കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവിനുശിക്ഷിച്ച സെഷന്‍സ് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. വിധ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുലിനെതിരെ പത്തിലേറെ ക്രിമിനല്‍ കേസുകളുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
ഗുജറാത്തില്‍ നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അപ്പീല്‍ തള്ളിയതില്‍ അതിശയം ഇല്ല. ഇതിനെയെല്ലാം തരണം ചെയ്യാന്‍ രാഹുലിനു കഴിയുമെന്ന് വിധി എഴുതുന്നവരും അതിനു കളമൊരുക്കുന്നവരും എല്ലാം ഓര്‍ക്കണം. സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ച്ചയായി മൂന്നു മാസമോ അതിലധികമോ റേഷന്‍ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിലേക്ക് മാറ്റി. പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലെ ഓഫീസറെ സമീപിക്കാം. മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 48,523 കാര്‍ഡുകളും എഎവൈ വിഭാഗത്തില്‍ നിന്ന് 6247 കാര്‍ഡുകളും എന്‍പിഎസ് വിഭാഗത്തില്‍ നിന്ന് 4265 കാര്‍ഡുകളുമാണ് മാറ്റിയത്.
പ്ലസ് വണ്‍ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ നാളെ സമര്‍പ്പിക്കാം. രാവിലെ പത്തു മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒന്‍പതു മുതല്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാകും. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കോ, അലോട്ട്‌മെന്റ് ലഭിച്ച് ഹാജരാകാത്തവര്‍ക്കോ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതുമൂലം പ്രവേശനം നേടാനാകാത്തവര്‍ക്ക് തിരുത്തലുകള്‍ വരുത്തി അപേക്ഷ നല്‍കാം.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കഴിഞ്ഞ അഞ്ചു മാസമായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ മാസം പന്ത്രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെന്ന ശിവശങ്കറിന്റെ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കൊലപാതകിക്കു ലഭിക്കുന്ന നീതി പോലും പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് ലഭിച്ചില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജാമ്യകാലാവധി കഴിഞ്ഞതിനാല്‍ മഅദനി വീട്ടിലേക്കു പോകാനാകാതെ ഇന്നു വൈകിട്ട് ബെംഗളുരുവിലേക്കു മടങ്ങും.
പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ദിവസേന ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. പ്രവര്‍ത്തിക്കാത്ത ക്യാമറകളുടെ വിവരം ജില്ലാ പോലീസ് മേധാവിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കാസര്‍കോട് വീരമാലക്കുന്ന് ഇടിഞ്ഞ് ദേശീയപാതയിലേക്കു വീണ് ഗതാഗതം തടസപ്പെട്ടു. ദേശീയപാത വികസനത്തിനായി വീരമലയുടെ ഒരു ഭാഗം നേരത്തെ ഇടിച്ചിരുന്നു. ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. താമരശേരി ചുരത്തില്‍ ചങ്ങല മരത്തിനു സമീപം മരം വീണു ഗതാഗതം തടസപ്പെട്ടു.
പാലക്കാട് പിരായിരി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ എല്‍ഡിഎഫിനു പ്രസിഡന്റ് സ്ഥാനം. ബിജെപിയുടെ മൂന്നംഗങ്ങശ് സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ്- ലീഗ് ധാണയനുസരിച്ച് ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസ് പ്രതിനിധി ഒഴിഞ്ഞപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു ഡി എഫ് 10 , എല്‍ഡിഎഫ് 8 , ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില.
തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ കുട്ടി വീഴുകയായിരുന്നു.
കോഴിക്കോട് ചോറോട് എന്‍.സി കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ചോറോട് പുളിയുള്ളതില്‍ ബിജീഷ് (22) നെയാണ് ബുധനാഴ്ച കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനെത്തിയപ്പോള്‍ കൊമ്മിണേരിപാലത്തിനടുത്തുനിന്നു വഴുതി വീഴുകയായിരുന്നു.
തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തുക്കളും അറസ്റ്റില്‍. അമ്മയെ കൂടാതെ സുഹൃത്തുക്കളായ അമല്‍ദേവ്, വിനീഷ എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് സീതാംഗോളിയിലെ തോമസ് ക്രാസ്റ്റയെ കൊന്ന് കക്കൂസ് കുഴിയില്‍ തള്ളിയ സംഭവത്തില്‍ അയല്‍വാസികളായ രണ്ടു പേര്‍ അറസ്റ്റില്‍. മുനീര്‍, ഇയാളുടെ ബന്ധു അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം.
ട്രക്കുകളുടെ ക്യാബിനുകള്‍ നിര്‍ബന്ധമായും എയര്‍ കണ്ടീഷന്‍ ചെയ്യണമെന്നു നിയമം വരുന്നു. ഇതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തിനിടെ ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ചത്തീസ്ഗഡിലെ റായിപൂരില്‍ 7600 കോടി രൂപയുടെ ആറുവരിപ്പാത അടക്കമുള്ള പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. റായ്പൂര്‍- വിശാഖപട്ടണം ആറുവരി ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഛത്തീസ്ഗഢ് ഭാഗത്തിനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. ഉദാന്തി വന്യജീവി സങ്കേത മേഖലയില്‍ വന്യജീവികള്‍ക്കു സുഗമമായ സഞ്ചാരസൗകര്യം നല്‍കുന്ന 27 മൃഗപാതകളും കുരങ്ങുകള്‍ക്കായി 17 മേല്‍പ്പാലങ്ങളും 2.8 കിലോമീറ്റര്‍ ആറുവരി തുരങ്കവും ഉള്‍പെടുന്നതാണ് ഈ ദേശീയപാതാ പദ്ധതി. 6,400 കോടി രൂപയുടെ അഞ്ച് എന്‍എച്ച് പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. എന്‍എച്ച്- 130 ലെ ബിലാസ്പൂര്‍ മുതല്‍ അംബികാപൂര്‍ വരെയുള്ള 53 കിലോമീറ്റര്‍ നീളമുള്ള നാലുവരി ബിലാസ്പൂര്‍- പത്രപാലി പാതയും രാജ്യത്തിന് സമര്‍പ്പിക്കും.
ഉത്തര്‍പ്രദേശില്‍ ഗൊരഖ്പുര്‍-ലക്‌നോ, ജോധ്പുര്‍-സബര്‍മതി വന്ദേഭാരത് എക്‌സ്പ്രസുകളും മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.
തമിഴ്‌നാട്ടില്‍ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ ഡിഐജി സി. വിജയകുമാര്‍ ആണ് മരിച്ചത്. സുരക്ഷാ ജീവനക്കാരനില്‍നിന്നു തോക്കു വാങ്ങി വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ വിഷാദരോഗിയാണെന്നും പറയപ്പെടുന്നു.
രണ്ടു മാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കലാപം പരിഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയാറാണെന്ന് അമേരിക്ക. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി എറിക് ഗാര്‍സെറ്റിയാണ് ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില്‍ ഇടപെടാമെന്നു പറഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് അത്യപൂര്‍വമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
വൈറ്റ് ഹൗസില്‍നിന്നു കൊക്കൈന്‍ കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വൈറ്റ് ഹൗസിലെത്തിയ സന്ദര്‍ശകരുടെ വിവരങ്ങളും ക്യാമറാ ദൃശ്യങ്ങളും ഉള്‍പ്പെടെ പരിശോധിക്കുകയാണ്.