പേമാരിയും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും തുടരുന്ന ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി മലയാളികളായ വിനോദയാത്രാ സംഘം. സംഘവുമായി ടെലിഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണു മണാലിയില്‍ കുടുങ്ങിയിത്. ഗള്‍ഫില്‍നിന്നു വന്ന മലപ്പുറം സ്വദേശികളായ ആറുപേര്‍ അടക്കം നാല്‍പതോളം മലയാളികള്‍ ഹിമാചലില്‍ കുടുങ്ങി. ഹിമാചലിലെ ഷിംല, കുളു, സോലന്‍, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിര്‍മൗര്‍ എന്നീ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്. കേന്ദ്ര ദ്രുതകര്‍മസേനയുടെ 12 പ്ലാറ്റൂണുകള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നാളെ രാവിലെ വരേയും ആരും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരം മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളല്ല കോണ്‍ഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു. മന്ത്രിമാര്‍ പിന്‍വാങ്ങിയതിനാലാണു സംഘര്‍ഷം ഒഴിവായത്. വികാരി ജനറലിനെതിരെ മന്ത്രിമാര്‍ പരാതി കൊടുത്തിട്ടില്ലെന്നും പൊലീസ് സ്വന്തം നിലയ്ക്കാണ് കേസെടുത്തതെന്നും ആന്റണി രാജു പറഞ്ഞു.
മുതലപ്പൊഴിയിലെ പ്രശ്‌നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ നടപ്പാക്കാതെ തീരദേശ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വീണ്ടും ദുരന്തമുണ്ടായപ്പോള്‍ ‘ഷോ’ കാണിക്കാനെത്തിയ മന്ത്രിമാരെ തീരവാസികള്‍ തടഞ്ഞതിന്റെ പേരില്‍ ഫാ. യൂജിന്‍ പേരേരക്കെതിരെ കേസെടുത്തത് അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ്. മന്ത്രിമാരാണ് പ്രകോപനമുണ്ടാക്കിയത്. കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും സതീശന്‍.
പി.വി. അന്‍വറിനെതിരായ മിച്ചഭൂമി കേസിലെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അടിയന്തര നടപടി വേണമെന്നു ഹൈക്കോടതി. സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോര്‍ട്ട് ഉടന്‍ വേണം. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാന്‍ കോടതി 2017ല്‍ ഉത്തരവിട്ടതാണ്.
പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു മുന്നേറ്റം. ബിജെപിയും കോണ്‍ഗ്രസും പിറകിലാണ്. വൈകുന്നേരത്തോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
ഏകവ്യക്തി നിയമം നടപ്പാക്കരുതെന്നു വാദിച്ച മുസ്ലീംലീഗിനെയും കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ ചേര്‍ക്കണമെന്ന ബദല്‍ രേഖ അവതരിപ്പിച്ച എം.വി രാഘവനെ പുറത്താക്കിയ സിപിഎം ഇപ്പോഴെങ്കിലും തെറ്റു സമ്മതിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അന്ന് ഏക വ്യക്തിനിയമത്തിനായി നിലകൊണ്ട സിപിഎം രാഘവനെ പുറത്താക്കിയതുകൊണ്ടാണു സിഎംപി എന്ന രാഷ്ട്രീയ പ്രസ്ഥാനം ജന്മമെടുത്തതെന്നും സുധാകരന്‍.
കൊലവിളി നടത്തുന്ന പി.വി. അന്‍വര്‍ എംഎല്‍എയെ ക്രിമിനലായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ നേതാവ് സി. ദിവാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ അന്‍വര്‍ നടത്തുന്ന കൊലവിളികളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സി. ദിവാകരന്റെ പരാമര്‍ശം.
തിരുവനന്തപുരം മുതലപ്പൊഴിയില്‍ കാണാതായ മൂന്നു പേരില്‍ ഒരാുടെ മൃതദേഹം കണ്ടെടുത്തു. പാറക്കെട്ടുകള്‍ക്കിടയില്‍നിന്നാണു മൃതദേഹം കണ്ടെടുത്തത്.
കാട്ടാക്കടയില്‍ കിള്ളി രാജശ്രീ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം. സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്നു യുവാക്കളെ നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനു കാരണം. ഓഡിറ്റോറിയത്തിനു സമീപത്തെ കടയിലേക്ക് കാറിടിച്ചു കയറ്റി യുവാക്കള്‍ ഭീകരാന്തരീക്ഷമുണ്ടാക്കി. മൂന്നു യുവാക്കള പൊലീസ് കസ്റ്റഡിയിലെടുത്തു.
വന്ദേ ഭാരത് ട്രെയിന്‍ ഇന്നും ഒരു മണിക്കൂര്‍ വൈകി. ഇന്നു രാവിലെ 5.20 നു പുറപെടേണ്ട ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത് 6.28 നായിരുന്നു.
കെ റെയിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. നിലവിലെ ഡിപിആര്‍ മാറ്റണം. ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണം. ഹൈ സ്പീഡ് ട്രെയിന്‍ പിന്നീടു മതിയെന്നാണ് ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഏക സിവില്‍ കോഡിനെ അന്ധമായി എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഫോറം ഫോര്‍ മുസ്ലീം വിമണ്‍സ് ജന്‍ഡര്‍ ജസ്റ്റിസ് നേതാവും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ്. മുസ്ലീം വ്യക്തി നിയമത്തിലെ പരിഷ്‌കാരങ്ങളാണ് ഈ സമയം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അവര്‍ നിര്‍ദേശിച്ചു.
കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം ഉണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്.
എറണാകുളത്ത് ഗ്ലാസ് പാളികള്‍ ദേഹത്തേക്കു വീണ് അതിഥി തൊഴിലാളി മരിച്ചു. എടയാറില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ആസാം സ്വദേശി ധന്‍ കുമാറാണ് മരിച്ചത്.
കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വന്ദേ സാധാരണ്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. നോണ്‍ എസി സൗകര്യങ്ങളുള്ള വന്ദേ സാധാരണ്‍ ട്രെയിനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ 26 റഫാല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും വാങ്ങും. സര്‍ക്കാര്‍തന്നെയാണ് ഇക്കാര്യം വെളിപെടുത്തിയത്.
ഈ മാസം 18 നു പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ വിളിച്ച എന്‍ഡിഎ യോഗത്തിലേക്ക് എഐഎഡിഎംകെയ്ക്കും ക്ഷണം. പളനിസ്വാമിയെയാണു ക്ഷണിച്ചത്. ബിജെപി തമിഴ്‌നാട് ഘടകവുമായി ഭിന്നത രൂക്ഷമായിരിക്കേ സഖ്യകാര്യത്തില്‍ തീരുമാനം പിന്നീടെന്നു പളനിസ്വാമി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയതിനു സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. ക്രിസ്തുമത വിശ്വാസികള്‍ക്കെതിരേ നടത്തിയ പ്രചാരണത്തിനെതിരേ പോലീസിനു ലഭിച്ച പരാതിയിലാണ് അറസ്റ്റ്.