മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ 21 വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി 21 നു പരിഗണിക്കും.
ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ ആറു മരണം. കനത്ത മഴയും ശക്തമായ കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതോടെ 900 ഗ്രാമങ്ങള്‍ ഇരുട്ടിലായി. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. അര്‍ധരാത്രിയോടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്.
മണിപ്പൂരില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍ സിംഗിന്റെ വീട് കത്തിച്ചു. പെട്രോള്‍ ബോംബുകള്‍ വീടിനുനേരെ എറിഞ്ഞാണു കത്തിച്ചത്. സംഘര്‍ഷം തുടരുകയാണ്. വീടു കത്തിക്കുമ്പോള്‍ മന്ത്രി കേരളത്തിലായിരുന്നു. ഇന്ന് ആലുവാ പാലസിലുള്ള മന്ത്രി ഇന്നു വൈകുന്നേരം ഡല്‍ഹിക്കു മടങ്ങും. മണിപ്പൂരില്‍ വംശീയ ഏറ്റുമുട്ടലാണു നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍നിന്ന് രണ്ടു പ്രതികളെ ഒഴിവാക്കി. ഇടനിലക്കാരന്‍ കിരണ്‍, സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനില്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പ്രാഥമിക അന്വേഷണത്തിലും ഇ.ഡി.-ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇവര്‍ പ്രധാന പ്രതികളാണ്. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് സിപിഎം ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്.
പരീക്ഷ എഴുതാതെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ജയിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിനു പ്രതിയാക്കിയ കേസില്‍ ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ക്രൈംബ്രാഞ്ചിനു മറുപടി നല്‍കി. തനിക്കെതിരായ ആരോപണം എന്തെന്ന് അറിയാന്‍ എസ്എഫ്‌ഐ സംസ്ഥാ സെക്രട്ടറി നല്‍കിയ പരാതിയുടെ പകര്‍പ്പിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്നുമാണു മറുപടി നല്‍കിയത്.
മദ്യലഹരിയില്‍ അതിക്രമം കാണിച്ച പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ടെലികമ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനെ പിടികൂടി നാട്ടുകാര്‍ മര്‍ദിച്ചശേഷമാണ് പോലീസില്‍ ഏല്‍പിച്ചത്. ബിജുവിനെതിരേയും നാട്ടുകാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കൊച്ചി മെട്രോയുടെ ആറാം പിറന്നാള്‍ നാളെ. വാര്‍ഷികത്തോടനുബന്ധിച്ച് നാളെ 20 രൂപ മാത്രമാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്.
പട്ടയമേളയ്ക്കെതിരെ പത്തനംതിട്ടയില്‍ പ്രതിഷേധം. വനം – റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കവും, ഏകോപനമില്ലായ്മയും മൂലം പെരുമ്പെട്ടി, അത്തിക്കയം ഉള്‍പ്പെടെ മലയോര മേഖലയിലെ നിരവധി കര്‍ഷകര്‍ക്കു പട്ടയം അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്നു വൈകുന്നേരം റാന്നിയിലാണ് ജില്ലാതല പട്ടയമേള. പട്ടയത്തിനായി പെരുമ്പെട്ടിക്കാര്‍ 1800 ലധികം ദിവസമായി സമരത്തിലാണ്. വനം കൈയേറ്റം ക്രമപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം നല്‍കിയ പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടുപോയവരാണ് ഇവര്‍.
വാഹനാപകടത്തില്‍ യുവാവിനു മസ്തിഷ്‌ക മരണം സംഭവിച്ചെന്നു റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി. അപകടത്തില്‍ പരിക്കേറ്റ് എത്തിയ ഉടുമ്പന്‍ചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ.എച്ച് രമേഷ് വ്യക്തമാക്കി.
ബിജെപിയില്‍നിന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ രാജിവച്ചു. ബിജെപി വിട്ട് സി പി എമ്മില്‍ പോകുന്നത് കിണറ്റില്‍ ചാടുന്നതിനു തുല്യമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. സംവിധായകന്‍ രാജസേനന്‍, നടന്‍ ഭീമന്‍ രഘു എന്നിവര്‍ നേരത്തെ ബിജെപിയില്‍നിന്ന് രാജിവച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പകരുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഈ മാസം 13 വരെ എട്ടു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ബ്രഹ്‌മപുരം പ്ലാന്റിന് തീയിട്ടതിനെത്തുടര്‍ന്ന് മാലിന്യ സംസ്‌കരണം നിലച്ച എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരമാണ്. സുരേന്ദ്രന്‍ പറഞ്ഞു.
യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത മൂന്നംഗ സംഘം അറസ്റ്റില്‍. പനങ്ങാട്ടുകര കോണിപറമ്പില്‍ വീട് സുമേഷ് (29), തെക്കുംകര ചെമ്പ്രാങ്ങോട്ടില്‍ അടങ്ങളം നിജു (42), തെക്കുംകര ഞാറശേരി വളപ്പില്‍ വീട് സോംജിത്ത് (25) എന്നിവരാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശി ഉണ്ണി സുരേഷിനെയാണ് ബംഗളൂരുവില്‍നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.
തിരുവമ്പാടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് പൊയിലിങ്ങാപുഴയില്‍ പതിച്ച് ഒരാള്‍ മരിച്ചു. തോട്ടത്തില്‍കടവ് ശാന്തിനഗര്‍ സ്വദേശി ചെമ്പൈ മുഹാജിര്‍ (40) ആണു മരിച്ചത്.
പ്രണയബന്ധം തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച അമ്മയും കാമുകനും അറസ്റ്റില്‍. കൊല്ലം ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകന്‍ ജോനകപ്പുറം റസൂല്‍ (19) എന്നിവരാണു പിടിയിലായത്. യുവതി മൂന്നു മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയിരുന്നു. അറസ്റ്റിലായ ഇവര്‍ ജാമ്യത്തിലിറങ്ങിയശേഷവും ബന്ധം തുടരുന്നതു മകന്‍ ചോദ്യം ചെയ്തപ്പോഴാണ് അമ്മയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചത്.
കാമുകിയോടു പണം തിരികെ ചോദിച്ച പരിചയക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്താരനത്തിനിടെ സാക്ഷിയോടും കോടതിയോടും കയര്‍ത്ത് പ്രതി. ആനാട് ഇളവട്ടം കാര്‍ത്തികയില്‍ മോഹനന്‍ നായരെ കൊന്ന കേസിലെ പ്രതിയായ മണക്കാട് കമലേശ്വരം സ്വദേശി ഷാജഹാന്‍ എന്ന ഇറച്ചി ഷാജിയാണു കോടതിയില്‍ പ്രകോപിതനായത്. ഷാജിയുടെ സുഹൃത്തായ കണ്ണടപ്പന്‍ അനിയുടെ സാക്ഷി മൊഴി കേട്ടതോടെ അനിയെ തനിക്കു വിസ്തരിക്കണമെന്ന് പ്രതി ഷാജി ആവശ്യപ്പെട്ടു. അഭിഭാഷകന്‍ വിസ്തരിച്ചാല്‍ മതിയെന്നായി കോടതി. എന്നാല്‍ തന്നെ ഇപ്പോഴേ ജയിലിലിട്ടോളൂ എന്നു പ്രതി ക്ഷുഭിതനായി വിളിച്ചു പറഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണു നാടകീയമായ സംഭവങ്ങള്‍ നടന്നത്.
അടിമാലി കൊരങ്ങാട്ടിയില്‍ വീട്ടില്‍ കയറി മധ്യവയസ്‌കനെ കുത്തിക്കൊന്നയാളെ അറസ്റ്റു ചെയ്തു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. കാപ കേസ് പ്രതിയായ താലിമാലി കൊല്ലയത്ത് സിറിയക്കിനെ (അനീഷ് 37) അടിമാലി പൊലീസ് അറസ്റ്റു ചെയ്തു.
വിതുരയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി വീടിനു പിറകിലെ മരത്തില്‍ തൂങ്ങിമരിച്ചു. വിതുര ചായം സ്വദേശി ചന്ദ്രന്‍ – ഷീലാ ദമ്പതികളുടെ മകന്‍ സജിനാ(17) ണ് മരിച്ചത്.
മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ മുറിവാലന്‍ എന്ന ആനയുടെ റോഡ് ഷോ. രാത്രി ഒന്‍പതരയോടെ റോഡിലെത്തിയ ആന അതുവഴി എത്തിയ വാഹനങ്ങളെ ആക്രമിക്കുകയായിരുന്നു. ഏറെ സമയം ഗതാഗതം തടസപ്പെട്ടു.
പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് കോഴിക്കോട് മുക്കം മണാശ്ശേരിയിലെ പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. പമ്പ് ജീവനക്കാരനായ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയില്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നു മാറ്റാനുള്ള ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ്. നെഹ്‌റുവിന്റെ സംഭാവനകളെ തമസ്‌കരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ശ്രമമാണ് പേരുമാറ്റത്തിനു പിറകിലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തമിഴ്‌നാട് ഡിജിപിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. ഡിജിപി റാങ്കിലുള്ള രാജേഷ് ദാസിനെയാണു വില്ലുപുരം സിജെഎം കോടതി ശിക്ഷിച്ചത്. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ ഡിജിപി ആയിരുന്ന രാജേഷ് ദാസ് സസ്‌പെന്‍ഷനിലാണ്. 2021 ല്‍ കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ഉപാധിയുമായി ആംആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കില്ലെങ്കില്‍ മധ്യ പ്രദേശിലും രാജസ്ഥാനിലും ആംആദ്മി പാര്‍ട്ടിയും മത്സരിക്കില്ലെന്നാണ് ഉപാധി. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആണ് ഇങ്ങനെ ഉപാധി മുന്നോട്ടു വച്ചത്.
രാജ്യാന്തര യോഗ ദിനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് യോഗ പരിപാടിക്കു പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കും. ഈ മാസം 21 നാണു രാജ്യാന്തര യോഗ ദിനം.
വിഐപി വരുമ്പോള്‍ വൈദ്യുതി മുടങ്ങരുതെന്നു തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ്. അമിത് ഷാ ചെന്നൈയില്‍ എത്തിയപ്പോള്‍ വൈദ്യുതി മുടങ്ങിയതു വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിറകേയാണു വൈദ്യുതി മന്ത്രിയെ നിയമന കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തത്.
ജമ്മു കാഷ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേന അഞ്ചു ഭീകരരെ വധിച്ചു. അതിര്‍ത്തി കടന്നെത്തിയ അഞ്ചു പേരെയാണ് വധിച്ചത്.
പ്രമുഖ ടൂറിസ്റ്റു രാജ്യമായ ബാലിയില്‍ പര്‍വതാരോഹണവും ട്രക്കിംഗും ഹൈക്കിംഗും നിരോധിച്ചു. വിനോദ സഞ്ചാരികള്‍ പര്‍വതങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതു വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനം.