ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍ ‘വണ്ടി കയറി നായ ചത്താല്‍ ഡ്രൈവര്‍ സങ്കടപ്പെടുമോ’യെന്നാണ് മോദി ചോദിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. ജനത്തെ നായയോട് ഉപമിച്ചയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ ആരംഭിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നരേ അഞ്ചുവരെയാണു സത്യഗ്രഹം. രാഹുല്‍ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്. സത്യത്തിന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും അപമാനിക്കാനാണ് മോദി ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു
രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരം അട്ടിമറിക്കാന്‍ പതിനട്ടടവും പയറ്റി പോലീസ്. സത്യഗ്രഹത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചു. നിരോധനാജ്ഞ നിലവിലുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു വിലക്ക്. പോലീസ് നല്കിയ കത്ത് എഐസിസിയും ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇതോടെയാണ് നിരോധന ഉത്തരവു പിന്‍വലിച്ച് സത്യഗ്രഹത്തിന് അനുമതി നല്‍കിയത്. പ്രതിഷേധത്തിനു വിലക്ക് ഏര്‍പ്പെടുത്തുന്നത് രാജ്യത്തു ജനാധിപത്യമില്ലെന്നതിനു തെളിവാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അയോഗ്യനാക്കപ്പെട്ട എംപി എന്നു ട്വിറ്ററിലെ ബയോയില്‍ തിരുത്തല്‍ വരുത്തി രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഇന്നു രാവിലെയാണ് ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തിയത്. 2.30 കോടി ആളുകളാണ് ട്വിറ്ററില്‍ രാഹുലിനെ പിന്തുടരുന്നത്.
സഹകരണ ബാങ്കുകള്‍ വിവിധ പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് ഒരു ശതമാനം വര്‍ധിപ്പിക്കണമെന്ന് സഹകരണ സ്ഥാപനങ്ങള്‍. വിഷയം നാളെ മന്ത്രിതല യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. എട്ടര ശതമാനത്തില്‍നിന്ന് ഒമ്പതര ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. സാമൂഹ്യ സുരക്ഷാ പെന്ഷന് കമ്പനി മുതല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വരെ ധനസമാഹരണത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നത് സഹകരണ കണ്‍സോഷ്യങ്ങളെയാണ്.
കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് ഗവര്‍ണര്‍. ഹൈകോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കാമെന്നാണ് ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പിഴവുകളുണ്ടെന്നാണു നിയമോപദേശം.
തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഹെില് പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ജിമ്മിയെ സസ്പെന്‍ഡ് ചെയ്തത്. കൈകാണിച്ചു നിര്‍ത്താതെ ഓടിച്ചുപോയ ഇരുമ്പനം സ്വദേശി മനോഹരനാണ് (53) കൊല്ലപ്പെട്ടത്. ഇയാളുടെ ഹെല്‍മെറ്റ് അഴിപ്പിച്ച് മുഖത്ത് അടിക്കുന്നതു കണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു.
തൃപ്പുണിത്തുറ കസ്റ്റഡി മരണത്തില്‍ സി ഐ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിഐ അവിടെ നടത്തുന്നത് ക്രൂരമായ മര്‍ദനമാണ്. പൊലീസ് സ്റ്റേഷനെതിരെ വ്യാപക പരാതി ഉണ്ട്. സതീശന് പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായെന്ന് പരാതി. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ നഷ്ടമായെന്നാണ് പരാതി. 2021 ല്‍ ബാങ്കിന് പരാതി നല്‍കിയിരുന്നെങ്കിലും പലിശയനിത്തില്‍ നല്കിയ അധിക തുക തിരിച്ചു പിടിച്ചതാണിതെന്നാണ് ബാങ്കുകാരുടെ വിശദീകരണം.
കുമരകത്ത് ജി 20 രാഷ്ട്രങ്ങളിലെ ഉദ്യോഗസ്ഥരുടെ സമ്മേളനം 30 മുതല്‍ ഏപ്രില്‍ രണ്ടുവരെ. സമ്മേളനത്തിനു ജി 20 പ്രതിനിധികള്‍ കടന്നുപോകുന്ന വഴിയിലെ പണിതീരാത്ത പാലം മറയ്ക്കാന്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചു പണിയുന്ന വെച്ചൂരിലെ അഞ്ചുമന പാലത്തിനു ചുറ്റുമാണ് ജി 20 യോഗത്തിന് ആശംസയര്‍പ്പിച്ചുള്ള വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
എംപി സ്ഥാനത്തനിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കല്ല, സിപിഎമ്മിന്റെ പിന്തുണ ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരേയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കല്പിച്ചിരിക്കേ, വയനാട് ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള അവകാശം തങ്ങള്‍ക്കു വേണമെന്ന് കേരള എന്‍ഡിഎയിലെ കക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടു.
നടന് ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം. രക്തത്തില്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞു. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങള്‍ അനുകൂലമല്ലെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
വിജിലന്‍സ് പരിശോധനക്കിടെ മുങ്ങിയ ഡിവൈഎസ്പിക്ക് സസ്പെന്ഷന്. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേലായുധന് നായരെ ആണ് സസ്പെന്‍ഡു ചെയ്തത്.
വര്‍ക്കല സംഗീത കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ഗോപുവിനെതിരെ കൊലക്കുറ്റം ചുമത്തിയ കേസില്‍ എണ്‍പതോളം സാക്ഷികളുണ്ട്. വ്യാജപ്പേരില്‍ സൗഹൃദം സ്ഥാപിച്ച ഗോപു ഡിസംബര്‍ 28
ന് ലര്‍ച്ചെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ സംഗീതയെ കഴുത്തറുത്തു കൊല്ലുകയായിരുന്നു.
തിരുവന്തപുരം പോഴിക്കരയില്‍ കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൊഴിയൂര്‍ ഉച്ചക്കട വിരാലി പൗര്‍ണമിഹൗസില്‍ ബിനുമോന്-ബിന്ദു ദമ്പതികളുടെ മകന് അഭിജിത് (21) ആണ് മരിച്ചത്.
കോവളം – കാരോട് ബൈപാസില്‍ ഗതാഗതം തടഞ്ഞ് വാഹനങ്ങള്‍ തിരിച്ച് വിടാന്‍ നിരത്തിയിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കിനുള്ളില്‍ റേസിംഗ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്നു. പുറത്തെടുക്കാന്‍ പറ്റാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്ക് ഓടിച്ചിരുന്നയാളേയും ബൈക്കിന്റ ഉടമയേയും തെരയുകയാണെന്നു വിഴിഞ്ഞം പൊലീസ്.
ബെംഗലൂരുവില്‍നിന്നും കേരളത്തിലേക്ക് ബസില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവും യുവതിയും അങ്കമാലിയില്‍ പിടിയില്‍. ഇടുക്കി രാജകുമാരി സ്വദേശി ആല്‍ബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
പശുവിനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ചിതറ ഇരപ്പില്‍ സ്വദേശി സുമേഷാണ് പിടിയിലായത്. ക്ഷീര കര്‍ഷകനായ സലാഹുദീന്റെ പശുവിനെയാണ് ഇയാള്‍ ഉപദ്രവിച്ചത്. മാസങ്ങള്‍ക്കു മുമ്പ് സലാഹുദീന്റെ ഒരു പശു ചത്തിരുന്നു. പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പറഞ്ഞിരുന്നെന്ന് പോലീസ്.
തൃശൂര്‍ കുന്നേകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടില്‍ അഭിഷേകിനെയാണ് (22) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലായത്.
സ്കൂട്ടറില്‍ കടത്തിയ 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. പാണാവള്ളി കളത്തിത്തറ വീട്ടില്‍ അനില്‍കുമാര്‍ (50), അരൂക്കുറ്റി മുല്ലപ്പള്ളി വീട്ടില്‍ ഗോകുലന് (53) എന്നിവരെയാണ് പിടികൂടിയത്.
നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ തല്ലിയതിന്റെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതിക്കെതിരേ കേസ്. കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയക്കെതിരേയാണു കേസ്.
അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിദേശ വനിതകള്‍ പൊലീസ് സ്റ്റേഷനില്‍. ഇറ്റലിക്കാരായ റെഗീന, മേരി എന്നിവരാണ് തങ്ങളെ കാറിടിച്ച് നിര്‍ത്താതെ പോയെന്ന പരാതിയുമായി തിരുവനന്തപുരം വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാല്‍ എസ്റ്റേറ്റ് ഭാഗത്ത് ജീപ്പ് കാട്ടാന ആക്രമിച്ചു.
മുപ്പത്താറ് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 വണ്‍ വെബ്ബ് ദൗത്യം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നിന്നാണു വിക്ഷേപിച്ചത്. ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാതാവായ വണ്‍ വെബ്ബുമായി ഇസ്രോ കൈകോര്‍ക്കുന്ന രണ്ടാം ദൗത്യമാണിത്.
രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനെയാണ് മോദിയും ബിജെപിയും രാജ്യദ്രോഹിയെന്നു വിളിച്ച് ആക്ഷേപിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അദാനി- മോദി ബന്ധം പുറത്താകുന്നതില്‍ ചിലര്‍ക്കു പേടിയുണ്ട്. രാജ്യത്തിന്റെ സമ്പത്ത് അദാനിയടക്കം കൊള്ളയടിക്കുന്നതിനെ ചോദ്യം ചെയ്യണമെന്നും പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു.
അവയവദാനത്തിലൂടെ ഒന്‍പതു പേര്‍ക്കുവരെ പുനര്‍ ജീവന് നല്കാന് കഴിയുമെന്നും അവയവദാനത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന് കി ബാത്തില്‍. 2013 ല്‍ അയ്യായിരത്തോളം പേര് മാത്രമാണ് രാജ്യത്ത് അവയവങ്ങള്‍ ദാനം ചെയ്തത്. 2022 ല്‍ അത് പതിനയ്യായിരത്തില്‍ കൂടുതലായി ഉയര്‍ന്നെന്നും മോദി പറഞ്ഞു.
ബാരിസ്റ്ററായിരുന്ന മഹാത്മാ ഗാന്ധിക്ക് ഒരു ബിരുദം പോലും ഉണ്ടായിരുന്നില്ലെന്ന കണ്ടുപിടിത്തവുമായി ജമ്മു കാഷ്മീര്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. മനോജ് സിന്‍ഹയുടെ പരാമര്‍ശത്തെ വെറും ചവറെന്നാണ് മഹാത്മാഗാന്ധിയുടെ കൊച്ചുമകന് തുഷാര്‍ ഗാന്ധി പ്രതികരിച്ചത്.