സംസ്ഥാനത്ത് തെരുവുനായകള്‍ക്കു ദയാവധത്തിനുള്ള ചട്ടം കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എംബി രാജേഷ്. ചികിസിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങളുള്ളതും മാരക മുറിവുകളുള്ളതുമായ തെരുവുനായ്ക്കളെയാണു ദയാവധം ചെയ്യുക. കേന്ദ്ര നിയമം പ്രായോഗികമല്ല. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 20 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനു പ്രിയ വര്‍ഗീസിനു വേണ്ടത്ര യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം കോടതി അംഗീകരിച്ചു. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പരാതിക്കാരനായ ജോസഫ് സ്‌കറിയ പ്രതികരിച്ചു.
നിരപരാധിയാണെന്ന് അറസ്റ്റിലായ കെ വിദ്യ. താന്‍ വ്യാജ ജോലി പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയിട്ടുമില്ല, ഒരിടത്തും ഹാജരാക്കിയിട്ടുമില്ല. കേസിനു പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും ദിവ്യ ജോലിക്കു ശ്രമിച്ച അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഗൂഡാലോചന നടത്തിയെന്നും വിദ്യ മൊഴി നല്‍കി. രാഷ്ട്രീയ വൈരാഗ്യത്തില്‍ തന്നെ കരുവാക്കിയതാണ്. പഠനത്തില്‍ മിടുക്കിയായ തനിക്കു വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. വിദ്യ പറഞ്ഞു.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സിപിഎം നിഖില്‍ തോമസിനെ സഹായിച്ചെന്ന് ആരോപണം ഉയര്‍ന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെഎച്ച് ബാബുജനോടും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയോടും വിശദീകരണം തേടി. ഇരുവരും എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടെന്നാണ് റിപ്പോര്‍ട്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എന്ന പേരില്‍ ചിലര്‍ വിവാദങ്ങളുണ്ടാക്കുന്നതു മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പാര്‍ട്ടി സെക്രട്ടറിയേയും അധിക്ഷേപിക്കാനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. എസ്എഫ്‌ഐ ഒരു വികാരമാണ്. ഇപ്പോള്‍ എസ്എഫ്‌ഐക്കെതിരേ സമാനതകളില്ലാത്ത ആരോപണങ്ങളാണ് അഴിച്ചുവിടുന്നത്. എസ്എഫ്‌ഐ നേതൃത്വത്തിന് ഒരു തെറ്റും പറ്റിയിട്ടില്ല. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ അധിക്ഷേപിച്ച മാധ്യമങ്ങള്‍ മാപ്പു പറയണമെന്നും ബാലന്‍ ആവശ്യപ്പെട്ടു.
വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിഖില്‍ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്‌ഐ നേതാവെന്ന് സൂചന. നിര്‍മ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിനു മൊഴി നല്‍കി. നിഖിലിനെ പിടികൂടിയാലേ മൊഴി സ്ഥിരീകരിക്കാനാവൂവെന്നാണ് പൊലീസ് നിലപാട്.
വിദ്യയെ ഒളിപ്പിച്ചത് സി.പിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പൊലീസ് എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്നു. മുരളീധരന്‍ പറഞ്ഞു. പ്രതിയെ പിടിക്കാന്‍ 15 ദിവസം കേരള പൊലീസ് എടുത്തതുതന്നെ കള്ളക്കളിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകള്‍ നശിപ്പിക്കാനാണ് പ്രതിക്ക് പോലീസും പാര്‍ട്ടിയും ഇത്രയും സാവകാശം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് യു ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് റെയ്ഡ്. വരുമാനത്തിനനുസരിച്ച് ആദായ നികുതി അടയ്ക്കുന്നില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ ദളിതരെ വിലക്കിയതിന് അടച്ചിട്ട വില്ലുപ്പുറം ക്ഷേത്രം തത്ക്കാലം തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. പരാതിക്കാരന് ദേവസ്വം വകുപ്പിനെ സമീപിക്കാമെന്നും കോടതി. സുധാ സര്‍വ്വേശ്കുമാറാണ് ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
തമിഴ്‌നാട്ടില്‍ ദളിതരെ വിലക്കിയതിന് അടച്ചുപൂട്ടിയ വീരനാംപെട്ടി കാളിയമ്മന്‍ ക്ഷേത്രം തുറന്നു. ജില്ലാ കളക്ടറും എസ്പിയും നേരിട്ടെത്തി പൂട്ടു പൊളിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നത്. പ്രദേശത്തെ ഊരാളി ഗൗഡ വിഭാഗങ്ങളുമായി നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
കോവിന്‍ വിവരച്ചോര്‍ച്ചയില്‍ ബിഹാര്‍ സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ബിഹാറിലെ ആരോഗ്യപ്രവര്‍ത്തകയുടെ മകനാണു പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെകൂടി പിടികൂടിയിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ ആധാര്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ചോര്‍ത്തി ടെലിഗ്രാമിലൂടെ ഷെയര്‍ ചെയ്തതിനാണ് അറസ്റ്റ്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനം യാത്രക്കാര്‍ക്ക് നല്‍കുന്ന സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം നിര്‍ത്തലാക്കി. ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ബുക്കു ചെയ്യന്നവര്‍ക്കേ സ്‌നാക്‌സ് ലഭിക്കൂ. വിമാനത്തില്‍ പണം നല്‍കിയും ഭക്ഷണം വാങ്ങാം.