mid day hd 23

 

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴ വണ്ടാനത്തുള്ള ഗോഡൗണിലും തീപിടിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വേഗത്തില്‍ തീയണച്ചു. ബ്ലീച്ചിംഗ് പൗഡറിനു തീപിടിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡര്‍ മുഴുവന്‍ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കു കാരണം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു കത്തയക്കും. എന്തുകൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി കെഎന്‍ ബാലഗോപാലോ കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കും.

കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു പിടികൂടും. അരിക്കൊമ്പനെ ഉള്‍ക്കാട്ടില്‍ വിടുമെന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയ അരിക്കൊമ്പന്‍ ഒരു ഓട്ടോറിക്ഷ തകര്‍ത്തു. ജനം പരിഭ്രാന്തിയിലാണ്. ആനയെ ഓടിക്കാന്‍ കൂകിക്കിവിളിച്ച് ജനം ഓടിക്കൂടി. തമിഴ്‌നാട് ഉചിതമായ തീരുമാനമെടുക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.

തേങ്ങ തോര്‍ത്തില്‍ പൊതിഞ്ഞ് പോലീസിനെ ആക്രമിച്ച സംഭവങ്ങള്‍ വരെയുണ്ടായെങ്കിലും അതിനെയെല്ലാം പൊലീസ് സഹനത്തോടെ നേരിട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ ആവശ്യങ്ങളോടൊപ്പവും ജനങ്ങള്‍ക്കൊപ്പവും നില്‍ക്കുന്നവരാണ് കേരള പൊലീസെന്നും അദ്ദേഹം അവകാശപ്പെട്ടു.

പതിനാറുകാരിയെ കുത്തിക്കൊന്ന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ബംഗാളി യുവാവിന് ജീവപര്യന്തം തടവുശിക്ഷ. 1.1 ലക്ഷം രൂപ പിഴയും ചുമത്തി. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് ശിക്ഷിക്കപ്പെട്ടത്. കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16)യുടെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി. കൂലിയിനത്തില്‍ കിട്ടാനുള്ള പന്തീരായിരം രൂപ കിട്ടാത്തതിനാണ് 2018 ല്‍ കൊലപാതകം നടത്തിയത്.

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്നു മൊഴി. മേലുദ്യോഗസ്ഥര്‍ക്കും പങ്ക് നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും.

ദുരിതാശ്വാസനിധി ദുരുപയോഗിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും 17 മന്ത്രിമാമാര്‍ക്കുമെതിരേ ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജി മൂന്നംഗ ബെഞ്ചിനു വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

കോഴിക്കോട് നഗരത്തില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഇന്ത്യന്‍ കോഫി ഹൗസിനരികിലുള്ള ടൂറിസ്റ്റ് ഹോമിനു മുന്നില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. യുവാവ് ആരെന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്.

തിരൂരിലെ ചെരുപ്പ് കടയില്‍നിന്ന് 10 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി. തിരൂര്‍ താഴെപാലം സീനത്ത് ലെതര്‍ പ്ലാനറ്റില്‍ കവര്‍ച്ച നടത്തിയ കൊലുപ്പാലം സ്വദേശിയും മുന്‍ ജീവനക്കാരനുമായിരുന്ന കുറ്റിക്കാട്ടില്‍ നിസാമുദ്ദീന്‍ (24) ആണ് അറസ്റ്റിലായത്.

കെഎസ്ആര്‍ടിസി ബസില്‍ യുവതിയോടു മോശമായി പെരുമാറിയതിന് കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു. രാത്രി പത്തിന് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടിലെ ബസിലാണ് ജോലി കഴിഞ്ഞു പോകുകയായിരുന്ന നഴ്‌സിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

താമരശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് പരിക്കേറ്റത്. 35 വയസുകാരനായ റിജേഷ് ഭിന്നശേഷിക്കാരനാണ്.

തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ സഹോദരന്റെ കരൂരിലെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. വനിതയടക്കമുള്ള ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരം പൂജാകര്‍മങ്ങളോടെ നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്കു പന്ത്രണ്ടിനാണ് ഉദ്ഘാടനം ചെയ്യുക. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും പങ്കെടുക്കും. രാവിലെ ഏഴരയോടെ പൂജകള്‍ തുടങ്ങും. പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കും. 75 രൂപയുടെ നാണയവും പുറത്തിറക്കും

പങ്കാളിക്കു ദീര്‍ഘകാലം ശാരീരികബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണെന്നും അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാമെന്നും അലഹാബാദ് ഹൈക്കോടതി. വാരണസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവിന്റെ വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

മുസ്‌ലിം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെ റോഡിലിട്ട് മര്‍ദിച്ച് മുപ്പതംഗ സംഘം. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. അജിത്ത് എന്ന യുവാവിനെയാണ് സംഘം ആക്രമിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. പാലം തുറന്നാല്‍ സെന്‍ട്രല്‍ മുംബൈയിലെ സെവ്രിയില്‍നിന്ന് നവി മുംബൈയിലെ ചിര്‍ലെയിലേക്ക് 20 മിനിറ്റുകൊണ്ടു യാത്ര ചെയ്യാം. 18,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചതാണ് 22 കിലോമീറ്റര്‍ നീളമുള്ള ഈ പാലം. മുംബൈ- നവി മുംബൈ യാത്രാ സമയം ഗണ്യമായി കുറയും. പാലം ഗോവ, പൂനെ, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയവും ചുരുങ്ങും

രാജ്യത്തെ ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ടയര്‍ പൊട്ടുന്നതു മൂലമുള്ള അപകടങ്ങളുടെ എണ്ണം കുറയ്ക്കണം. ടയര്‍ നിര്‍മ്മാണ വ്യവസായികളുമായി ആലോചിച്ച ശേഷം സര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കും. അമൃത്സര്‍- ജാംനഗര്‍ എക്സ്പ്രസ്വേ നിര്‍മാണ പുരോഗതി അവലോകനം ചെയ്യവേയാണ് നിതിന്‍ ഗഡ്കരി ഇങ്ങനെ പറഞ്ഞത്.

ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നതില്‍ ലാന്‍ഡറിന് സംഭവിച്ച പിഴവു മൂലമാണ് യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതെന്നു കണ്ടെത്തി. റാഷിദ് റോവറിനെയും വഹിച്ചുള്ള ഹകുട്ടോ ആര്‍ ലാന്‍ഡറിന് ചന്ദ്രോപരിതലത്തിന് അഞ്ച് കിലോമീറ്റര്‍ മുകളില്‍ നിയന്ത്രണം നഷ്ടമായി. ലാന്‍ഡര്‍ ഏപ്രില്‍ 26 നാണ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *