ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ മരണം 299 ആയി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ദേശീയ ദുരന്ത നിവാരണ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിക്കേറ്റ 56 പേരുടെ നില ഗുരുതരമായി തുടരുന്നു.
ഇരുചക്ര വാഹനത്തില്‍ മൂന്നാമത്തെയാളായി കുട്ടികള്‍ക്കു പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എളമരം കരീം എംപിയുടെ കത്തിനു നല്‍കിയ മറുപടിയിലാണ് നിലപാട് അറിയിച്ചത്. നാളെ മുതല്‍ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. ശനിയാഴ്ച അധ്യയന ദിനമാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നു മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ 25 പ്രതികളില്‍ നിന്ന് 125.84 കോടി രൂപ ഈടാക്കാന്‍ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്. സിപിഎമ്മുകാരായ 20 മുന്‍ ഡയറക്ടര്‍മാരില്‍നിന്നും മുന്‍ സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പടെ അഞ്ചു പേരില്‍നിന്നുമാണ് തുക ഈടാക്കുക.
കാലവര്‍ഷം എത്തുകയായി. കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം രണ്ടു ദിവസത്തിനകം കേരളത്തിലെത്തും. വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും. തെക്കന്‍ കേരളത്തിലാണ് തുടക്കത്തില്‍ മഴ ലഭിക്കുക. രണ്ടു ദിവസത്തിനുശേഷം മലബാറില്‍ മഴ ശക്തമാകും.
അമേരിക്കയിലെ ലോക കേരള സഭ സമ്മേളനത്തിന്റെ ധനസമാഹരണത്തിനു പുറത്തിറക്കിയ ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ വാങ്ങാന്‍ ആളില്ല. മുഖ്യമന്ത്രിക്കൊപ്പമിരുന്നു വിരുന്നു കഴിക്കാന്‍ ഗോള്‍ഡ് പാസ് ലക്ഷം രൂപയ്ക്കും സില്‍വര്‍ പാസ് അമ്പതിനായിരം രൂപയ്ക്കും വില്‍ക്കാനായിരുന്നു പരിപാടി. സംഭവം വിവാദമായതോടെ വാങ്ങാന്‍ ആരും മുന്നോട്ടു വരുന്നില്ല. എട്ടാം തീയതി മുതല്‍ 11 വരെയാണ് ലോക കേരള സഭ. ഇതിനകം 2.80 ലക്ഷം ഡോളര്‍ പിരിച്ചെടുത്തിട്ടുണ്ട്. .
വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
വര്‍ക്കല വെട്ടൂരില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വെട്ടൂര്‍ സ്വദേശിയായ 58 വയസുള്ള ഫൈസലുദ്ദീന്‍ ആണ് മരിത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഒഡീഷയിലെ ബാലസോറില്‍ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റം മൂലമാണ് അപകടമുണ്ടായത്. ഉത്തരവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ നടത്തുന്നുണ്ട്. മന്ത്രി പറഞ്ഞു.
പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് പ്രവര്‍ത്തന രഹതിനായപ്പോള്‍ വലിച്ചെറിഞ്ഞ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ?ഗെലോട്ട്. ബാര്‍മറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത തൃശൂരിലെ ചേലൂര്‍ മനയില്‍ മോഷണം. മമ്മൂട്ടി ചിത്രമായ വല്യേട്ടന്‍ അടക്കം നിരവധി സിനിമകള്‍ ഷൂട്ട് ചെയ് ചേലൂര്‍ മനയില്‍ മോഷണം നടത്തിയ കൊല്‍ക്കത്ത സ്വദേശിയെ പൊലീസ് പിടികൂടി.
ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണമായത് പോയിന്റ് സംവിധാനത്തിലെ പിഴവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്‍സ്പക്ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടിട്ടുണ്ട്. മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിന്‍ നീങ്ങിയത് തെറ്റായ പോയിന്റിംഗ് മൂലമാണ്. പോയിന്റ് സംവിധാനത്തില്‍ കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണിയിലെ പിഴവാണോയെന്നു പരിശോധിക്കും. കോറമാണ്ഡല്‍ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ മൊഴി രേഖപ്പെടുത്തും. ഇദ്ദേഹം പരിക്കേറ്റ് ചികിത്സയിലാണ്. ഒഡിഷ ട്രെയിന്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റയില്‍വേ.
ഒഡിഷ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് 28 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ഇതോടെ അപകട ശേഷം ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി.
പീരിയോഡിക് ടേബിള്‍ സിലബസില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന്എന്‍സിഇആര്‍ടി. പ്ലസ് വണ്‍ പാഠപുസ്തകത്തില്‍ ഇതിനെപ്പറ്റി വിശദമായി പഠിക്കാനുണ്ടെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കി.
സഹപ്രവര്‍ത്തകയോട് ദുരുദ്ദേശ്യത്തോടെ സുന്ദരിയാണെന്ന് പറയുകയും ഡേറ്റിംഗിനു ക്ഷണിക്കുകയും ചെയ്യുന്നത് ലൈംഗിക പീഡന പരിധിയില്‍ ഉള്‍പ്പെടുമെന്ന് മുംബൈ കോടതി. റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ 42 കാരനായ അസിസ്റ്റന്റ് മാനേജരുടെയും സെയില്‍സ് മാനേജരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ഹിന്ദുവാണെന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.