യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ അടൂരിലെ വീടു വളഞ്ഞ് അറസ്റ്റു ചെയ്തു. പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. മലപ്പുറം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം. കൊല്ലത്ത് ലാത്തിച്ചാര്‍ജ്. അക്രമാസക്തമായിരുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസിലാണ് കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. രാഹുലിനെ ഭീകരവാദിയെന്ന പോലെയാണ് പൊലീസ് രാഹുലിനെ കൈകാര്യം ചെയ്തതെന്നും വീട് വളഞ്ഞാണ് അറസ്റ്റുചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്.
ഹര്‍ത്താല്‍ ഭീഷണിയെ കൂസാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൊടുപുഴയില്‍. കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞില്ല. ഗവര്‍ണറുടെ സന്ദര്‍ശനത്തിനെതിരേ ഇടുക്കിയില്‍ രാവിലെ മുതല്‍ എല്‍ഡിഎഫ് ഹര്‍ത്താലാണ്. അസഭ്യ മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ മാര്‍ച്ച് നടത്തി. ‘തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ എന്നിങ്ങനെയുള്ള അസഭ്യ മുദ്രാവാക്യങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ മുഴക്കിയത്.
ഇടുക്കിയിലെ ജനങ്ങളുടെ ഭൂമിപ്രശ്‌നം പരിഹരിക്കാനുള്ള നിയമത്തില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധമാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ്. നിയമസഭ സെപ്റ്റംബറില്‍ ഐകകണ്‌ഠ്യേനെ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലാണ് ഒപ്പിടാത്തതെ മാറ്റിവച്ചിരിക്കുന്നത്. കയ്യേറ്റക്കാര്‍ക്ക് നിയമസാധുത നല്‍കുമെന്നു പരാതികളുള്ളതിനാലാണ് ഒപ്പിടാത്തതെന്നാണ് രാജ്ഭവന്റെ വിശദീകരണം.
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്നവനെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസില്‍നിന്ന് ആര്‍ഷോ മോഡല്‍ ‘വാ മോനേ’ എന്ന ഓമനിക്കല്‍ പ്രതീക്ഷിച്ചല്ല യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിനിറങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നവഗുണ്ടാ സദസു നയിച്ച പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചതിന്റെ അസ്വസ്ഥതയുടെ തുര്‍ച്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റെന്നു ഷാഫി പറമ്പില്‍ എംഎല്‍എയും പ്രതികരിച്ചു.
പോലീസിനെ മുഖ്യമന്ത്രിയുടെ ഓഫീസ് തെരുവു ഗുണ്ടകളാക്കി മാറ്റിയെന്ന് കെ. മുരളീധരന്‍. ഡിജിപിയെ ബന്തിയാക്കിയിരിക്കുന്നു. കൊലയാളികളേയും പീഡകരേയും സംരക്ഷിക്കുന്ന പോലീസാണ് രാഹുലിനെ അറസ്റ്റു ചെയ്തതെന്നും നിയമം കൈയിലെടുക്കേണ്ടിവരുമെന്നും മുരളീധരന്‍.
സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പു നടപടികള്‍ മെത്രാന്മാരുടെ സിനഡില്‍ ആരംഭിച്ചു. സ്ഥാനാര്‍ത്ഥി ഇല്ലാതെ രഹസ്യബാലറ്റ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ തലനാരിഴയ്ക്കു സ്ഥാനം നഷ്ടപ്പെട്ട സീനിയര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനാണു സാധ്യതകള്‍ കൂടുതല്‍. സിബിസിഐ പ്രസിഡന്റായ മാര്‍ താഴത്ത് തൃശൂര്‍ ആര്‍ച്ച്ബിഷപ്പാണ്. 65 മെത്രാന്മാരില്‍ 53 പേര്‍ക്കാണു വോട്ടാവകാശമുള്ളത്.
പുല്‍പ്പള്ളിയിലെ ഗതാഗത നിയന്ത്രണം പാലിക്കാതെ തര്‍ക്കിച്ചതിനു കസ്റ്റഡിയിലെടുത്ത് പോലീസ് കല്‍ തല്ലിയൊടിച്ച സൈനികനെ കണ്ണൂര്‍ സൈനിക ആശുപത്രിയിലേക്കു മാറ്റി. പുല്‍പള്ളി വടാനക്കാവല സ്വദേശി പഴയംപ്ലാത്ത് അജിത്തിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മേജര്‍ മനു അശോകിന്റെ നേതൃത്വത്തില്‍ മുപ്പതോളം പട്ടാളക്കാര്‍ എത്തി സൈനിക ആശുപത്രിയിലേക്കു മാറ്റിയത്.
പത്തനംതിട്ടയിലെ ജഡ്ജിയാണെന്നു ചമഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. ജഡ്ജിയായ തന്റെ വാഹനം കേടായെന്ന് ഇയാള്‍ ഫോണ്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. പിന്നീട് പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. സംശയം തോന്നി തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. സബ് കളക്ടറാണെന്നു പറഞ്ഞു ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ ഹോട്ടല്‍ ബില്ലും നല്‍കിയിരുന്നില്ല.
തമിഴ്‌നാട്ടില്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. സിഐടിയു, എഐഎഡിഎംകെ യൂണിയന്‍ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്. ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമരം തുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞു.
ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ തമ്മിലുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഡല്‍ഹിയിലെ ഏഴു സീറ്റില്‍ മൂന്നെണ്ണവും പഞ്ചാബിലെ 13 ല്‍ ആറെണ്ണവും കോണ്‍ഗ്രസിനു വിട്ടുകൊടുക്കാമെന്നാണ് ആം ആത്മി പാര്‍ട്ടി നിലപാടെടുത്തത്. ഗുജറാത്തിലും ഹരിയാനയിലും ഗോവയിലും ആം ആദ്മി പാര്‍ട്ടിക്കു സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പത്താമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്നെത്തും. വൈകുന്നേരം അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിക്കും. തുടര്‍ന്ന് റോഡ് ഷോയുണ്ട്. മൂന്നു ദിവസത്തെ വൈബ്രന്റ് സമ്മിറ്റ് നാളെ ആരംഭിക്കും. മൂന്നു ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്‍മാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
നാലു വയസുള്ള സ്വന്തം മകനെ കൊന്നു പെട്ടിയിലാക്കിയ മൃതദേഹവുമായി ഗോവയില്‍നിന്നു കാറില്‍ ബംഗളൂരുവിലേക്കു പോകുന്നതിനിടെ യുവതി അറസ്റ്റിലായി. ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. ഗോവയിലെ ഹോട്ടല്‍ മുറി ശുചീകരിച്ച ജീവനക്കാര്‍ രക്തക്കറ കണ്ടതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്ന അച്ഛനെയും നാലു ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി. കാര്‍ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഡൗണ്‍ ടൗണ്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയിലെ വൈറ്റ് ഹൗസിന് സമീപമുള്ള റോഡുകള്‍ അടച്ചു. സംഭവസമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥലത്തുണ്ടായിരുന്നില്ല.
വാടക ഗര്‍ഭധാരണം നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെതിരാണ് വാടക ഗര്‍ഭധാരണം. ആഗോളതലത്തില്‍ നിരോധിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.