സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ കേരളത്തിനുള്ള കടമെടുപ്പ് പരിധിയില്‍ 5,600 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഇതോടെ ക്ഷേമ പെന്‍ഷന്‍ വിതരണമടക്കമുള്ള വര്‍ഷാന്ത്യ ചെലവുകളില്‍ സംസ്ഥാന സര്‍ക്കാരിനു വലിയ പ്രതിസന്ധിയാകും. ഈ വര്‍ഷം ആകെ 45,689.61 കോടി രൂപ കേരളത്തിനു കടമെടുക്കാമെന്നായിരുന്നു കേന്ദ്രം നിലപാടെടുത്തിരുന്നത്. ഡിസംബര്‍ വരെ പൊതു വിപണിയില്‍നിന്ന് 23,852 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയും കിട്ടിയിരുന്നു.
കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ഓഡിറ്റോറിയത്തില്‍ സംഗീതനിശയ്ക്കു തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. പൊലീസ് സഹായം തേടിയുള്ള പ്രിന്‍സിപ്പലിന്റെ കത്ത് കൈമാറാതിരുന്ന സര്‍വ്വകലാശാല രജിസ്റ്റാര്‍ക്കെതിരേ കേസെടുത്തിട്ടില്ല.
കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ സമരം ചെയ്ത എം. വിജിന്‍ എംഎല്‍എയെ മനസ്സിലായില്ലെന്ന് എസ്‌ഐ ഷമീല്‍. നഴ്സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് കരുതിയാണ് എംഎല്‍എക്കെതിരെ പ്രതികരിച്ചതെന്നാണു മൊഴി. കളക്ടറേറ്റ് വളപ്പില്‍ വിലക്കുള്ളതിനാലാണ് മൈക്ക് പിടിച്ചുവാങ്ങിയത്. മൊഴിയില്‍ പറയുന്നു. എംഎല്‍എയുടെ പേര് ചോദിച്ചത് എസ്‌ഐ പറഞ്ഞിട്ടാണെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയും മൊഴി നല്‍കി.
വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ കുത്തിയ പ്രതി പാല്‍രാജിനെതിരെ വധശ്രമക്കുറ്റം ചുമത്തി. കൊലപാതകം നടത്താനാണ് പ്രതി ശ്രമിച്ചതെന്നാണ് എഫ്‌ഐആര്‍. ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധുവാണ് പാല്‍രാജ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ നേഴ്‌സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണിയെ സ്ഥലംമാറ്റിയ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. നേഴ്‌സിംഗ് ഓഫീസര്‍ പിവി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.
സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട്. കറുപ്പിനോട് അലര്‍ജിയായിരുന്ന മുഖ്യമന്ത്രിക്കും പോലീസിനും സെക്രട്ടേറയറ്റില്‍ കറുപ്പാകാം. കറുത്ത കോട്ടു വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചു. ഇതാദ്യമായാണ് തൊഴിലാളികള്‍ക്ക് കോട്ട് വാങ്ങാന്‍ പണം അനുവദിക്കുന്നത്. കൈത്തറി വികസന കോര്‍പ്പറേഷന്‍ വഴി 188 കോട്ടുകളാണ് വാങ്ങുന്നത്.
തിരുവനന്തപുരത്തെ പുതിയതുറ തീരദേശത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കരുംകുളം പഞ്ചായത്തിലെ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടില്‍ ശിലുവയ്യന്‍ – അജിത ദമ്പതികളുടെ മകന്‍ സ്റ്റിജോയെ (8) ആണ് തെരുവുനായകള്‍ കടിച്ചത്.
ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടന്ന് മരിക്കുകയാണെന്നും ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍. കോടതിയില്‍ കണ്ണു നിറഞ്ഞ് തൊഴുകയ്യോടെ നരേഷ് ഗോയല്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചു വിവരിച്ചു. 538 കോടിയുടെ വായ്പാ തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നരേഷ് ഗോയലിനെ അറസ്റ്റു ചെയ്ത് ജയിലിലാക്കിയത്. ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് 16 നു വീണ്ടും പരിഗണിക്കും.
തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ മൂന്ന് വര്‍ഷത്തിനകം മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരിന് കഴിയില്ലെന്നും കെ അണ്ണാമലൈ വിമര്‍ശിച്ചു.
കടുത്ത ശൈത്യം മൂലം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വരെ അടുത്തയാഴ്ച അവധിയായിരിക്കും. രാജസ്ഥാനില്‍ എട്ടാം ക്ലാസ് വരെ അടുത്തയാഴ്ച അവധിയാണ്. തെലങ്കാനയില്‍ ജനുവരി 12 മുതല്‍ 17 വരെയാണ് അവധി.
ബംഗ്ലാദേശില്‍ പൊതു തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് നാലു വരെയാണു വോട്ടെടുപ്പ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. വോട്ടെണ്ണലും ഇന്നു തന്നെ തുടങ്ങും. 300 പാര്‍ലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീന തന്നെ തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.
അലാസ്‌ക എയര്‍ലൈന്‍സ് വിമാനം പറക്കുന്നതിനിടെ വാതില്‍ അടര്‍ന്നുവീണതിന്റെ പശ്ചാത്തലത്തില്‍ 171 ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് അമേരിക്കന്‍ വ്യോമയാന ഏജന്‍സി നിര്‍ത്തിവയ്പ്പിച്ചു. പരിശോധനകളുടെ ഭാഗമായാണ് നടപടി. ബോയിങ് 737 മാക്‌സ് 9 വിഭാഗത്തിലുള്ള 171 വിമാനങ്ങളാണ് സര്‍വ്വീസ് നിര്‍ത്തിയത്.