ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടെന്നു ബിജെപി കേന്ദ്ര നേതൃത്വം. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല. വിഷയം സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലും വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണു തീരുമാനം.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ നിയമിച്ചതു ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണ്. എന്നാല്‍ നിയമനത്തില്‍ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയും നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.
പിവി അന്‍വറിനെതിരായ മിച്ച ഭൂമി കേസില്‍ അന്‍വറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതല്‍ തെളിവുകള്‍ പരാതിക്കാര്‍ ലാന്‍ഡ് ബോര്‍ഡിനു കൈമാറി. ഇതുവരെ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയത് 46.83 ഏക്കര്‍ ഭൂമിയുടെ രേഖകളാണ്. 34.37 ഏക്കര്‍ അധിക ഭൂമിയുടെ രേഖകളാണ് ഇന്ന് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സിറ്റിംഗില്‍ കൈമാറിയത്.
ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവല്‍കൃത ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലിലിറക്കും. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയിലാണു മല്‍സ്യത്തൊഴിലാളികള്‍.
സിപിഎം നേതാവ് ടികെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവക്കുന്നു. നാളെ വഖഫ് ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഒന്നരവര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് രാജി. വഖഫ് ബോര്‍ഡില്‍ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനുമായി ഭിന്നതകളുള്ളതിനാലാണു രാജി. എന്നാല്‍ പ്രായമാകുകയും അനാരോഗ്യം വര്‍ധിക്കുകയും ചെയ്തതിനാലാണു മാറി നില്‍ക്കുന്നതെന്ന് ഹംസ.
ഡിജിപി ടോമിന്‍ ജെ തച്ചങ്കരി വിരമിച്ചു. എസ്എപി ക്യാമ്പ് ഗ്രൗണ്ടില്‍ സേനാംഗങ്ങള്‍ നല്‍കിയ യാത്രയയപ്പ് പരേഡില്‍ പാട്ടു പാടിക്കൊണ്ടാണ് ടോമിന്‍ തച്ചങ്കരി വിടവാങ്ങിയത്. ‘ഈ വേഷമിന്നിതാ മാറ്റുന്നു ഞാനും. പടിയിറങ്ങുമ്പോള്‍ ആത്മാഭിമാനം. മനസില്‍ തെളിയുമോര്‍മ്മകള്‍…’ തുടങ്ങിയ വരികള്‍ അദ്ദേഹം ആലപിച്ചു. മഹാഭാരതത്തിലെ കര്‍ണനെ ഇഷ്ടമാണ്. പല തവണ പഴി കേട്ടിട്ടും പ്രലോഭനങ്ങളില്‍ വീഴാതെ കര്‍ണന്‍ മുന്നോട്ടു പോയെന്നും ടോമിന്‍ തച്ചങ്കരി വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.
തൃപ്രയാറില്‍ പുക പരിശോധനാ കേന്ദ്രം അനുവദിക്കാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. എംവിഐ സിഎസ് ജോര്‍ജാണ് അറസ്റ്റിലായത്. കൈക്കൂലി വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റുചെയ്ത വിജിലന്‍സ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ജോര്‍ജ്ജിനെ പിടികൂടിയത്.
സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ എന്‍എസ്എസ്. ഹൈന്ദവ ആരാധന മൂര്‍ത്തിയായ ഗണപതിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. മാപ്പു പറയുന്നില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തു തുടരാന്‍ ഷംസീറിന് അര്‍ഹതയില്ലെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനു തെറ്റു പറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍. മിത്തുകള ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്. സങ്കല്പങ്ങളെ സ്വപ്‌നങ്ങളെപോലെ കാണണം. ഷംസീര്‍ മാപ്പു പറയണമെന്ന പ്രചാരണത്തിനോട് സിപിഎമ്മിന് യോജിപ്പില്ല. ഗോവിന്ദന്‍ പറഞ്ഞു.
രണ്ടു ലക്ഷം രൂപ വായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍നിന്ന് ഓണ്‍ലൈനിലൂടെ 64,000 രൂപ തട്ടിയെടുത്ത വിരുതന്മാരെ പോലീസ് തെരയുന്നു. ചെന്നിത്തല തൃപ്പെരുന്തുറ തെക്കുംമുറി പാറയില്‍ പുത്തന്‍ വീട്ടില്‍ രമ്യ (40)യാണ് പരാതി നല്‍കിയത്. ഫേസ്ബുക്കില്‍ ഉടനടി ലോണ്‍ എന്ന പരസ്യം കണ്ട് വായ്പ ആവശ്യപ്പെട്ടപ്പോള്‍ വായ്പയ്ക്കുള്ള ലിങ്ക് എന്ന പേരില്‍ തട്ടിപ്പു ലിങ്ക് അയച്ചു കൊടുത്തു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയും നല്‍കി. പാസായ പണം കൈപ്പറ്റാന്‍ പതിനായിരം രൂപയും പിന്നീട് ബാക്കി തുകയും അടപ്പിച്ചാണ് പണം തട്ടിയെടുത്തത്.
പതിനഞ്ചുകാരിക്കു കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് എക്‌സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാന്‍കടവ് കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പില്‍ കയറി മദ്യപിച്ചിരുന്നു. സ്‌നേഹതീരം ബീച്ചില്‍ പൊലീസ് പരിശോധനയില്‍ പിടിയിലായപ്പോഴാണ് മദ്യപിച്ചെന്ന മനസിലാക്കി പോലീസ് നടപടിയെടുത്തത്.
