പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊച്ചിയും ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളും. ഇന്നു വൈകുന്നേരം ആറരയ്ക്ക് കൊച്ചിയിലെത്തുന്ന മോദിയുടെ റോഡ് ഷോ ഏഴു മണിയോടെ ആരംഭിക്കും. കൊച്ചിയില്‍ മൂന്നു മണി മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്. രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി നാളെ രാവിലെ എട്ടോടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം പത്തു മണിയോടെ തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനവും നടത്തും. പന്ത്രണ്ടോടെ ഷിപ് യാര്‍ഡിലെ പരിപാടിയില്‍ പങ്കെടുത്ത് ഒന്നരയ്ക്കു മറൈന്‍ ഡ്രൈവില്‍ ബിജെപി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കും.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മന്ത്രി പി. രാജീവനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി. രാജീവ് സമ്മര്‍ദം ചെലുത്തിയെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്. പി രാജീവിനെതിരായ വിവരങ്ങള്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് മൊഴി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ ക്രമീകരണത്തിനായി നാളെ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പകരം ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണം.
ആലുപ്പുഴയിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെ ലാത്തിയടിയേറ്റു തലയ്ക്കു ഗുരതര പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ ആരോഗ്യനില ഗുരുതരം. മേഘയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്കു മാറ്റി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മാര്‍ച്ച് നടത്തിയത്. പുരുഷ പൊലീസിന്റെ ലാത്തിയടിയില്‍ നിരവധി വനിതാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിനെ കൊല്ലാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നു രമേശ് ചെന്നിത്തല. പോലീസ് നടത്തിയത് അതിഭീകരമായ നരനായാട്ടാണ്. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചു കീറുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തു. മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറിയാം. പോലീസിനെതിരെ നിയമനടപടി സ്വീകരിക്കും. ചെന്നിത്തല പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസില്‍ കൂടി പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും രണ്ടു കേസുകളില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയതിനുള്ള കേസിലെ ജാമ്യാപേക്ഷ ജില്ലാ കോടതി നാളെ പരിഗണിക്കും. സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസിലെ ജാമ്യഹര്‍ജിയും നാളെ പരിഗണിക്കും.
കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ ഒരു വര്‍ഷം മുമ്പു നടന്ന മര്‍ദന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. ഗാര്‍ഹിക പീഡന കേസിലെ പ്രതിയെ എസ്‌ഐ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് അമ്പലമേട് എസ്‌ഐ ആരോപിച്ചു. മണ്ണ് മാഫിയയുമായുള്ള പൊലീസ് ബന്ധം ആരോപിച്ച് രണ്ടാഴ്ച മുന്‍പ് പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടന്നതിനു പിറകേയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്.
പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി തൃപ്പൂണിത്തുറയില്‍ അന്തരിച്ചു. 84 വയസായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്‌കാര ജേതാവാണ്. യജ്ഞം, അഗ്‌നിഹോത്രം, പറയിപെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികള്‍.
മണിപ്പൂരിലെ പാപക്കറ തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചാല്‍ തീരില്ലെന്നു സുരേഷ് ഗോപിയെ വിമര്‍ശിച്ച് ടി.എന്‍. പ്രതാപന്‍ എംപി. മണിപ്പൂരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും ടി.എന്‍. പ്രതാപന്‍ കുറ്റപ്പെടുത്തി.
അതിരപ്പിള്ളി വനത്തിനുള്ളില്‍ അതിക്രമിച്ചുകടന്നെന്ന് ആരോപിച്ച് അഞ്ചു വിനോദ സഞ്ചാരികള്‍ക്കും കൂട്ടുപോയ താത്കാലിക വനംവാച്ചര്‍ക്കും എതിരേ കേസ്. ഇവര്‍ വാഹനവുമായി 10 കിലോമീറ്ററിലേറെ വനത്തിനുള്ളിലേക്ക് യാത്ര ചെയ്‌തെന്നാണു കേസ്. താല്‍ക്കാലിക വാച്ചര്‍ അയ്യംപുഴ സ്വദേശി ശ്രീലേഷിനെ പിരിച്ചുവിടുമെന്നും വനംവകുപ്പ് അറിയിച്ചു.
