അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഭാഗികമായി റദ്ദാക്കി. വെടിക്കെട്ടു സമയക്രമം ക്ഷേത്രങ്ങളുടെ സാഹചര്യം പരിഗണിച്ച് സര്‍ക്കാരിനു തീരുമാനിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി വിധിക്കു വിധേയമായിട്ടാകണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്.
കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ്. ദക്ഷിണ റെയില്‍വേക്കാണ് ഈ നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന് ദക്ഷിണ റെയില്‍വെ ഭൂമിയുടെ വിശദാംശങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ സ്വപ്‌ന സുരേഷിനും കൂട്ടുപ്രതികള്‍ക്കും കസ്റ്റംസ് ഭീമമായ പിഴശിക്ഷ. സ്വപ്‌നയും കൂട്ടുപ്രതി യുഎഇ മുന്‍ കോണ്‍സുല്‍ ജനറാല്‍ ഹുസൈന്‍ അല്‍ സാബിയും ആറു കോടി രൂപ വീതമാണ് അടയ്‌ക്കേണ്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ 50 ലക്ഷം രൂപ പിഴയടയ്ക്കണം. മറ്റു കൂട്ടുപ്രതികളായ പി.എസ്. സരിത്ത്, സന്ദീപ് നായര്‍. കെ.ടി. റമീസ്, യുഎഇ കോണ്‍സുലേറ്റ് മുന്‍ അഡ്മിന്‍ അറ്റാഷെ ഖാമിസ് അല്‍ അഷ്‌മേയി എന്നിവരും ആറു കോടി രൂപവീതം പിഴയടയ്ക്കണം.
കഴിഞ്ഞ മാസം സംസ്ഥാനത്ത് എഐ ക്യാമറയില്‍ ട്രാഫിക്ക് നിയമലംഘനത്തിനു കുടുങ്ങിയത് 13 എംഎല്‍മാരുടെയും എംപിമാരുടെയും വാഹനങ്ങള്‍. മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 1,263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,669 പേരാണ് മരിച്ചത്.
കെഎസ് യു വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസാണെന്ന് പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തക നെസിയ. ‘വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസ് മര്‍ദിച്ചതു ചോദ്യം ചെയ്തപ്പോഴാണ് തന്നെ മര്‍ദ്ദിച്ചതെന്നു നെസിയ പറഞ്ഞു. പവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് മുഖത്തും, മൂക്കിനും മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ മണിക്കൂറുകള്‍ കാത്തിരുന്നശേഷമാണ് ചികിത്സ കിട്ടിയതെന്നും നെസിയ പരാതിപ്പെട്ടു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്നു കെഎസ് യു പഠിപ്പുമുടക്കി.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ക്രൈംബാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേശ്വരം മുന്‍ എംഎല്‍എ എംസി കമറുദ്ദീന്‍ അടക്കം 29 പ്രതികളാണുള്ളത്. 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
മുസ്ലിം ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും സൗഹൃദ സന്ദര്‍ശനത്തിനു വന്നതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തീര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. പാണക്കാട്ടെത്തിയ സതീശന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വൈകുന്നേരം നാലിനു പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരത്ത് ഒരാഴ്ച ആഘോഷമാക്കിയ കേരളീയത്തിന് ഇന്നു സമാപനം. സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ശങ്കര്‍മഹാദേവനും കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശയുമുണ്ടാകും.
കളമശ്ശേരി സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് ഡിഎന്‍എ പരിശോധന ഫലം. മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നതിനാലാണു ഡിഎന്‍എ പരിശോധന നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌കരിക്കും.
കോട്ടയം മാഞ്ഞൂരില്‍ കൈക്കൂലിക്കേസില്‍ ഉദ്യോഗസ്ഥനെ കുടുക്കിയതിന് വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംരംഭകന്‍ ഷാജിമോന്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം തുടങ്ങി. പഞ്ചായത്തിന്റെ പരാതിയെത്തുടര്‍ന്നു പോലീസ് ഇയാളെ നീക്കംചെയ്തു. ഇതോടെ നടുറോഡിലായി സമരം. അഗ്നിരക്ഷാ സംവിധാനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയെന്ന രേഖകള്‍ ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി പ്രതികരിച്ചു.
തൃശൂര്‍ നഗരത്തില്‍ ദിവാന്‍ജിമൂല പാസ്‌പോര്‍ട്ട് ഓഫിസിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നര്‍ പരിക്കേറ്റ് ആശുപത്രിയിലുണ്ട്.
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കടകള്‍ അടച്ച് വ്യാപാരികളുടെ ഹര്‍ത്താല്‍. മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിട്ട് സമരം നടത്തിയത്.
ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വീടുവിട്ടിറങ്ങിയ ഭര്‍ത്താവ് അച്ചന്‍കോവിലാറ്റില്‍ ചാടിയ പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തില്‍ അരുണ്‍ബാബു(31)വിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ ലിജി (അമ്മു- 25) വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു.
മൂവാറ്റുപുഴ ഇരട്ട കൊലക്കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അടൂപറമ്പിലെ തടിമില്ലില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ശര്‍മ എന്നിവരെയാണു കൊലപ്പെടുത്തിയത്.
പാലക്കാട് നല്ലേപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. 32 വയസുള്ള ഊര്‍മിളയെ കൊലപ്പെടുത്തിയതിനു ഭര്‍ത്താവ് സജേഷിനെ പോലീസ് തെരയുന്നു. വഴക്കിനെത്തുടര്‍ന്ന് ഇരുവരും മാറി താമസിക്കുകയായിരുന്നു. ഊര്‍മിള ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ വഴിയില്‍ വച്ച് ആക്രമിക്കുകയായിരുന്നു.
ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ് പ്രഖ്യാപിച്ചു. ദീപാവലി പ്രമാണിച്ച് ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി ജീവനക്കാര്‍ക്കാണ് ബോണസ്. 56 കോടി രൂപ എണ്‍പതിനായിരത്തിലധികം ജീവനക്കാര്‍ക്ക് ലഭിക്കും.
ഡല്‍ഹിയിലെ വായു മലിനീകരണം കൊലപാതകത്തിന് തുല്യമാണെന്ന വിമര്‍ശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം വേണമെന്ന് കോടതി ഉത്തരവിട്ടു. കാര്‍ഷികാവശിഷ്ടങ്ങള്‍ക്ക് തീയിടുന്നത് തടയണമെന്നും കോടതി പറഞ്ഞു.
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇരുപത് മണ്ഡലങ്ങളിലേക്കാണ് ഇന്നു വിധി എഴുതുന്നത്. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്‌നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കര്‍ണാടകയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഡി ബി ചന്ദ്ര ഗൗഡ (87) അന്തരിച്ചു. ഇന്ദിരാഗാന്ധിക്കപ മത്സരിക്കാന്‍ ചിക്കമംഗളുരു സീറ്റ് ഒഴിഞ്ഞു കൊടുത്ത നേതാവാണ് ചന്ദ്ര ഗൗഡ. പല തവണ ലോക്‌സഭയിലും രാജ്യസഭയിലും എംപി ആയിരുന്നു. എസ് എം കൃഷ്ണ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്നു.
ഇന്ത്യ തെരയുന്ന ഭീകരനെ പാക്ക് അധിനിവേശ കശ്മീരില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മു കാഷ്മീരിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാജ ഷാഹിദിനെ (മിയാന്‍ മുജാഹിദ്) ആണ് കൊല്ലപ്പെട്ടത്.