night news hd 18

 

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കുന്നതു വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം നേതാക്കള്‍ തട്ടിപ്പു നടത്തിയെന്നു സ്ഥാപിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമം. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. സ്വര്‍ണ കള്ളകടത്ത് നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. പിന്നെ നടന്നതൊന്നും പറയുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 288. 91 ലക്ഷം ലാഭമൂണ്ടാക്കി. ഈ കാലയളവില്‍ 18,901 സര്‍വീസാണു നടത്തിയത്. ഒരു കിലോമീറ്റര്‍ ഓടാന്‍ ശമ്പളം, ഇന്ധനം എന്നീ ഇനങ്ങളില്‍ 28. 45 രൂപ ചെലവുവരുന്നു. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു. ചെലവുകള്‍ കഴിഞ്ഞ് കിലോമീറ്ററിന് എട്ടു രൂപ 21 പൈസ ലാഭമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭമില്ലെന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ വാദം ശരിയല്ലെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പുതിയ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡി ബുധനാഴ്ച മന്ത്രിക്കു കൈമാറും.

കാരുണ്യ ഫാര്‍മസിക്കു മരുന്നു വിതരണം ചെയ്തതിന്റെ ഒമ്പതര കോടി രൂപയുടെ കുടിശ്ശിക തരണമെന്ന് ആവശ്യപ്പെട്ട് സണ്‍ ഫാര്‍മ സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ വിശ്വാസവഞ്ചന കാണിച്ചെന്നും പാവപ്പെട്ട രോഗികളെ ഓര്‍ത്താണ് മരുന്നു വിതരണം നിര്‍ത്താത്തതെന്നും കമ്പനി ഹര്‍ജിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നയിക്കുന്ന ദേശീയ പരിപാടിയായ പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകയാകാന്‍ മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മേഘ്‌ന എന്‍ നാഥിനെയാണ് അവതാരകയാകാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. വാരണസിയില്‍ നിന്നുള്ള അനന്യ ജ്യോതിയും പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകയാകും. മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള അവതാരക വീഡിയോ അടിസ്ഥാനമാക്കിയായിരുന്നു പ്രാഥമികഘട്ട തെരഞ്ഞെടുപ്പ്.

നടി ഷക്കീലയെ മര്‍ദിച്ചതിന് വളര്‍ത്തുമകളായ ശീതളിനെതിരേ കേസെടുത്തു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യക്കും മര്‍ദനമേറ്റു. ഇവരെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഷക്കീലയ്‌ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നവകേരള സദസിനായി സര്‍ക്കാര്‍ ചെലവാക്കിയ തുക എത്രയെന്ന വിവരാവകാശ ചോദ്യത്തിനു മറുപടി നല്‍കാതെ അധികൃതര്‍. കണക്കു ലഭ്യമല്ലെന്നാണു സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി കുഞ്ഞുമുഹമ്മദിനു ലഭിച്ച മറുപടി. നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ആകെ എത്ര കേസുകളുണ്ടെന്ന ചോദ്യം ഡിജിപിയോട് ചോദിക്കണമെന്നാണു സര്‍ക്കാര്‍ മറുപടി നല്‍കിയത്.

തിരുവല്ല ഡയറ്റില്‍ പരീക്ഷാത്തട്ടിപ്പു റിപ്പോര്‍ട്ടു ചെയ്തതിനാണ് തന്നെ കള്ളക്കേസില്‍ കുടുക്കി വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചെന്നു കേസുണ്ടാക്കി തന്നെ സസ്‌പെന്‍ഡു ചെയ്തതെന്ന് അധ്യാപിക മിലീന ജെയിംസ്. വിദ്യാര്‍ത്ഥികള്‍ക്കു കോപ്പിയടിക്കാന്‍ ഒരു അധ്യാപിക ഉത്തരസൂചിക നല്‍കിയെന്ന വിവരം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതിനുള്ള വൈരാഗ്യമെന്ന നിലയിലാണ് ആത്മഹത്യാശ്രമക്കേസെന്നാണ് ആരോപണം. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ താന്‍ പഠിപ്പിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആള്‍ക്കൂട്ടത്തില്‍ പോലീസുകാരന് ഇന്‍സ്‌പെക്ടറുടെ മര്‍ദനം. വൈത്തിരി ഇന്‍സ്‌പെക്ടറാണ് കീഴുദ്യോഗസ്ഥനെ തല്ലിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. പോലീസുകാരന്‍ പരാതി നല്‍കിയിട്ടില്ല.