വലിയതുറയിലും വിമാനത്താവള പരിസരത്തും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി. പീപ്പിള്‍ ഫോര്‍ അനിമല്‍സ് തിരുവനന്തപുരം എന്ന സംഘടനയാണ് പരാതിപ്പെട്ടത്. എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെ നിര്‍ദേശമനുസരിച്ചാണ് നായ്ക്കളെ പിടികൂടി കൊന്നു കുഴിച്ചുമൂടിയതെന്നാണ് ആരോപണം.
അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് സമരക്കാരെ നേരിടാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുന്നില്‍ കുടുങ്ങി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡാണ് ആംബുലന്‍സിനു വഴിമുടക്കിയത്. ആംബുലന്‍സ് വളഞ്ഞ വഴിയിലൂടെ ആശുപത്രിയിലേക്കി പോയി.
വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കത്തിനിടെ ഗൃഹനാഥനെ മര്‍ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. കാറില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന്റെ വീഡിയോ ചിത്രീകരിച്ച പെണ്‍കുട്ടിക്കു നേരെ പെട്രോള്‍ വീശി എറിഞ്ഞു. വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഓഫീസിനു സമീപം ലേഖ നിവാസില്‍ വാടകക്ക് താമസിക്കുന്ന റീനയുടെ കാറാണ് തകര്‍ത്തത്. ഇവരുടെ വീടിന്റെ രണ്ടാമത്തെ നിലയില്‍ വാടകയ്ക്കു താമസിക്കുന്നവരാണ് കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത ശേഷം കത്തിച്ചത്.
ആലുവായില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന് ആരോപിച്ച ചാലക്കുടി സ്വദേശി രേവദ് ബാബുവിനെതിരെ കലാപാഹ്വാനത്തിനു കേസെടുക്കണമെന്നു പരാതി. ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാലാണ് പരാതി നല്‍കിയത്.
ആലുവയില്‍ പീഡിപ്പിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് യഥാസമയം അന്വേഷണം നടത്തിയില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ആലുവയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ കൊലപാതകക്കേസിലെ പ്രതിയെ യുപി മാതൃകയില്‍ കൈകാര്യം ചെയ്യണമെന്നു ചിലര്‍ പ്രചരിപ്പിക്കുന്നത് കേരളത്തെ യു പി യുമായി താരതമ്യം ചെയ്ത് യുപി യെ വെള്ള പൂശാനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓരോ മൂന്നു മണിക്കൂറിലും ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യുപി. യു പി യില്‍ പോലീസ് ഏറ്റുമുട്ടല്‍ നിത്യ സംഭവമാണ്. അദ്ദേഹം പറഞ്ഞു.
പീഡന സാധ്യത മനസിലായാല്‍ അക്രമിയെ കൊല്ലാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ്. ഡിജിപിയുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കി.
കോന്നിയില്‍ ബിജെപി പ്രവര്‍ത്തകനായ ഹോട്ടലുടമയെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിപ്പബ്ലിക്കല്‍ സ്‌കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടല്‍ ഉടമ അഭിലാഷ് (43) ആണ് മരിച്ചത്.
കാന്തല്ലൂരില്‍ എട്ടു ദിവസം മുമ്പു കാണാതായ റിസോര്‍ട്ട് ജീവനക്കാരനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാന്തല്ലൂര്‍ പുത്തൂര്‍ മുരുകന്‍ (52) ആണ് മരിച്ചത്. പുത്തൂര്‍ ഗ്രാമത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന മുരുകനെ ഈ മാസം 22 നാണ് കാണാതായത്. വിവരം റിസോര്‍ട്ട് ഉടമ അദ്ദേഹത്തിന്റെ മക്കളെ അറിയിച്ചിരുന്നു.
ചാരുംമൂട് ഇര്‍ഷാദ് കൊലക്കേസില്‍ വിധി ഇന്ന്. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ഇര്‍ഷാദിന്റെ സുഹൃത്തായ പത്തനാപുരം തച്ചിക്കോട്ട് നായങ്കരിമ്പ് ശശി ഭവനത്തില്‍ പ്രമോദാണ് കേസിലെ പ്രതി.
തെലുങ്ക് നടിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയിലേക്ക്. ശനിയാഴ്ച ജയസുധ തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷന്‍ റെഡ്ഡിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തീരുമാനം എടുത്തില്ലെന്നാണ് ജയസുധ പറയുന്നത്.
വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു. വിഗ്‌നേശ്വരീയ് ശിവകുമാര എന്ന 25 കാരിയാണ് ആന്ധ്രപ്രദേശിലെ വെങ്കടഗിരികോട്ട സ്വദേശിയായ 28 കാരനെ വിവാഹം ചെയ്തത്. പൊലീസ് യുവതിക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ വേണ്ട നടപടി ക്രമങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
തൃച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാര്‍ കണ്ടതിനാാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാത വസ്തു ഇന്ത്യ വിക്ഷേപിച്ച പിഎസ്എല്‍വിയുടെ അവശിഷ്ടമെന്ന് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.
വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ മദ്യപിച്ച് അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും ശല്യം ചെയ്ത സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ പരാതി. അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈനിനെതിരെ പതിനാറര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമ്മയും മകളും കോടതിയെ സമീപിച്ചത്.