നാസ എര്‍ത്ത് പകര്‍ത്തിയ കൊച്ചിയുടെ ആകാശ ദൃശ്യം വൈറലാകുന്നു. കൊച്ചിയുടെ തീരവും, കായലുമെല്ലാം ഉള്‍പെടുന്ന ചിത്രമാണ് നാസ പുറത്തുവിട്ടത്. കൊച്ചിയെക്കുറിച്ചു വിശദമായ കുറിപ്പും നാസ എര്‍ത്ത് പോസ്റ്റിലുണ്ട്.
മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്.
ആളൂര്‍ മാള റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തു സിമന്റ് ട്രക്ക് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കൊടകര മറ്റത്തൂര്‍കുന്ന് ചിറയാരക്കല്‍ രാജേഷ് (48 ) ആണ് മരിച്ചത്. ട്രക്കിന്റെ അടിയില്‍പെട്ട രാജേഷ് തല്‍ക്ഷണം മരിച്ചു.
ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് അടുത്ത മാസം പകുതിയോടെ തുറന്നു കൊടുക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജാണിത്. കൃത്രിമ മഞ്ഞും ചാറ്റല്‍ മഴയും എല്‍ഇഡി സ്‌ക്രീനിന്റെ സഹായത്തോടെ പാലത്തില്‍ വിള്ളല്‍ വീഴുന്ന അനുഭവവും ഒരുക്കുന്നുണ്ട്.
അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നു വീഡിയോയിലൂടെ ആവശ്യപ്പെട്ട കെ.എസ്. ചിത്രയ്‌ക്കെതിരേ നടത്തുന്ന സൈബര്‍ ആക്രമണം ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് സതീശന്‍ പറഞ്ഞു.
വയനാട് മൂടക്കൊല്ലിയില്‍ ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമില്‍നിന്ന് കടുവ പന്നിയെ പിടികൂടുന്ന ദൃശ്യം പുറത്ത്. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാത്രി ഇനിയും കടുവയുടെ ആക്രമണമുണ്ടെന്ന് വ്യക്തമാകുന്ന ദൃശ്യം വനംവകുപ്പുകാര്‍ പരിശോധിച്ചു.
സര്‍ക്കാര്‍ ലേലം ചെയ്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി രാജേഷിനാണ് റവന്യൂ റിക്കവറി നോട്ടീസ് നല്‍കിയത്. ഇല്ലാത്ത ലോറിയാണെന്നു ചൂണ്ടിക്കാട്ടിയതോടെ മോട്ടോര്‍ വാഹന വകുപ്പ് ക്ഷമ ചോദിച്ചു.
കൈ.വൈ.സി നല്‍കിയില്ലെങ്കില്‍ വാഹനങ്ങളിലെ ഫാസ്റ്റാഗുകള്‍ ഈ മാസത്തോടെ പ്രവര്‍ത്തനരഹിതമാകും. കെവൈസി ഉടനേ സമര്‍പ്പിക്കണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ചുവരെഴുത്ത് ക്യാംപെയിന്‍ ബിജെപി ഉദ്ഘാനം ചെയ്തു. ഡല്‍ഹി കരോള്‍ബാഗില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ താമര വരച്ചാണ് പ്രചാരണം ഉദ്ഘാടനം ചെയ്തത്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഉള്‍പ്പെടെയുള്ള മൂന്നു കോടീശ്വരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥസംഘം യുകെയിലേക്ക്. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവ ഉള്‍പ്പെടുന്ന സംഘമാണ് യുകെയിലേക്ക് തിരിക്കുന്നത്. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ എന്നിവരെ പിടികൂടാനാണു നീക്കം.
മഥുര കൃഷ്ണ ജന്‍മഭൂമിയോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വെ നടത്തണമെന്ന ഉത്തരവു സുപ്രീംകോടതി സ്റ്റേ ചെയ്തു. അഭിഭാഷക കമ്മീഷനെക്കൊണ്ടു പരിശോധിപ്പിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുളള മത്സരത്തില്‍ നിന്നും ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്മാറി. ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു.
കനത്ത പ്രളയത്തില്‍ മുങ്ങി മൗറീഷ്യസ്. ബെലാല്‍ ചുഴലിക്കാറ്റ് മൗറീഷ്യസില്‍ എത്തിയതോടെയാണ് പ്രളയം ശക്തമായത്. മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളം അടച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് മൗറീഷ്യസ് തീരത്തേക്ക് നീങ്ങുകയാണ്. വെള്ളപ്പൊക്കത്തില്‍ മൗറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയിസില്‍ സാരമായ നാശ നഷ്ടമുണ്ടായി.