അനാവശ്യ മല്‍സര ബോധം വളര്‍ത്തി കൗമാര മനസുകളെ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കുള്ള മല്‍സരമാണിത്. രക്ഷകര്‍ത്താക്കള്‍ അവരുടെ മല്‍സരമായി കാണരുത്. കല പോയിന്റ് നേടാനുള്ള ഉപാധിയാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഞ്ചു ദിവസം നീളുന്ന കലോല്‍സവത്തില്‍ പതിനാലായിരം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. 24 വേദികളിലായി 239 ഇനങ്ങളിലാണു മല്‍സരം. നടിയും നര്‍ത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്ത ശില്‍പത്തോടെയാണു മേള തുടങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂര്‍ പ്രസംഗിച്ച ‘മോദി ഗ്യാരണ്ടി’ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുദ്രാവാക്യമാക്കിയേക്കും. മോദി ഗ്യാരണ്ടി പ്രയോഗം സമൂഹത്തില്‍ വളരെ സ്വീകാര്യത ലഭിച്ചെന്നാണ് ബിജെപി നേതാക്കളുടെ യോഗം വിലയിരുത്തിയത്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ, വികസന പദ്ധതികളെ ഉയര്‍ത്തിക്കാട്ടാന്‍ ഈ മുദ്രാവാക്യത്തിനു കഴിയുമെന്നാണു വിലയിരുത്തല്‍.
തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര വേദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിച്ചു പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തരും തമ്മില്‍ സംഘര്‍ഷം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയിലെ ആല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റിയതിനെതിരേ പ്രതിഷേധിക്കാനാണു തങ്ങള്‍ എത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഫ്‌ളക്‌സുകളും മറ്റും അഴിച്ചെടുക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടാകുകയായിരുന്നു.
സംസ്ഥാനത്ത് 726 എഐ ക്യാമറകള്‍ സ്ഥാപിച്ചതിന് കെല്‍ട്രോണിനു നല്‍കേണ്ട തുകയുടെ ആദ്യ ഗഡുവായ 9.39 കോടി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പണം കിട്ടാത്തതിനാല്‍ പിഴചെല്ലാന്‍ അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവച്ചതോടെയാണ് സര്‍ക്കാര്‍ പണം നല്‍കാന്‍ തീരുമാനിച്ചത്.
സര്‍ക്കാരിലേക്കു കണ്ടുകെട്ടേണ്ട മിച്ച ഭൂമി സിപിഎം നേതാവായ മുന്‍ എംഎല്‍എ മറിച്ചു വിറ്റെന്ന് ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. തിരുവമ്പാടിയിലെ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് എതിരെയാണ് റിപ്പോര്‍ട്ട്.
സ്വര്‍ണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജന്‍സികള്‍ അവിടെ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണു കാരണം. എന്നിട്ടും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വര്‍ണക്കടത്ത് ബിജെപി ആയുധമാക്കുന്നു. കേരളത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഹിളാ സമ്മേളനംകൊണ്ട് ബിജെപിക്ക് കേരളത്തില്‍ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മോദി ഗ്യാരണ്ടി കേരളത്തില്‍ ഫലിക്കില്ല. മോദി കേരളത്തില്‍ സമയം ചെലവിട്ടിട്ട് കാര്യമില്ല. സമ്മേളനത്തിനും റാലിക്കും വന്നതെല്ലാം വോട്ടാകില്ല. അദ്ദേഹം പറഞ്ഞു.
മഹിളാശക്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്ന് അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം കാണിച്ചുതന്നെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. മോദി അരി തരുന്നു, എന്നാല്‍ പിണറായി അരി തരുന്നില്ല എന്നാണ് മറിയക്കുട്ടി അടക്കമുള്ള സാധാരണക്കാര്‍ പറയുന്നത്. മുരളീധരന്‍ പറഞ്ഞു.
അതിജീവിതയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ പ്രോസിക്യൂട്ടര്‍ പി ജി മനുവിന് കീഴടങ്ങാന്‍ ഹൈക്കോടതി പത്തു ദിവസത്തെ സമയം അനുവദിച്ചു. ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളിലുള്ള വിയോജിപ്പ് വിരുന്നിനിടെ വിളച്ചു പറയേണ്ടതായിരുന്നെന്ന് മാര്‍ത്തോമ്മാ സഭ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസ്. ങ്ങള്‍ ഹ്യദയം നുറുങ്ങുന്ന വേദനയിലാണെന്നു പറയാന്‍ ആരും തയാറായില്ലെന്നും ഏബ്രഹാം പൗലോസ് പറഞ്ഞു.
പാപനാശം ഹെലിപ്പാഡ് കുന്നിില്‍നിന്നു താഴേയ്ക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്ന് ആണ്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയിലായി. തിരുനെല്‍വേലി സ്വദേശിനി അമൃത എന്ന 28 കാരിയാണ് കുന്നിില്‍നിന്നു താഴേയ്ക്കു ചാടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വര്‍ക്കലയില്‍ എത്തിയതായിരുന്നു യുവതി. മൂന്നു യുവാക്കളും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം തിരുവല്ലത്ത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം മൂലം ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്‌പെന്‍ഡ് ചെയ്തു. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് സസ്‌പെന്‍ഷന്‍. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്.
പുതുവര്‍ഷം ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയ മൂന്നു വൈക്കം സ്വദേശികളില്‍ ഒരാളെ കാണാതായി. 19 കാരനായ സഞ്ജയ് സന്തോഷിനെയാണ് കാണാതായത്. വൈക്കം മറവന്‍തുരുത്ത് കടൂക്കരയില്‍ സന്തോഷിന്റെയും ബിന്ദുവിന്റെയും മകനാണ്.
തിരുവനന്തപുരം കമലേശ്വരത്ത് മദ്യപിച്ചുള്ള തര്‍ക്കത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജിത്തിന്റെ സുഹൃത്ത് ജയന്‍ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്‌തേക്കും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് മൂന്നാം തവണയും നോട്ടീസ് നല്‍കിയിട്ടും കേജരിവാള്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് അറസ്റ്റു ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍തന്നെ പ്രചരിപ്പിക്കുന്നത്.
അയോധ്യ രാമക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്.
നെഹ്‌റു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ഡല്‍ഹി തീന്മൂര്‍ത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. രേണ്ടായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മോദി ഗാലറി അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും.
വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സ്ഥാപക വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വൈ എസ് രാജശേഖര റെഡ്ഢിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരിയുമാണ് വൈ എസ് ശര്‍മിള.