പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കു കൊല്ലത്തേക്കു മടങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. കര്‍ണാടക പൊലീസ് അകമ്പടി നല്‍കേണ്ട. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിനു കൈമാറണം. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ല. മഅദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്തത്.
അപകട മരണങ്ങള്‍ തുടരുന്ന മുതലപ്പൊഴിയില്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനിക്കാന്‍ മന്ത്രിതല സമിതി ചേരുന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍.അനില്‍ എന്നിവരാണ് യോഗം ചേരുന്നത്. ഹാര്‍ബര്‍ നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയുണ്ടോയെന്നു പഠിക്കാന്‍ കേന്ദ്ര ഏജന്‍സിയായ പൂനെയിലെ സിഡബ്ല്യുപിആറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതേസമയം,
മുതലപ്പൊഴിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഉള്‍പെടെ നാലംഗ കേന്ദ്രസംഘം എത്തി. കഴിഞ്ഞയാഴ്ച നാലു മല്‍സ്യത്തൊഴിലാളികള്‍ മരിച്ച ഇവിടെ എത്തിയ മന്ത്രിമാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയില്‍വേയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകള്‍ക്കും സ്റ്റോപ്പ് ആവശ്യപ്പെട്ട് അനേകം ഹര്‍ജികള്‍ കോടതിയിലെത്തും. അതിനാല്‍ അനുവദിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളായ സഹോദരനും സഹോദരിയും സംസാരിച്ചതു മൊബൈലില്‍ പകര്‍ത്തിയതു ചോദ്യം ചെയ്തവരെ മര്‍ദിച്ചെന്ന കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്തു. ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലേങ്ങാടന്‍ പഞ്ചായത്ത് അംഗം ജസീല്‍ എന്നിവര്‍ അടക്കമുള്ളവരെയാണ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടത്.
ജെഡിഎസ് കേരളാ ഘടകം എല്‍ഡിഎഫില്‍ തുടരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ദേവഗൗഡ അടക്കമുള്ള പാര്‍ട്ടി ദേശീയ നേതൃത്വം ബിജെപിയുടെ എന്‍ഡിഎയില്‍ ചേരാനിരിക്കേയാണ് കേരളാ ഘടകം നിലപാട് വ്യക്തമാക്കിയത്. ദേശീയ തലത്തില്‍ പാര്‍ട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തില്‍ അത് ബാധിക്കില്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍. നരഹത്യക്കുറ്റത്തിനു തെളിവില്ലെന് അപ്പീലില്‍ പറയുന്നു.
പൊലീസ് ലോക്കപ്പിലിട്ടിരുന്ന കെഎസ്യു പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന രാജീവ്, ഡിജോണ്‍ എന്നിവരെയാണ് ബലം പ്രയോഗിച്ച് മോചിപ്പിച്ചത്.
എറണാകുളം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്‌കരണത്തിനു പട്ടാളപ്പുഴുക്കളെ ഇറക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ അമ്പത് ടണ്‍ ശേഷിയുള്ള രണ്ടു പട്ടാളപ്പുഴു പ്ലാന്റുകള്‍ സ്ഥാപിക്കും. ജൈവമാലിന്യത്തില്‍ പട്ടാളപ്പുഴുക്കളുടെ മുട്ടകള്‍ നിക്ഷേപിച്ച് വിരിയിച്ച് ലാര്‍വകളാക്കി മാറ്റും. ജൈവമാലിന്യം ഭക്ഷിക്കുന്ന ലാര്‍വകള്‍ പുറത്തുവിടുന്ന മാലിന്യം കമ്പോസ്റ്റ് വളമാക്കും. ലാര്‍വകള്‍ പ്യൂപ്പകളായി മാറിയാല്‍ കോഴികള്‍ക്കും പന്നികള്‍ക്കും തീറ്റയാക്കാം.
ജോര്‍ജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണകമ്മീഷന്‍ കണ്ടെത്തിയത് സാമ്പത്തിക കുറ്റങ്ങള്‍ മാത്രമല്ല, പീഡന കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ടെന്ന കുറ്റവും. പ്രതിയില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റിയെന്നും സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വഴി വീതി കൂട്ടാന്‍ മധ്യസ്ഥനെന്ന നിലയില്‍ ഒരു ലക്ഷം രൂപാ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിര്‍മ്മാണത്തിന് സാമഗ്രികള്‍ വാങ്ങിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളുമുണ്ട്.
തൃശൂര്‍ വടക്കുനാഥക്ഷേത്രത്തിലെ ആനയൂട്ടിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പാമ്പാടി രാജന്‍ തുടങ്ങി എഴുപതോളം ആനകള്‍. ആനയൂട്ടു കാണാന്‍ ആയിരക്കണക്കിന് ആനക്കമ്പക്കാരാണ് എത്തിയത്.
കൊല്ലം എം സി റോഡില്‍ കൊട്ടാരക്കര കലയപുരത്ത് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ച മകന്‍ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബലിതര്‍പ്പണത്തിന് പോയതായിരുന്നു.
കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കില്‍ 21 വയസുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി ആദര്‍ശ്ാണ് മരിച്ചത്. സംഭവത്തില്‍ അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയില്‍.
സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ വര്‍ക്കല ലീനാമണിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃസഹോദരന്റെ ഭാര്യ കസ്റ്റഡിയില്‍. അഹദിന്റെ ഭാര്യയെയാണ് അയിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയില്‍നിന്ന് ഉത്തരവു നേടിയിട്ടും പോലീസ് സംരക്ഷണം തന്നില്ലെന്നു വീട്ടുകാര്‍ പരാതിപ്പെട്ടു.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദ്ദനം. തിരുവനന്തപുരം നരുവാമ്മൂട്ടില്‍ എസ്‌ഐ വിന്‍സെന്റ്, സിപിഓമാരായ സുനില്‍കുമാര്‍, ബിനീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. നരുവാമ്മൂട് വെളളാപ്പളളി സ്വദേശികളായ സജീവ്, രാജീവ്, ലിനു, ശ്രീജിത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മലബാര്‍ സിമന്റ്‌സ് കേസില്‍ ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് സി ബി ഐ. തുടരന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. വ്യവസായി വി. എം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ മരിച്ച ശശീന്ദ്രന്‍ വിജിലന്‍സില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒന്‍പതിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. സിആര്‍പിഎഫിന്റെ സുരക്ഷയോടെയാണു റെയ്ഡ് നടത്തുന്നത്. പൊന്മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എന്ജിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ എന്‍ഡിഎ നിലപാടിനെ എതിര്‍ത്ത് ഘടകകക്ഷിയായ പാട്ടാളി മക്കള്‍ കക്ഷി. ഏകീകൃത സിവില്‍ കോഡ് അനാവശ്യമാണെന്ന് പിഎംകെ നേതാവ് അന്‍ബുമണി രാമദാസ് പ്രതികരിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ ഇക്കാര്യം പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലെ പ്രളയജലം ഇറങ്ങി. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങള്‍, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. ഇന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഈ മാസം പതിനെട്ട് വരെ അവധി തുടരും. പ്രളയബാധിതര്‍ക്ക് പതിനായിരം രൂപ സഹായ ധനം പ്രഖ്യാപിച്ചു.
പാകിസ്ഥാന്‍ സിന്ധ് കാഷ്‌മോറിലെ ക്ഷേത്രം റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് തകര്‍ത്തു. കറാച്ചിയിലെ 150 വര്‍ഷം പഴക്കമുള്ള മാരി മാതാ ക്ഷേത്രമാണു തകര്‍ത്തത്.