എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയിട്ടും പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്നം പരിഹരിക്കാന്‍ എയിഡഡ് മാനേജ്മെന്റുസ്കൂളുകളില് അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലാകും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തും. 16 നു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏകസിവില്‍ കോഡിനെതിരെ 15 നു കോഴിക്കോട്ട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സെമിനാറിനു പ്രസക്തിയില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ യുഡിഎഫിന്റെ നയപരിപാടികള്ക്കൊപ്പമാണു നിലകൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും ഏക സിവില്‍ കോഡിനെതിരെ മുസ്ലീം സമുദായത്തിന് ഒറ്റമനസാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. അത് ഹിന്ദുത്വയ്ക്കെതിരാണ്. ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് തങ്ങളുടെ ശ്രമമെന്നും ഗോവിന്ദന് പറഞ്ഞു.
മുസ്ലീം ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ മുരളീധരന് എംപി. ഏക സിവില്‍ കോഡിനെതിരേ സിപിഎം സെമിനാര്‍ നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആരും കാണാത്ത ഒരു ബില്ലിന്റെ പേരില്‍ ഇത്ര ആവേശം വേണ്ടെന്നും മുരളീധരന് പറഞ്ഞു.
രഹസ്യ വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഇടപാടുകാരെ അറസ്റ്റു ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. രഹസ്യ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണം. ചാലക്കുടിയില്‍ നിരപരാധിയായ വീട്ടമ്മ അറസ്റ്റിലായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എല്ലാറെയ്ഞ്ചിലും പരിശോധന കിറ്റുകള്‍ കൂടുതലായി എത്തിക്കാനും തീരുമാനമായി.
കോടതി ഉത്തരവുകള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. 317 ഹൈക്കോടതി ഉത്തരവുകളും 5000 ലേറെ ജില്ലാ കോടതി ഉത്തരവുകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കോടതി ഉത്തരവുകള്‍ വ്യാപകമായി പ്രചരിപ്പിച്ച് കൂടുതല്‍ പേരില്‍ നിയമ അവബോധം ഉണ്ടാക്കുന്നതിനാണ് ഹൈക്കോടതിയുടെ നടപടി.
വിഴിഞ്ഞത്തിനു സമീപം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് കിണറ്റിലകപ്പെട്ടയാളെ ഇനിയും പുറത്തെത്തിക്കാനായില്ല. 90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 20 അടിയോളം മണ്ണ് നിറഞ്ഞു കിടക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതിനാണ് അപകടം ഉണ്ടായത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തില്‍പ്പെട്ടത്.
ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീട്ടിലെ കരണ്ടു പോയപ്പോള്‍ പുറത്തിറങ്ങി നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
എറണാകുളം തൈക്കൂടത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയുടെ ലിഫ്റ്റ് തകര്‍ന്നു വീണ് ആശുപത്രി ജീവനക്കാരി അടക്കം രണ്ടു പേര്‍ക്കു പരിക്ക്. തൈക്കൂടത്തെ സൂര്യസരസ് ആയുര്‍വേദ ആശുപത്രിയിലാണ് അപകടമുണ്ടായത്.
ലോക് സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകാന്‍ 18 ന് എന്‍ഡിഎ മുന്നണി യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം നടക്കുന്ന നിയമസാഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും. എന്‍സിപിയില്‍നിന്നു കൂറുമാറി എത്തിയ അജിത് പവാറും പ്രഫുല്‍ പട്ടേലും ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേനയ്ക്കെപ്പം യോഗത്തില്‍ പങ്കെടുക്കും.
തെക്കോട്ടിറക്കവുമായി മോദി. ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം. കന്യാകുമാരിയിലോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് സംസാരം. തെന്നിന്ത്യയില്‍ ബിജെപി തരംഗം സൃഷ്ടിക്കാനാണ് വാരാണസിക്കു പുറമേ തമിഴ്നാട്ടില്‍നിന്നും മല്‍സരിക്കുന്നതു പരിഗണിക്കുന്നത്. കോയമ്പത്തൂരില്‍ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. ഭൂരിപക്ഷം 1,79,143 വോട്ട് കന്യാകുമാരിയില്‍ കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസായിരുന്നു. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്ന് പ്രമുഖ സിഖ് പ്രസ്ഥാനമായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ആവശ്യപ്പെട്ടു.
സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് അറസ്റ്റിലായ ആന്ധ്രയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വര്‍ണലതയ്ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നു റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
മുംബൈയിലെ മലാഡിലുള്ള അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പു പാലം മോഷ്ടിച്ച നാലു പേരെ അറസ്റ്റു ചെയ്തു. ഓവുചാലിന് കുറുകെ സ്ഥാപിച്ചിരുന്ന 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.
ഭാര്യയെ കൊന്ന് മുങ്ങിയശേഷം സിദ്ധനായി ആള്‍മാറാട്ടം നടത്തി കഴിയുകയായിരുന്ന കൊലയാളി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ചെന്നൈ സ്വദേശി രമേശാണ് ഒന്നര വര്‍ഷത്തിനു ശേഷം പിടിയിലായത്. 2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങള്‍ക്കൊപ്പം മേശയുടെ അടിയില്‍ ഒളിപ്പിച്ച് രമേശ് മുങ്ങിയത്.
പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്ഥാനില്‍നിന്ന് നാലു കുട്ടികളുമായി എത്തിയ 27 കാരിക്ക് ഇന്ത്യയില്‍ തുടരാം. രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിനും ജയിലിലായ സീമ ഹൈദറും സച്ചിന് മീണയും ജയില്‍ മോചിതരായി. സീമയ്ക്ക് ഇന്ത്യയില്‍ തുടരാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണ്. ‘എന്റെ ഭര്‍ത്താവ് ഹിന്ദുവാണ്, അതിനാല്‍ ഞാന്‍ ഒരു ഹിന്ദുവാണ്, ഞാന്‍ ഇപ്പോള്‍ ഒരു ഇന്ത്യക്കാരിയാണെ’ന്നും സ്വത്തെല്ലാം വിറ്റ് എത്തിയ സീമ പ്രതികരിച്ചു.