അയോധ്യാ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ നാലു ന്യായാധിപന്മാര്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷണ്‍ മാത്രം ചടങ്ങിനെത്തും. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരുന്നു അയോധ്യ കേസില്‍ വിധി പറഞ്ഞത്.

അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ മുഖം വ്യക്തമായി കാണന്ന വിധത്തില്‍ ചിത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. വിഗ്രഹത്തിന്റെ മുഖവും മാറിടവും തുണികൊണ്ട് മറച്ചിരിക്കുകയാണ്. ചടങ്ങുകള്‍ക്ക് ശേഷമാണ് വിഗ്രഹത്തിന്റെ കണ്ണു തുറക്കുക.

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കുമെന്ന് അയോധ്യക്കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. മസ്ജിദ് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. അല്ലെങ്കില്‍ ആ സ്ഥലത്ത് കൃഷി നടത്തി വിളവ് ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിടണമെന്നും ഇക്ബാല്‍ അന്‍സാരി പറഞ്ഞു.

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ നാളെ ഉച്ചയ്ക്കു രണ്ടര വരെ അവധി പ്രഖ്യാപിച്ച ഡല്‍ഹി എയിംസ് ആശുപത്രി തീരുമാനം തിരുത്തി. ഒപി അടക്കം അടച്ചിട്ട് ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി നല്‍കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിശിത വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനം തിരുത്തിയത്.

കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യാം പാര്‍ട്ടി ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നേക്കും. പാര്‍ട്ടിയുടെ അടിയന്തര യോഗം ചൊവ്വാഴ്ച ചൈന്നൈയില്‍ വിളിച്ചു കൂട്ടിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി. ലൈംഗികാതിക്രമത്തിനുശേഷം കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

ഗോവയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ആഡംബര ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍. ഗൗരവ് കത്യാര്‍ എന്ന 29 കാരനാണ് അറസ്റ്റിലായത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ ദിക്ഷ ഗാംഗ്വാര്‍ കടലില്‍ മുങ്ങിമരിച്ചെന്നാണ് ഗൗരവ് കത്യാര്‍ പ്രചരിപ്പിച്ചത്. സൗത്ത് ഗോവയിലെ കോള്‍വയില്‍ മാരിയട്ട് ഇന്റര്‍നാഷണലിന്റെ ആഡംബര ഹോട്ടലില്‍ മാനേജരാണ് ഗൗരവ് കത്യാര്‍.

ലോകസുന്ദരി മത്സരം ഇന്ത്യയില്‍ നടക്കം. മിസ് വേള്‍ഡ് സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 18 നും മാര്‍ച്ച് ഒമ്പതിനും ഇടയിലാണ് മത്സരം. ജി -20 വേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയായിരിക്കും വേദികള്‍. മിസ് വേള്‍ഡ് ഫൈനല്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് ഒമ്പതിനാണ്. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മല്‍സരം നടക്കുന്നത്.

മാലദ്വീപില്‍ രോഗിയെ കൊണ്ടുപോകാന്‍ എയര്‍ലിഫ്റ്റിന് ഇന്ത്യന്‍ വിമാനത്തിനു വിലക്ക്. രോഗബാധിതനായ 14 കാരന്‍ മരിച്ചു്. മാലദ്വീപിന് ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി ഉപയോഗിക്കേണ്ടെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു നിര്‍ദേശിച്ചെന്നാണു റിപ്പോര്‍ട്ട്.

വ്യാഴത്തിന്റെ മനോഹര ചിത്രങ്ങളുമായി നാസ. വ്യാഴത്തിന് മുകളിലുള്ള മേഘങ്ങള്‍ക്കു മുകളില്‍നിന്ന് 23,500 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് ജൂണോ ബഹിരാകാശ പേടകം പകര്‍ത്തിയ ചിത്രങ്ങളാണിവ. വ്യാഴത്തിന്റെ നീലയും വെളുപ്പും നിറങ്ങളിലുള്ള വാതകപ്രവാഹങ്ങള്‍ ചിത്രത്തില്‍ കാണാം.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *