mid day hd 2

 

ശുഹൈബ് വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതു ധിക്കാരമാണ്. സതീശന്‍ പറഞ്ഞു.

ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ജയിലില്‍ ആറു മണിക്കൂര്‍ ഫോണിലൂടെ കാമുകിയുമായി സംസാരിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ്. നേതാക്കള്‍ നിര്‍ദേശിച്ചതനുസരിച്ചാണു കൊലപാതകം നടത്തിയതെന്ന് ആകാശ് വെളിപ്പെടുത്തിയിരിക്കേ പുനരന്വേഷണം വേണമെന്ന് സിദ്ധിഖ് ആവശ്യപ്പെട്ടു. കേസിലെ 11 പ്രതികള്‍ സിപിഎം കൊട്ടേഷന്‍ സംഘമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ടി സിദ്ദിഖ് കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ നാടിന്റെ വികസനം തടയാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചത് ഗൗരവമായി കാണണം. 2016 ലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകാരമാണ് തുടര്‍ഭരണം. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു. 74,000 കോടി രൂപയുടെ 933 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തംമൂലം കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. കിലോമീറ്ററുകള്‍ അകലേക്ക് വരെ പുക വ്യാപിച്ചു. മുന്‍പ് തീ പിടുത്തമുണ്ടായപ്പോള്‍ മൂന്നു ദിവസത്തിലേറെ സമയമെടുത്താണ് അണച്ചത്.

മീനങ്ങാടിക്കടുത്ത കാര്യമ്പാടിയില്‍ തിമിംഗല ഛര്‍ദ്ദി (ആംബര്‍ ഗ്രീസ്)യുമായി രണ്ടു പേര്‍ വനംവകുപ്പിന്റെ പിടിയിലായി. പത്ത് കിലോ ആംബര്‍ഗ്രീസുമായി കാര്യമ്പാടി സ്വദേശിയായ വി.ടി. പ്രജീഷ്, മുട്ടില്‍ കൊളവയല്‍ സ്വദേശി കെ. രെബിന്‍ എന്നിവരെയാണു പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് വാട്‌സ് അപ് ഗ്രൂപ്പിലെ ചാറ്റ് ചോര്‍ച്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിനു കത്തയച്ച് വിവരം മാധ്യമങ്ങളെ അറിയിച്ചതിനു സസ്‌പെന്‍ഷനിലായ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരുടെ സസ്‌പെന്‍ഷന്‍ ദേശീയ നേതൃത്വം പിന്‍വലിച്ചു. എന്‍എസ് നുസൂറിന്റെയും എസ് എം ബാലുവിന്റെയും സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

പത്തനംതിട്ട മലയാലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെയാണ് വഴിയില്‍ ഇറക്കിവിട്ടത്. പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചു.

മീന്‍കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ പത്തനംതിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപുവിനെ സിഐടിയു നേതാവ് പത്തനംതിട്ട നഗരസഭ ഓഫീസില്‍ എത്തി ഭീഷണിപ്പെടുത്തി. മത്സ്യ തൊഴിലാളി യൂണിയന്‍ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്ത് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഹെല്‍ത്ത് ഇന്‍സ്പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി.

സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം നിയന്ത്രിച്ചേ പറ്റൂവെന്ന് ജസ്റ്റീസ് എം രാമചന്ദ്രന്‍. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനിരക്ക് ഇളവ് നല്‍കുന്നതു പ്രായോഗികമല്ല. ജസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയെ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ആലപ്പുഴ സി പി എമ്മില്‍ കമ്മീഷന്‍ വിവാദവും. പഞ്ചായത്തുമായുള്ള വസ്തു തര്‍ക്കം പരിഹരിക്കാന്‍ സിപിഎം നേതാവ് ഒരു ലക്ഷം രൂപയും മൂന്ന് സെന്റ് ഭൂമിയും കമ്മീഷന്‍ ചോദിച്ചെന്ന് ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ ജില്ലാ കമ്മിറ്റിക്കു പരാതി നല്‍കി. സിപിഎം ചേര്‍ത്തല എരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്യാംകുമാറിനെതിരെയാണ് പരാതി.

വാട്ടര്‍ തീം പാര്‍ക്കിലേക്കു വിനോദയാത്ര പോയ എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെയും പനങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പനി. ഏതാനും പേര്‍ക്ക് എലിപ്പനിയാണു പിടികൂടിയത്.

എറണാകുളം വല്ലം പാറക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം അശാസ്ത്രീയമെന്ന നാട്ടുകാര്‍. അപ്രോച്ച് റോഡിന്റെ രൂപരേഖ മാറ്റിയതോടെ പ്രദേശത്തെ തോടിന്റെ നീരൊഴുക്ക് തടസപ്പെട്ടു. അപകട വളവും രൂപപ്പെട്ടു. കലുങ്ക് നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍ ഭീഷണിയും ഉണ്ടെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാത്ത മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍പിപിക്ക് പിന്തുണയുമായി രണ്ട് അംഗങ്ങളുള്ള ബിജെപി. കോണ്‍റാഡ് സാംഗ്മയ്ക്കു ബിജെപിപി പിന്തുണക്കത്ത് നല്‍കി. സംസ്ഥാനത്ത് 26 സീറ്റ് നേടിയ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. 11 സീറ്റ് നേടിയ യുഡിപിയാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി.

കര്‍ണാടകത്തില്‍ നാല്‍പതു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎല്‍എയുടെ ഐഎഎസ് ഓഫീസറായ മകന്‍ അറസ്റ്റില്‍. ദാവനഗരെ ചന്നാഗിരി എംഎല്‍എയും കര്‍ണാടക സോപ്‌സ് ചെയര്‍മാനുമായ മാഡല്‍ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാറിനെയാണു ലോകായുക്ത അറസ്റ്റു ചെയ്തത്. ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ ഇയാള്‍ കരാറുകാരനു ബില്‍ മാറി പണം അനുവദിക്കാന്‍ 81 ലക്ഷം രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.

മൈസൂരു – ബംഗളൂരു എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ബെംഗളുരു മുതല്‍ മാണ്ഡ്യ ജില്ലയിലെ നിദാഘട്ട വരെയുള്ള എക്സ്പ്രസ് വേയുടെ ആദ്യ റീച്ചിന്റെ ശേഷഗിരിഹള്ളി ടോള്‍ പ്ലാസയിലാണ് ടോള്‍ ഈടാക്കുന്നത്.
കാറില്‍ ഒരു യാത്രയ്ക്ക് 135 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കില്‍ 205 രൂപയുമാണു ടോള്‍.

ഡല്‍ഹി അടക്കം രാജ്യത്തെ ആയിരത്തോളം സ്ഥലങ്ങളുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ആശ്വനി കുമാര്‍ ഉപാധ്യായാ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷ നല്‍കി. ഇതേ ആവശ്യവുമായി ഹര്‍ജി നല്‍കിയ ഇയാളോട് മതേതര രാജ്യത്തു കലാപമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നു കഴിഞ്ഞയാഴ്ച സുപ്രീം കോടതി ശാസിച്ചിരുന്നു. ഡല്‍ഹിയെ ഇന്ദ്രപ്രസ്ഥം എന്നു പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം. മറ്റു സ്ഥലങ്ങളുടെ പേരു മാറ്റാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിനു നേരെ വെടിവയ്പ്. മെസിക്കെതിരെ കൈപ്പടയില്‍ എഴുതിയ ഭീഷണി സന്ദേശവും ഉപേക്ഷിച്ചാണ് അക്രമികള്‍ മടങ്ങിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *