നിയമസഭ വീണ്ടും ബഹളത്തില്‍ മുങ്ങി. സ്പീക്കര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി നേതൃയോഗത്തില്‍ നേര്‍ക്കുനേര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പോരടിച്ചശേഷമാണ് നിയമസഭയിലെത്തിയത്. നിയമസഭയില്‍ സ്പീക്കറിന്റെ ഡയസിനു താഴെ പ്രതിഷേധിച്ചു. ഇതോടെ സ്പീക്കര്‍ ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു.
അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ വിളിച്ച അനുരഞ്ജന യോഗത്തില്‍. എംഎല്‍എമാര്‍ക്കു പറയാനുള്ളതു കേള്‍ക്കണമെന്നും അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഭ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് പ്രകോപനപരവുമായി സംസാരിക്കുന്നുവെന്ന് ഭരണപക്ഷം ആരോപിച്ചപ്പോള്‍ ബാലന്‍സ് തെറ്റി സംസാരിക്കുന്നത് ആരാണെന്ന് വി ഡി സതീശന്‍ തിരിച്ചടിച്ചു. മാത്യു കുഴല്‍ നാടന്‍ സംസാരിച്ചപ്പോള്‍ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടെന്നും വി ഡി സതീശന്‍ ചോദിച്ചു.
നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലത്തെ പ്രതിഷേധ സമരത്തിനിടെയുണ്ടായ കൈയാങ്കളിയില്‍ അടിയേറ്റ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കലാപശ്രമത്തിനു ജാമ്യമില്ലാ വകുപ്പുകളനുസരിച്ചു കേസ്. അടിച്ച ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരേ നിസാര വകുപ്പുകളനുസരിച്ചുമാത്രം കേസ്. മ്യൂസിയം പോലീസാണു രണ്ട് കേസെടുത്തത്. മര്‍ദനമേറ്റ സനീഷിന്റെ പരാതിയില്‍ സിപിഎം എംഎല്‍എമാരായ എച്ച്. സലാം, സച്ചിന്‍ദേവ്, അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്ദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മര്‍ദ്ദിച്ചെന്ന ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയത്. എന്നാല്‍ വനിത വാച്ച് ആന്‍ഡ് വാര്‍ഡന്‍ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാരായ റോജി എം ജോണ്‍, അനൂപ് ജേക്കബ്, പി കെ. ബഷീര്‍, ഉമാ തോമസ്, കെ.കെ. രമ, ഐസി ബാല കൃഷ്ണന്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസാണ് പോലീസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഗണിക്കുന്നുണ്ടെന്ന് നോബല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്ലെ തോജെ. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കി. ലോകസമാധാനത്തിനും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ടെന്നും അസ്ലെ തോജെ അഭിപ്രായപ്പെട്ടു.
നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരമാണെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിയമസഭയില്‍. തങ്ങള്‍ നടത്തിയത് സത്യാഗ്രഹ സമരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വാച്ച് ആന്‍ഡ് വാര്‍ഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചെന്നും സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിന്‍ ആകാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അടിയന്തര പ്രമേയ നോട്ടീസ് എല്ലാം അംഗീകരിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചര്‍ച്ചകളെ ഭയമാണ്. എല്ലാ ഏകാധിപതികളുടെയും രീതിയും ഇതുതന്നെയാണ്. അടിയന്തരപ്രമേയം വേണോയെന്നു സ്പീക്കറല്ല, മുഖ്യമന്ത്രിയാണു തീരുമാനിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കാനാണു ശ്രമം. 52 വെട്ടുവെട്ടി കൊന്നിട്ടും ടിപിയുടെ കുടുംബത്തെ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ സഖാക്കള്‍ ആക്രമിക്കുകയാണെന്നും സതീശന്‍.
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭാ ടിവി കമ്മിറ്റിയില്‍നിന്നു പ്രതിപക്ഷ അംഗങ്ങള്‍ രാജിവയ്ക്കും. ആബിദ് ഹുസ്സൈന്‍ തങ്ങള്‍, റോജി എം ജോണ്‍, എം വിന്‍സെന്റ്, മോന്‍സ് ജോസഫ് എന്നിവരാണ് രാജി വയ്ക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ആക്ഷേപം മറയ്ക്കാനാണ് നിയമസഭയ്ക്കു മുന്നില്‍ പ്രതിപക്ഷം സംഘര്‍ഷമുണ്ടാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. സ്പീക്കറെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധ നിലപാടാണ്. ഗോവിന്ദന്‍ പറഞ്ഞു.
ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ രീതി അശാസ്ത്രീയമാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനു റിപ്പോര്‍ട്ട് നല്‍കി. ജൂണ്‍ അഞ്ചിനകം പത്തിന കര്‍മ്മ പദ്ധതി കോര്‍പ്പറേഷന്‍ നടപ്പാക്കണമെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകരുതെന്നാണു പ്രധാന ആവശ്യം.
കൊച്ചിയില്‍ ആസിഡ് മഴയോയെന്നു പരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍. നിജസ്ഥിതി അറിയാന്‍ ദേശീയ ഏജന്‍സി പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊച്ചിയില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം നുരയും പതയും നിറഞ്ഞതും അമ്ലാംശമുള്ളതുമായിരുന്നു.
ബ്രഹ്‌മപുരം വിഷപ്പുക വിഷയം ഉന്നയിച്ച് കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസ് ഉപരോധ സമരം. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അടിച്ചോടിച്ചു. ഒരു ജീവനക്കാരനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവിട്ടി.
കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസുകാരെന്നും സുധാകരന്‍ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനു ചൂട്ടു പിടിക്കേണ്ട ഗതികേടിലാണ് അഴിമതിക്കാരനല്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ എന്നും സുധാകരന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാനനഷ്ടക്കേസിനുള്ള വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് സ്വപ്ന സുരേഷ്. മാപ്പു പറയണമെങ്കില്‍ സ്വപ്ന ഒരിക്കല്‍കൂടി ജനിക്കണം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസെടുത്താലും പിന്‍മാറില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിത്. സ്വപ്‌ന പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ വീഴ്ച ചൂണ്ടുക്കാട്ടിയതിനു സ്ത്രീത്വത്തെ വിമര്‍ശിച്ചെന്ന് ആരോപിച്ച മന്ത്രി വീണ ജോര്‍ജിനോട് ഒരു സ്ത്രീവിരുദ്ധതയും സംസാരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെടുകാര്യസ്ഥതയെ വിമര്‍ശിച്ചാല്‍ അത് സ്ത്രീവിരുദ്ധതയാകുമോ. ആര്‍ക്കാണ് കാപട്യമെന്നു ജനം തീരുമാനിക്കട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വയനാട് ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. ബ്രഹ്‌മപുരത്തു കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സ്ഥലംമാറ്റം സ്വാഭാവികമാണെന്നും രേണു രാജ് പറഞ്ഞു.
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ആയിരുന്ന രോഗിക്ക് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് വിട്ടുനല്‍കാത്തതുമൂലം രോഗി മരിച്ചെന്നു പരാതി. മലങ്കര സ്വദേശി സുധീഷാണ് ആംബുലന്‍സില്‍ മരിച്ചത്. ഡോക്ടര്‍മാരുടെ അലംഭാവമെന്നാണ് കുടുംബത്തിന്റെ ആരോപണം.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിറകേ, അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ ബെന്‍ എന്നിവരാണ് മരിച്ചത്. ലിജയുടെ 28 ദിവസം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കഴിഞ്ഞ ദിവസമാണ് മരിച്ച്. ആലക്കോട് സഹകരണ ബാങ്ക് മാനേജരായിരുന്നു മരിച്ച ലിജ.
സ്വകാര്യ ആശുപത്രിയില്‍ വനിതാ ജീവനക്കാര്‍ വസ്ത്രം മാറ്റുന്ന മുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ച അറ്റന്‍ഡര്‍ അറസ്റ്റിലായി. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാര്‍ ഏജന്‍സി ജീവനക്കാരനായ സരുണ്‍ രാജ് (20) ആണ് അറസ്റ്റിലായത്.
