രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ നിയമോപദേശം തേടി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.
സംസ്ഥാനത്തെ നെല്ലു കര്‍ഷകര്‍ക്ക് സപ്ലൈകോയുടെ ഇരുട്ടടി. അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലത്തെ നെല്ല് അളക്കുമ്പോള്‍ നല്‍ വിലയിലെ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ എട്ടു രൂപ 42 പൈസ നല്‍കില്ലെന്നാണു സപ്ലൈകോയുടെ ഉത്തരവെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഒരു കിലോ നെല്ലിന് 28 രൂപ 40 പൈസയാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ ഇനി അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലത്തെ നെല്ല് സംഭരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 20 രൂപ 40 പൈസ മാത്രമേ നല്‍കൂവെന്നാണ് സപ്ലൈകോയുടെ തീരുമാനം.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനിക്കു നല്‍കാന്‍ സര്‍ക്കാര്‍ സഹകരണ കണ്‍സോഷ്യത്തില്‍നിന്ന് 550 കോടി രൂപ വായ്പയെടുക്കുന്നു. ഹഡ്‌കോ വായ്പ വൈകുന്നതിനാലാണ് സഹകരണ കണ്‍സോഷ്യത്തില്‍നിന്ന് വായ്പയെടുക്കുന്നത്. പണത്തിനായി അദാനി ഗ്രൂപ്പ് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കേ, വയബിളിറ്റി ഗ്യാപ് ഫണ്ട് കൂടി വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടിയും സംസ്ഥാനം തുടങ്ങി. പുലിമുട്ട് നിര്‍മാണ ചെലവിലേക്കു സംസ്ഥാനം നല്‍കേണ്ടത് 347 കോടി രൂപയാണ്.
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
കോട്ടയം പഴയിടം ഇരട്ടക്കൊല കേസില്‍ പ്രതി അരുണ്‍ കുമാറിനു വധശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. 2013 ഓഗസ്റ്റ് 28 നു രാത്രിയിലാണ് പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയും (68) ഭര്‍ത്താവ് ഭാസ്‌കരന്‍നായരും (71) വീട്ടില്‍ കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു മരണം. തങ്കമ്മയുടെ ബന്ധുവാണ് പ്രതിയായ അരുണ്‍ ശശി.
ബ്രഹ്‌മപുരം തീ പിടുത്തത്തെക്കുറിച്ചും സോണ്‍ട ഇന്‍ഫ്രാടെക് കമ്പനിക്ക് കരാര്‍ നല്‍കിയതിനെക്കുറിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം സ്വീകര്യമല്ല. സോണ്‍ട കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പുകള്‍ അന്വേഷിച്ച വിജിലന്‍സ് ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. 15 തട്ടിപ്പുകളില്‍ പ്രാഥമിക അന്വേഷണം നടത്താനും വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടര്‍മാരും പ്രതികളാകും.
സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ക്കും ബാറുകളെപോലെ ക്ലാസിഫിക്കേഷന്‍ വരുന്നു. അടുത്ത മാസം നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കും. കള്ളു വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്.
രാഷ്ട്രീയ പകപോക്കലിനു കോടതികളെ ദുരുപയോഗിക്കുന്ന സ്ഥിതിയിലേക്ക് അധപതിക്കരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ സൂററ്റ് കോടതിയുടെ വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ഒട്ടേറെ സംശയങ്ങള്‍ ഉയരും. ഇത്തരം വിധി ജനം അംഗീകരിക്കില്ലെന്നും ജയരാജന്‍.
കാസര്‍കോട് കോടോത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പറമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്. മൂന്നു തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകളില്‍നിന്ന് ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാന്‍ വൃത്താകൃതിയിലുള്ള ദ്വരവുമുണ്ട്. . ചെങ്കല്ലറയ്ക്ക് 1800 ലധികം വര്‍ഷം പഴക്കമുണ്ടെന്നാണു കണക്കാക്കുന്നത്.
തിരുവനന്തപുരം കണിയാപുരത്ത് പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ പണം അടയ്ക്കാന്‍ എത്തിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്.
കൊല്ലം പോരുവഴിയില്‍ സിപിഐ സംഘടനയായ കേരള റേഷന്‍ എംപ്‌ളോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാറിന്റെ റേഷന്‍ കടയില്‍ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ വയനാട്ടിലേക്കു സ്ഥലം മാറ്റി. കുന്നത്തൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ സുജ ഡാനിയലിനെയാണ് മാറ്റിയത്. മന്ത്രി ജി.ആര്‍ അനില്‍ ഇടപെട്ട് പ്രതികാര നടപടിയെടുത്തെന്നാണ് ആരോപണം.
