mid day hd 26

 

രാജ്യത്തെ 150 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമായേക്കും. സൗകര്യങ്ങള്‍ ഒരുക്കാത്തതിന്റെ പേരില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരമാണ് നഷ്ടമാകുന്നത്. നിലവില്‍ 40 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ക്കു ഭീഷണിയില്ല. എട്ടു സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് നടപടി.

ലോക്‌സഭാ മണ്ഡലങ്ങള്‍ 545 ല്‍നിന്ന് എണ്ണൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനു സുതാര്യമായ മാനദണ്ഡം വേണമെന്ന് കോണ്‍ഗ്രസ് രാഹുല്‍ഗാന്ധി. ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. എങ്ങനെയാണ് ഇത് നടപ്പാക്കുന്നതെന്ന് അറിയാന്‍ ആകാംഷയുണ്ട്. രാാഹുല്‍ഗാന്ധി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് പ്രതികളുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ്. നിലമ്പൂര്‍, കൊണ്ടോട്ടി, മഞ്ചേശ്വരം എന്നിവിടങ്ങളിലാണു കേരളത്തിലെ റെയ്ഡ്.

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് ഇന്നു 11,801 പേര്‍ വിരമിക്കുന്നു. ഈ വര്‍ഷം വിരമിക്കുന്ന 21,537 പേരില്‍ പകുതിയിലേറെ പേരാണ് ഇന്നു വിരമിക്കുന്നത്. സ്‌കൂള്‍ പ്രവേശനത്തിനായി മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടാകുന്നത്. വിരമിക്കുന്നവര്‍ക്ക് 15 മുതല്‍ 80 വരെ ലക്ഷം രൂപ എന്ന നിരക്കില്‍ 1500 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടിവരും.

മുസ്ലീം ലീഗിനെതിരെ ബദല്‍ നീക്കവുമായി ലീഗ് വിമതര്‍ കോഴിക്കോട്ട് മുസ്ലീം സംഘടനകളുടെ യോഗം. മലബാറിലെ പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണാന്‍ യോഗം തീരുമാനിച്ചു. സമസ്ത എ പി ഇകെ വിഭാഗവും പിഡിപി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

പൊലീസ് കുടുംബങ്ങളും ലഹരി മുക്തമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സ്വന്തം ജീവന്‍ നല്‍കിയും പൊലീസ് സുരക്ഷ നല്‍കേണ്ടതായിരുന്നെന്ന് പൊതുസമൂഹത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്നും വിരമിക്കല്‍ പ്രസംഗത്തില്‍ ഡിജിപി എസ് ആനന്ദകൃഷ്ണന്‍ പറഞ്ഞു.

അരിക്കൊമ്പനു സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ട്വന്റി ട്വന്റി് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയില്‍നിന്നു വിമര്‍ശനം. ആനയെ കേരളത്തിലേക്കു കൊണ്ട് വരണമെന്ന ആവശ്യത്തിലെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി.

ഇക്കഴിഞ്ഞ 26 നു നടന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്കുള്ള പിഎസ് സി ചോദ്യങ്ങള്‍ രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് അതേപടി പകര്‍ത്തിയതാണെന്ന് പരാതിയുമായി ഉദ്യോഗാര്‍ഥികള്‍.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്‌ക്കെതിരെ എംഎല്‍എ. തന്നെ എന്‍സിപിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ ചരട് വലിച്ചെന്നാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ആരോപിച്ചത്. പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളെല്ലാം മന്ത്രി എകെ ശശീന്ദ്രനും പിസി ചാക്കോയും ചേര്‍ന്ന് പങ്കിട്ടെടുത്തെന്നും എംഎല്‍എ ആരോപിച്ചു.

ബാലരാമപുരം മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20)യാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തിയിരുന്നു.

സാമ്പത്തിക തട്ടിപ്പു കേസില്‍ പിടിയിലായ തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് പരാതികളെത്തിയത്. അഭിഭാഷക ചമഞ്ഞും സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ഭീഷണിപ്പെടുത്തിയും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും ഇവര്‍ പണം തട്ടിയെന്നാണ് പാരാതി.

കൂത്താട്ടുകുളം കരിമ്പനയില്‍ ഇറച്ചിക്കട തൊഴിലാളി തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനെ (48) വെട്ടിക്കൊന്നു. തമിഴ്‌നാട് സ്വദേശി അര്‍ജുനെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ പിടിയിലായി.

നിലമ്പൂര്‍ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണ ഖനനം പോലീസ് തടഞ്ഞു. ഒമ്പത് മോട്ടോറുകളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മമ്പാട് ടൗണ്‍ കടവ് ഭാഗത്ത് വലിയ ഗര്‍ത്തകളുണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചാണ് സ്വര്‍ണ ഖനനം നടത്തിയിരുന്നത്.

സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് നല്‍കിയത് 917 വീടുകളില്‍ മാത്രം. സാങ്കേതിക സൗകര്യം ലഭ്യമാക്കിയ പകുതിയോളം സ്‌കൂളുകളിലും അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കെ ഫോണ്‍ എത്തില്ല. റോഡ് പണി അടക്കമുള്ള കാരണങ്ങളാല്‍ സംസ്ഥാന വ്യാപകമായി കേബിളുകള്‍ നശിച്ചതാണ് പ്രധാന തടസം.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പ്രതികരണം. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു.

ഗുസ്തി താരങ്ങളും കര്‍ഷക സംഘടനകളും സമരത്തിനു വരുന്നതു തടയാന്‍ ഇന്ത്യാ ഗേറ്റില്‍ സൈന്യത്തെ നിയോഗിച്ചു. സമരം നടത്തിയിരുന്ന ജന്തര്‍ മന്ദര്‍ പോലീസ് അടച്ചുപൂട്ടിയിരുന്നു. ഇന്ത്യാ ഗേറ്റില്‍ സമരം അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെവരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയില്‍ ചോദ്യങ്ങളില്ല. ആജ്ഞകള്‍ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയില്‍ രാഹുല്‍ഗാന്ധി പരിഹസിച്ചു.

2000 രൂപയേക്കാള്‍ 500 രൂപയുടെ നോട്ടുകളിലാണു വ്യാജ നോട്ടുകള്‍ കൂടുതലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഈ വര്‍ഷം 500 രൂപ കള്ളനോട്ടുകളുടെ എണ്ണം 14.4 ശതമാനം വര്‍ദ്ധിച്ച് 91,110 എണ്ണമായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2,000 രൂപ നോട്ടുകളുടെ മൂല്യം 9,806 രൂപയായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *