mid day hd 28

 

ജി 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ രണ്ടാം സമ്മേളനം കുമരകത്ത് ആരംഭിച്ചു. രാഷ്ട്രത്തലവന്മാരുടെ പ്രതിനിധിയായി ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ നയിക്കുന്ന ഷെര്‍പകളുടെ സമ്മേളനമാണ് നടക്കുന്നത്. ഇന്ത്യയുടെ ഷെര്‍പ അമിതാഭ്കാന്താണ് അധ്യക്ഷത വഹിക്കുന്നത്. നാലു ദിവസത്തെ സമ്മേളനത്തില്‍ സാമ്പത്തിക, വികസന മുന്‍ഗണനകളും ആഗോള സാമ്പത്തിക വെല്ലുവിളികളും ചര്‍ച്ചയാകും. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രത്തലവന്മാരുടെ ജി 20 ഉച്ചകോടിയിലേക്കുവേണ്ട നയരൂപീകരണമാണ് ഷെര്‍പകളുടെ സമ്മേളനത്തില്‍ നിര്‍വഹിക്കുന്നത്.

രാജ്യാന്തര വിമാന യാത്രാ നിരക്ക് മൂന്നിരട്ടിവരെ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. കാനഡ, യുഎസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിന്റെ മൂന്നിരട്ടിയാണ് തിരികേ അങ്ങോട്ടു പോകാന്‍ ഈടാക്കുന്നത്. ന്യൂയോര്‍ക്കില്‍നിന്നു തിരുവനന്തപുരത്തേക്ക് 38000 രൂപയാണെങ്കില്‍ തിരികേ ന്യൂയോര്‍ക്കിലേക്ക് 95,000 രൂപയാണ്.

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ഇന്നു വൈകുന്നേരം അഞ്ചിനു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. വൈക്കം കായലോര ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ അമ്പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് കെപിസിസി പറയുന്നത്.

വിവാഹ ആലോചന നിരസിച്ചതിന് സൂര്യഗായത്രി എന്ന യുവതിയെ കുത്തികൊന്ന കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. നെടുമങ്ങാട് കരിപ്പൂരില്‍ വീട്ടില്‍ കയറി സൂര്യഗായത്രിയെ സുഹൃത്തായിരുന്ന അരുണ്‍ കുത്തിക്കൊന്നെന്നാണു കേസ്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

ലാഭവിഹിതം വാഗ്ദാനം ചെയ്തു കബളിപ്പിച്ചെന്ന് ആരോപിച്ച് സോണ്‍ട ഇന്‍ഫ്രാടെക്കിനെതിരെ കേസ്. ബംഗളുരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ആണ് കേസ്. ജര്‍മന്‍ പൗരനായ പാട്രിക് ബോര്‍ ആണ് പരാതിക്കാരന്‍. 20 കോടി രൂപ നല്‍കിയെന്നും ലാഭ വിഹിതം തരാതെ കബളിപ്പിച്ചെന്നുമാണു കേസ്.

അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ നടത്തുന്ന ജനകീയ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ഏഴു ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന ഹൈക്കോടതി വിധി ലംഘിച്ചെന്നും കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കാണെന്നും ആരോപിച്ചാണു നോട്ടീസ്.

അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ പത്തു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. രാജാക്കാട്, സേനാപതി, ബൈസണ്‍വാലി എന്നീ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കിയത്. ഹര്‍ത്താല്‍ അനുകൂലികള്‍ ചിന്നക്കനാലിലും പെരിയ കനാലിലും ബോഡി മെട്ടിലും ദേശീയപാത ഉപരോധിച്ചു.

ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ അഭിഭാഷകനെതിരായ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ പ്രതി അഡ്വ. സൈബി ജോസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ നാലിനു കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെട്ടത്. 16 പ്രതികളാണുള്ളത്. സാക്ഷികളില്‍ 24 പേര്‍ കൂറുമാറിയിരുന്നു.

നെടുമങ്ങാട് അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനേയും വെട്ടി ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യാമാതാവ് നാദിറ മരിച്ചു. നാളെ വിരമിക്കാനിരുന്ന മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറും വെട്ടേറ്റ ഭാര്യ ആശുപത്രിയില്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമായ മുംതാസും ആശുപത്രിയില്‍ ചികില്‍സയിലാണ്.

പൊലീസുകാരന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോഡ് ആദൂര്‍ സ്റ്റേഷനിലെ പെര്‍ളടുക്കം സ്വദേശി
കെ അശോകന്‍ (45) ആണ് മരിച്ചത്. .

പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് 75 പവന്‍ കവര്‍ന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അജിത്ത് അടക്കം ആറുപേര്‍ കൂടി പിടിയില്‍. കുന്നത്തൂര്‍മേട് ബ്രാഞ്ച് സെക്രട്ടറി അജിത്തിനെ സിപിഎം പുറത്താക്കി. മീനാക്ഷിപുരം സൂര്യപാറയില്‍ വച്ച് ബസ് തടഞ്ഞ് 30 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ്.

ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ആറു പേര്‍ പിടിയില്‍. സ്വര്‍ണക്കടത്തുരായ മൂന്നു യാത്രക്കാരെ പൊലീസുകാരെന്ന വ്യാജേന വാഹനത്തില്‍ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം.
പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി മണ്ണൊര്‍ക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്.

ചേര്‍ത്തല ദേവീ ക്ഷേത്രത്തിനു സമീപം ഹോട്ടലിനു തീപിടിച്ചു. നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഹോട്ട് ആന്‍ഡ് പ്ലേറ്റ് എന്ന ഹോട്ടലാണ് കത്തിയത്.

അമ്പലപ്പുഴയില്‍ മകന്‍ ആത്മഹത്യ ചെയ്തതിനു പിറകേ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് തെക്കേയറ്റത്ത് വീട്ടില്‍ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൊലക്കേസിലടക്കം പ്രതിയായ പറട്ട അരുണ്‍ (37) ആണ് നാലാം തവണയും പിടിയിലായത്.

തൃശൂര്‍ മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരന്‍ വെട്ടേറ്റു മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാം ആണ് മരിച്ചത്. അമ്മ നജ്മക്കു വെട്ടേറ്റു. അമ്മാവന്‍ ജമാലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് ജമാലു വാക്കത്തി വീശിയത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മലപ്പുറത്തുള്ള പാര്‍ക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡു ചെയ്തു. അരീക്കോട് വിളയില്‍ ചെറിയപറമ്പ് കരിമ്പനക്കല്‍ മൂത്തേടത്ത് മുഹമ്മദ് റബീഹ് (23)നെയാണ് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്.

മോദി വിരുദ്ധ പരാമര്‍ശത്തിന് ഏപ്രില്‍ 12 ന് രാഹുല്‍ഗാന്ധി പാറ്റ്‌ന കോടതിയില്‍ ഹാജരാകണമെന്നു നോട്ടീസ്. ബി ജെ പി നേതാവ് സുശീല്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് കുമാര്‍ മോദി. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മ്മനി. ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവാണ് ഇങ്ങനെ പ്രതികരിച്ചത്.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് കീഴടങ്ങാന്‍ മൂന്നു നിബന്ധനകള്‍ മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ട്. താന്‍ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം. തന്നെ പഞ്ചാബ് ജയിലില്‍ പാര്‍പ്പിക്കണം. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കരുത് എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചതെന്നാണു സൂചന.

ഡല്‍ഹിയില്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പോസ്റ്റര്‍ പോര്. ‘ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാഭ്യാസമുള്ളയാള്‍ ആകേണ്ടേ’ എന്ന പോസ്റ്ററുകള്‍ ആം ആദ്മി പാര്‍ട്ടി ഓഫസിന്റെ മതിലിലാണ് പതിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ‘മോദിയെ പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ’വെന്ന പോസ്റ്ററുകളാണ് പ്രചരിപ്പിച്ചിരുന്നത്. അന്നു പോസ്റ്റര്‍ പതിപ്പിച്ചതിന് ആറു പേരെ അറസ്റ്റു ചെയ്യുകയും നൂറോളം കേസെടുക്കുകയുംചെയ്തിരുന്നു.

അബുദാബി കിരീടവകാശിയായി മൂത്ത മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്ക്ക് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ വൈസ് പ്രസിഡന്റായും നിയമിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *