mid day hd 14

 

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരണ്‍ റിജ്ജുവിനെ നീക്കം ചെയ്തു. പകരം പാര്‍ലമെന്ററി കാര്യ സാംസ്‌കാരി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിനു നിയമ വകുപ്പിന്റെ സ്വതന്ത്ര ചുതമലയുള്ള സഹമന്ത്രിയായി. രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ് അര്‍ജുന്‍ റാം. കിരണ്‍ റിജ്ജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. സുപ്രീം കോടതിയുമായി പലതവണ ഏറ്റുമുട്ടിയയാളാണ് കിരണ്‍ റിജ്ജു.

കര്‍ണാടകത്തില്‍ ഡി.കെ. ശിവകുമാര്‍ അയഞ്ഞത് സോണിയാഗാന്ധിയുടെ ശക്തമായ ഇടപെടല്‍മൂലം. മുഖ്യമന്ത്രിപദം ആദ്യ രണ്ടു വര്‍ഷം വേണമെന്നും സിദ്ധരാമയ്യയുടെ മന്ത്രിസഭയില്‍ ചേരില്ലെന്നും ശഠിച്ചിരുന്ന ശിവകുമാര്‍ വഴങ്ങിയത് സോണിയയുടെ മധ്യസ്ഥതയിലാണ്. ഇന്നു പുലര്‍ച്ചെയോടെയാണ് സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകാമെന്നു ശിവകുമാര്‍ സമ്മതിച്ചത്.

കൂടുതല്‍ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. കല്‍ക്കരി വില വന്‍തോതില്‍ വര്‍ധിച്ചതുമൂലമാണ് കമ്പനികള്‍ വൈദ്യുതി നിരക്കു കൂട്ടിയത്. ജൂലൈ ഒന്നുമുതല്‍
യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്ന നിര്‍ദേശമാണു പരിഗണനയിലുള്ളത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍. കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യം കൊണ്ടു പോകാമെങ്കില്‍ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. അല്ലാത്തപക്ഷം കൊച്ചി കോര്‍പ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്‍ ആവശ്യപ്പെട്ടു.

ദ കേരള സ്റ്റോറി സംവിധായകന്‍ സുദീപ്‌തോ സെന്നിന്റെ പരിപ്പ് ഇവിടെ വേവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.
സുധിപ്‌തോ സെന്‍, കേരളം എന്തെന്ന് താങ്കള്‍ക്ക് അറിയില്ലെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുദീപ്‌തോ സെന്‍ ഉത്തര കേരളം ഭീകര ശൃംഖലയുടെ കേന്ദ്രമാണെന്ന് അധിക്ഷേപിച്ചു സംസാരിച്ചിരുന്നു.

കാട്ടാക്കട കോളേജില്‍ എസ്എഫ്‌ഐക്കു വേണ്ടി യുയുസി ആള്‍മാറാട്ടം നടത്തിയ പ്രിന്‍സിപ്പല്‍
ജി.ജെ. ഷൈജുവിനെതിരെ സര്‍വകലാശാല നടപടി എടുത്തേക്കും. ഷൈജുവിനെ സര്‍വകലാശാലാ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ചാണ് ഏരിയാ സെക്രട്ടറിയായിരുന്ന വിശാഖിന്റെ പേരു ചേര്‍ത്തത്. 23 വയസു കഴിഞ്ഞ വിശാഖിന് ചട്ടപ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ അയല്‍വാസിയെ വെട്ടിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ കേസിലാണ് മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയില്‍ മനു (കൊച്ചുകുട്ടന്‍ -33) പിടിയിലായത്.

ഹരിപ്പാട്ടെ ബാറിനു സമീപം യുവാവിനു കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. താമല്ലാക്കല്‍ കൃഷ്ണ കൃപയില്‍ രാഹുല്‍ (ചെമ്പന്‍ രാഹുല്‍ 27), കരുവാറ്റ പുത്തന്‍ തറയില്‍ പടീറ്റതില്‍ കണ്ണന്‍ രാമചന്ദ്രന്‍ (30) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു. 72 വയസായിരുന്നു.

മുംബൈ ഭീകരാക്രമണകേസില്‍ പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറാന്‍ യുഎസ് കോടതിയുടെ ഉത്തരവ്. കുറ്റവാളി കൈമാറ്റ ഉടമ്പടിയനുസരിച്ച് ഇന്ത്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് റാണയെ അറസ്റ്റു ചെയ്തത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *