സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്കു സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ചു മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂ. ശ്രീലങ്കയിലേതടക്കം സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിനു പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോട് ആശ്യപ്പെട്ടു.
കിഫ്ബിക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. അനുമതി നല്‍കിയ പദ്ധതികള്‍ക്കുള്ള ധനസമാഹരണം അസാധ്യമായിരിക്കെ, കിഫ്ബി ഫണ്ട് വിനിയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. 82,342 കോടി രൂപയുടെ 1,073 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അനുമതി നല്‍കിയിത്.
ആകെ അനുവദിച്ച 82342 കോടി രൂപയില്‍ ചെലവഴിച്ചത് 27050.85 കോടി രൂപയാണ്.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റെയില്‍വേയുടെ ഒരിഞ്ചു ഭൂമിപോലും അനുവദിക്കരുതെന്ന് ദക്ഷിണറെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ അലൈന്‍മെന്റ് കൂടിയാലോചനകളില്ലാതെയാണ് തയാറാക്കിയത്. സില്‍വര്‍ ലൈനിനായി ഭൂമി അനുവദിച്ചാല്‍ ഭാവിയില്‍ റെയില്‍ വികസനത്തിന് തടസമാകും. റെയില്‍വേ നിര്‍മ്മിതികളിലും ട്രെയിന്‍ സര്‍വീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും. സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെതിരെ എല്‍ഡിഎഫ് ജനുവരി ഒമ്പതിനു രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. സെപ്റ്റംബര്‍ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബില്‍ പാസാക്കിയത്.
അതേസമയം, നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാരിന് പരിഹരിക്കാവുന്ന വിഷയം ഗവര്‍ണറുടെ മുന്നിലെത്തിച്ചു സങ്കീര്‍ണമാക്കിയെന്നാണ് യുഡിഎഫ് ആരോപണം.
കാനം രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന്. വൈകിട്ട് മൂന്നിന് തൃക്കാക്കരയിലും അഞ്ചിന് പിറവത്തുമാണ് പരിപാടികള്‍. നാളേ മറ്റു രണ്ടു മണ്ഡലങ്ങളിലെ പരിപാടി നടക്കും.
മന്ത്രിമാര്‍ ഔദ്യോഗിക വസതി മാറുന്ന തിരക്കില്‍. സൗകര്യമില്ലെന്നു പറഞ്ഞ് ഔദ്യോഗിക വസതിയായ നിള ഒഴിഞ്ഞ മന്ത്രി വീണ ജോര്‍ജിന് രാജിവച്ച മന്ത്രി അഹമ്മദ് തേവര്‍കോവില്‍ താമസിച്ചിരുന്ന തൈക്കാട് ഹൗസിലേക്കു മാറും. നിളയിലേക്ക് കടന്നപ്പള്ളി രാമചന്ദ്രന്‍ എത്തും. ഗവര്‍ണര്‍ താമസിക്കുന്ന രാജ്ഭവന് അരികിലുള്ള മന്‍മോഹന്‍ ബംഗ്ലാവിലേക്ക് വാടക വീട്ടിലായിരുന്ന മന്ത്രി സജി ചെറിയാനും എത്തും. കുടപ്പനക്കുന്നിലെ സ്വന്തം വീട് ഔദ്യോഗിക വസതിയാക്കാനാണു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ തീരുമാനം.
ജാതി സെന്‍സസിനെതിരെ എന്‍എസ്എസ്. ജാതി സെന്‍സസില്‍നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന് പെരുന്നയില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിക്കെതിരെ വാട്‌സാപ്പില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവച്ചതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. പാതിരപ്പള്ളി ഹോംകോയിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ വി.ടി.ധനിഷ മോളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സീനിയോറിറ്റി മറികടന്ന് സിഐടിയു അംഗങ്ങളായ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആരോഗ്യ മന്ത്രിക്കു പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് സസ്‌പെന്‍ഷനെന്ന് ധനിഷ മോള്‍ പറഞ്ഞു.
ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതിയില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തില്‍ ആണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് ഭാരത് പര്‍വില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നഗരസഭ, പഞ്ചായത്ത് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് അപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സേവനങ്ങള്‍ ഏപ്രില്‍ മുതല്‍ ഓണ്‍ലൈനാകും. ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍ വരെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആകും. കെ സ്മാര്‍ട് പദ്ധതി കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കിയതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ രണ്ടു പേര്‍ക്കെതിരെ വകുപ്പ് തല നടപടി. ചീഫ് നഴ്‌സിങ്ങ് ഓഫീസര്‍ സുമതിയെ തിരുവന്തപുരം എസ്എടി ആശുപത്രിയിലേക്കും നഴ്‌സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്റണിയെ കോന്നിയിലേക്കും സ്ഥലം മാറ്റി. പരാതി കൈകാര്യം ചെയ്തതില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
പുതുവല്‍സരാഘോഷത്തിന്റെ മറവില്‍ അക്രമവും പൊലീസുകാര്‍ക്ക് മര്‍ദ്ദനവും. നാല് പേര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങല്‍ കൈപറ്റി മുക്കില്‍ മദ്യപിച്ച് അതിക്രമങ്ങള്‍ കാണിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് എത്തിയ പൊലീസ് സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പൊലീസുകാരായ മനു, ഹണി, സെയ്ദലി, അനില്‍കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ആക്രമികളായ നാലു പേരെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി വെള്ളിയാമറ്റത്ത് 15 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരെ ഫോണില്‍ വിളിച്ച് മന്ത്രി ചിഞ്ചുറാണി. ഇളയ കുട്ടിയായ മാത്യുവിനെയാണ് മന്ത്രി ഫോണില്‍ വിളിച്ച് സംസാരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്. മികച്ച കുട്ടിക്കര്‍ഷകനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളണ് ഇവരുടെ ഫാമിനെ തേടിയെത്തിയിരുന്നത്.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കുമഴി വനമേഖലയില്‍ ഇന്നലെയാണ് കാട്ടാന ചരിഞ്ഞത്. കഴിഞ്ഞ മാസം നാലിനാണ് കാട്ടാനയെ ബസ് ഇടിച്ചത്.
പത്തനംതിട്ടയില്‍ വ്യാപാരിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ജോര്‍ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. കടയില്‍ കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്.
കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിനിടിച്ചു മരിച്ചു. ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാന്‍ (16) ആണ് മരിച്ചത്. വെള്ളയില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെയുള്ള ട്രാക്കിലായിരുന്നു അപകടം.
തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ശാന്തി( 75), മരുമകള്‍ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്.
ദക്ഷിണ കന്നഡയിലെ പുഞ്ചലക്കാട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം (26) ആണ് മരിച്ചത്.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും കുടുംബത്തിനും ജയ്ഹിന്ദ് ചാനലില്‍ എത്ര നിക്ഷേമുണ്ടെന്ന് ആരാഞ്ഞുകൊണ്ട് സിബിഐയുടെ നോട്ടീസ്. സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് ചാനലിനു നോട്ടീസ് നല്‍കിയത്.
തമോഗര്‍ത്തങ്ങളിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഐഎസ്ആര്‍ഒ നടത്തിയ എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയകരം. പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുളള ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്. എക്‌സ്‌റേ തരംഗങ്ങളിലൂടെയാണ് തമോഗര്‍ത്തങ്ങളുടെ അടക്കം പഠനം നടത്തുന്നത്. ഒപ്പം മലയാളി വിദ്യാര്‍ത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്.