ഹിമാചലിലേയും ഉത്തരാണ്ഡിലേയും അതിര്‍ത്തിയിലേക്ക് കടന്നുകയറ്റവുമായി ചൈന. അരുണാചല്‍ പ്രദേശ് അടക്കമുള്ള വടക്ക കിഴക്കന്‍ മേഖലകളെ അപേക്ഷിച്ച് വളരെ ശാന്തമായ ഹിമാചല്‍ പ്രദേശിലെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയിലേക്കാണ് ചൈനീസ് സേനയുടെ പുതിയ കടന്നുകയറ്റ ശ്രമം. കിഴക്കന്‍ ലഡാക്കില്‍ നാലു വര്‍ഷമായി സംഘര്‍ഷാവസ്ഥയാണ്. അരുണാചലില്‍ ചൈന നടത്തിയ കൈയേറ്റത്തിനെതിരേ ഇന്ത്യയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ മേഖലകളിലേക്കു കൂടി ചൈന കൈയേറ്റത്തിനു മുതിരുന്നത്.
തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നു സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. ആറ്റിങ്ങള്‍ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രം പുലര്‍ച്ചെ ഒന്നരയോടെയാണു കത്തിനശിച്ചത്. ബ്ലീച്ചിംഗ് പൗഡറിനു തീപിടിച്ചത് ആളിപടര്‍ന്നെന്നാണു റിപ്പോര്‍ട്ട്.
തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം ഉണ്ടായ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കെട്ടിടത്തില്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍മാന്‍ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മരിച്ചാല്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് രഞ്ജിത്ത് പറയാറുണ്ട്. അവയവദാനത്തിനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയുന്നെന്നു കുടുംബം.
കൊവിഡ് കാലത്ത് മരുന്നു വാങ്ങിയ അഴിമതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ രണ്ടിടത്ത് തീപിടിത്തം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവത്തില്‍ ബ്ലീച്ചിംഗ് പൗഡറില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന റിപ്പോര്‍ട്ട് അവിശ്വസനീയമാണ്. തെളിവുകള്‍ നശിപ്പിക്കാനുള്ള അട്ടിമറിയാണെന്നും സതീശന്‍.
കട്ടാക്കട ക്രിസ്ത്യന്‍ കോളെജിലെ എസ്എഫ്‌ഐ ആള്‍മാറാട്ട കേസിലെ എഫ്‌ഐആറില്‍ രണ്ടാം പ്രതിയായ എ വിശാഖിന്റെ പ്രായം 19 എന്നു തെറ്റായി രേഖപ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം. കേരള സര്‍വകലാശാലയിലെ രേഖകള്‍ പ്രകാരം 25 വയസുള്ള വിശാഖിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ല. അതിനാലാണ് ആള്‍മാറാട്ടം നടത്തിയത്.
പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാവര്‍ക്കും സൗകര്യമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ചിലര്‍ ദുരാരോപണങ്ങള്‍ പരത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും പ്ലസ് വണ്‍ പ്രവേശന സമയത്ത് ഈ ആരോപണങ്ങള്‍ ഉര്‍ന്നിരുന്നു. മന്ത്രി പറഞ്ഞു.
താന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ പിവി. ശ്രീനിജന്‍ എംഎല്‍എ കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടത് സംസ്ഥാന കൗണ്‍സിലിന്റെ എതിര്‍പ്പ് മറികടന്നാണെന്നും ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാറില്‍ ഒപ്പുവയ്പിച്ചതെന്നും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍. പനമ്പിള്ളി നഗര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത സംസ്ഥാന കൗണ്‍സിലിനാണ്. ജില്ലാ കൗണ്‍സിലിന് അവകാശം ഉണ്ടെന്ന എംഎല്‍എയുടെ വാദം തെറ്റാണെന്നും മേഴ്സി കുട്ടന്‍ പറഞ്ഞു.
നടന്‍ ഉണ്ണി മുകുന്ദനെതിരായ ലൈംഗിക പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീര്‍പ്പാക്കിയെന്നു നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരി ഇത് നിഷേധിച്ച് സത്യവാങ്മൂലം നല്‍കിയിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിലെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുത്തില്ലെന്ന് ആരോപണമുയര്‍ന്ന ആശുപത്രി സൂപ്രണ്ടിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. ഡോ. കെ.കെ രാജാറാമിനെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു.
തൃശൂര്‍ കയ്പമംഗലത്ത് ഗ്യാസ് ടാങ്കര്‍ ഇടിച്ച് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവര്‍ മരിച്ചു. പനമ്പിക്കുന്നില്‍ ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. സൂററ്റില്‍നിന്നു റബ്ബറുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവര്‍ കര്‍ണാടക സ്വദേശി ചന്ദ്രപ്പ രാംപൂര്‍ (59) ആണ് മരിച്ചത്. ലോറിയിലെ ചരക്കിന് മുകളിലെ ടാര്‍പായ അഴിഞ്ഞതു കെട്ടിയുറപ്പിക്കാനാണ് ലോറി റോഡരികില്‍ നിര്‍ത്തിയിട്ടത്.
പാക്കിസ്ഥാനിലെ ജയിലില്‍ മരിച്ച കപ്പൂര്‍ സ്വദേശി സുള്‍ഫിക്കറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി പഞ്ചാബിലെ അമൃത്സറില്‍ സംസ്‌കരിക്കും. സുള്‍ഫിക്കറിന്റെ വിദേശത്തുള്ള സഹോദരന്‍മാരില്‍ ഒരാള്‍ അമൃത്സറില്‍ എത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷമായി സുള്‍ഫിക്കറ്റിനെക്കുറിച്ച് വീട്ടുകാര്‍ക്ക് ഒരു വിവരവുമില്ലായിരുന്നു.
ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ബിജെപി സര്‍ക്കാറിന്റെ പദ്ധതികളില്‍ പുനപരിശോധന നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
മലയാളിയായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാവും. നാളെയാണ് തെരഞ്ഞെടുപ്പ്. നേരെത്തെ ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീല്‍ എന്നിവരെയാണ് പാര്‍ട്ടി പരിഗണിച്ചിരുന്നത്.
കര്‍ണാടകയില്‍ മന്ത്രി സ്ഥാനം കിട്ടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ജിഎസ് പാട്ടീലിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികളാണ് സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്.
പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വിവാദത്തില്‍ കോണ്‍ഗ്രസിന്റെ രീതിയാണ് ബിജെപി പിന്തുടരുന്നതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. 1975 ല്‍ പാര്‍ലമെന്റ് അനക്‌സ് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു. പാര്‍ലമെന്റ് ലൈബ്രറിക്കു തറക്കല്ലിട്ടത് രാജീവ് ഗാന്ധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.