ബ്രഹ്‌മപുരത്തെ ബയോമൈനിംഗിനു കോര്‍പറേഷന്റെ അംഗീകാരമില്ലത്ത ഉപകരാറില്‍ സാക്ഷിയായി ഒപ്പുവച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലിന്റെ മകന്‍ വി വിഘ്‌നേഷ്. ഉപകരാര്‍ ഏറ്റെടുത്ത ആരഷ് മീനാക്ഷി എന്‍വയറോ കെയറിന്റെ എംഡിയുടെ സുഹൃത്ത് എന്ന നിലയിലാണ് സാക്ഷിയായി ഒപ്പുവച്ചതെന്നാണ് വേണുഗോപാലിന്റെ വിശദീകരണം.
നിയവിരുദ്ധമായി മുറിച്ചു വിറ്റ കുമളി ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമിയുടെ പോക്കു വരവ് കളക്ടര്‍ തടഞ്ഞു. മിച്ച ഭൂമി ഇളവു നേടിയ കുമളി ചുരക്കുളം എസ്റ്റേറ്റിലെ ഭൂമി നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്നാണ് നടപടി.
കോഴിക്കോട് റഷ്യന്‍ യുവതി കെട്ടിടത്തിനു മുകളില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസിനോട് വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന വ്യാജ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പോലീസില്‍ പരാതി നല്‍കുമെന്നും സതീശന്‍.
കോഴിക്കോട് പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരിച്ചത്.
മദ്യലഹരിയില്‍ യുവാവ് വീടിനു തീവച്ചു. വര്‍ക്കല താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ ഗോപിയുടെ വീടിനാണ് മകന്‍ അന്തോണി എന്ന ഗോപകുമാര്‍ (38) തീവച്ചത്. ഇയാള്‍ മയക്ക് മരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ നിയമ പോരാട്ടത്തിനായി കോണ്‍ഗ്രസ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ്. ഭാരത് ജോഡോ യാത്രയോടെയാണ് ബിജെപി രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് വേണുഗോപാല്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമപോരാട്ടത്തിന്. കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അടുത്ത മാസം അഞ്ചിന് ഹര്‍ജി പരിഗണിക്കും.
കള്ളവും അപകീര്‍ത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും നദ്ദ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി വിജയ് മല്യ രാജ്യം വിടുന്നതിനു മുന്‍പ് വിദേശത്തു 330 കോടി രൂപയുടെ സ്വത്ത് വാങ്ങിക്കൂട്ടിയെന്ന് സിബിഐ. ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമായാണ് സ്വത്തു വാങ്ങിയതെന്നു സിബിഐ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍കാമുകന്‍ മര്‍ദിച്ചെന്ന് ആരോപിച്ച നടി അനിഖ വിക്രമനെ താന്‍ മര്‍ദിച്ചില്ലെന്നും മദ്യലഹരിയില്‍ അനിഖതന്നെ സ്വയം നെഞ്ചിലും മുഖത്തും ഇടിച്ചു മുറിവേല്‍പിച്ചതാണെന്നും മുന്‍ കാമുകനായ അനൂപ് പിള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. വാട്‌സാപ് ചാറ്റിന്റേയും അനൂപ് പിള്ള നല്‍കിയ സാമ്പത്തിക സഹായങ്ങളുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പോസ്റ്റ്.
ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു. 68 വയസായിരുന്നു. മുംബൈയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.
ജാര്‍ക്കണ്ഡിലെ ധന്‍ബാദില്‍ പറന്നുയര്‍ന്ന ഗ്ലൈഡര്‍ മിനിറ്റുകള്‍ക്കകം വീടിനു മുകളില്‍ തകര്‍ന്നു വീണു. പൈലറ്റിനും പതിനാലുകാരനായ യാത്രക്കാരനും ഗുരുതരമായ പരിക്കേറ്റു. അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്നു നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സ്‌കൂളിലാണ് പ്യൂണും കൂട്ടാളികളുമാണു കൂട്ടബലാത്സംഗം ചെയ്തത്. പ്യൂണ്‍ അജയ്കുമാര്‍ അറസ്റ്റിലായെങ്കിലും കൂട്ടാളികളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധിച്ചതിന് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുഎപിഎ, പിഡിപിപി വകുപ്പുകള്‍ അടക്കം ചേര്‍ത്താണ് കേസെടുത്തത്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഓഫീസ് അതിക്രമിച്ചുകയറി അക്രമം നടത്തിയ ഖാലിസ്ഥാന്‍ അനുകൂലികളെ നാടുകടത്തണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ രാഷ്ട്രീയ വേട്ടയാടല്‍ ആരോപിച്ച് ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.