കോളജ് വിദ്യാര്‍ത്ഥികള്‍ക്കു മയക്കുമരുന്ന് വില്‍ക്കുന്ന വിദ്യാര്‍ത്ഥി അറസ്റ്റില്‍. മാളികടവ് മണൊടിയില്‍ വീട്ടില്‍ അമിത്(20)ആണ് അഞ്ചര ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
കേരളത്തിലെ വിവിധ ജില്ലകളിലെ മുപ്പതോളം മോഷണക്കേസുകളിലെ പ്രതി കാസര്‍കോട് വെള്ളരിക്കുണ്ടില്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകള്‍ മുളവുകാട് വീട്ടില്‍ ബാഹുലേയനാണ് പിടിയിലായത്.
പൂപ്പാറ തലക്കുളത്ത് കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലൂടെ പലചരക്കു സാധനങ്ങളുമായി പോകുകയായിരുന്ന ലോറി ആക്രമിച്ച് അരിയും പഞ്ചസാരയും അരിക്കൊമ്പന്‍ ഭക്ഷിച്ചു.
രാഹുല്‍ ഗാന്ധി രാജ്യത്തെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിനു മാപ്പു പറയണമെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. രാഹുല്‍ പാര്‍ലമെന്റില്‍ നുണ പറഞ്ഞു. വിദേശത്തും രാഹുല്‍ രാജ്യത്തെ മോശമാക്കി സംസാരിച്ചു. ഇതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരു- മൈസൂര്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ ബസുകളില്‍ ടിക്കറ്റ് നിരക്ക് 20 രൂപ വര്‍ധിപ്പിച്ചു. ടോള്‍ നിരക്കിന് അനുസൃതമായി ടിക്കറ്റു നിരക്ക് വര്‍ധിപ്പിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
മഹാരാഷ്ട്രയില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസികളും കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും മാര്‍ച്ച് ആരംഭിച്ചു. നാസിക്കില്‍ നിന്ന് മുംബൈയിലേക്കാണു മാര്‍ച്ച്. കര്‍ഷക സംഘടനകള്‍ക്കു നേതൃത്വം നല്‍കുന്നതു സിപിഎമ്മിന്റെ കിസാന്‍ സഭയാണ്. വനാവകാശ നിയമം നടപ്പാക്കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാല്‍നട ജാഥ.
ബംഗളൂരുവിലെ കെ ആര്‍ പുര റെയില്‍വേ സ്റ്റേഷനില്‍ യുവതിയോട് മദ്യലഹരിയില്‍ മോശമായി പെരുമാറിയ ടിടിഇ സന്തോഷിനെ സസ്‌പെന്‍ഡു ചെയ്തു. യുവതിയുടെ വസ്ത്രത്തില്‍ പിടിച്ച് വലിക്കുന്ന ടിടിഇ അവരെ അസഭ്യവാക്കുകള്‍ പറയുന്ന വീഡിയോ പ്രചരിച്ചിരുന്നു.
ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി എറിക്ക് ഗാര്‍സെറ്റി ചുമതലയേല്‍ക്കും. ഗാര്‍സെറ്റിയുടെ നിയമനത്തിന് യുഎസ് സെനറ്റ് അനുമതി നല്‍കി. ലോസ് ആഞ്ജലസ് നഗരത്തിന്റെ മുന്‍ മേയറാണ് എറിക്ക് ഗാര്‍സെറ്റി.
ജനപ്പെരുപ്പം കുറയ്ക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്ന ചൈന ജനന നിരക്കു വര്‍ധിപ്പിക്കാന്‍ 20 ഇന കര്‍മപദ്ധതികളുമായി രംഗത്ത്. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കുറവ് ജനനനിരക്കാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. ചെറുപ്പക്കാര്‍ ഇല്ലാതായത് രാജ്യത്തെ മാനവവിഭവശേഷിയില്‍ വന്‍ തകര്‍ച്ചയുണ്ടാക്കി. അടുത്ത മാസത്തോടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന സ്ഥാനം ചൈനയ്ക്കു നഷ്ടമാകുകയും ഇന്ത്യക്ക് ആ സ്ഥാനം ലഭിക്കുകയുംചെയ്യും.