ബിബിസി ഡോക്യുമെന്ററി സാമൂഹ്യ മാധ്യമങ്ങളില്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.
മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറി. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. എല്‍ഡിഎഫ് നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി കോടതിയില്‍ മൊഴി കൊടുക്കാതെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയില്‍ സംസ്ഥാന സെക്രട്ടറി ഇടപെടുന്നു. എം വി ഗോവിന്ദന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാം. ഫെബ്രുവരി 10 ന് ശേഷമായിരിക്കും യോഗം. വിഭാഗീയത സംബന്ധിച്ച മുഴുവന്‍ തര്‍ക്കങ്ങള്‍ക്കും യോഗത്തില്‍ പരിഹാരമുണ്ടാക്കാനാണു നീക്കം.
എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ മുതുകുളം മുരിങ്ങച്ചിറയ്ക്ക് കിഴക്കുള്ള കുടുംബ വീട്ടിലാണ് യുവാവ് തൂങ്ങിമരിച്ചത്. എസ്‌ഐയുടെ മകളുടെ സഹപാഠിയായ സൂരജ് ഇന്നലെ രാത്രി ഇവിടെയെത്തിയിരുന്നു.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കുന്നത്തോടെയാണ് പൂര്‍ത്തിയാവുകയെന്നു മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുല്‍ ഗാന്ധി നയിച്ചത്. വഴികളില്‍ കണ്ടവരെയെല്ലാം ചേര്‍ത്തുപിടിച്ചു. യാത്ര പൂര്‍ത്തിയായപ്പോള്‍ കണ്ടത് പുതിയൊരു രാഹുല്‍ ഗാന്ധിയെയാണ്. ആന്റണി പറഞ്ഞു.
എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍നിന്നു നായ്ക്കുട്ടിയെ മോഷ്ടിച്ച് ഹെല്‍മെറ്റിനുള്ളിലാക്കി കടത്തിക്കൊണ്ടുപോയ യുവതിയേയും യുവാവിനേയും തെരയുന്നു. 15,000 രൂപ വിലയുള്ള നായയെയാണ് അപഹരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പില്‍നിന്ന് ഇരുവരും നായ്ക്കുള്ള തീറ്റയും മോഷ്ടിച്ചു. പനങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോട്ടെ ആവിക്കല്‍തോട് ശുചിമുറിമാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു കോഴിക്കോട് മേയര്‍ ബീന ഫിലിപ്. പ്ലാന്റ് നിര്‍മ്മാണത്തിനായുള്ള കാലാവധി നീട്ടും. കോടതി നടപടികള്‍ മൂലമാണ് നിര്‍മാണം വൈകുന്നതെന്നു ഉന്നതധികാര സമിതിയെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.
കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മി (43)യാണ് മരിച്ചത്. ലിസി ജംങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു മുന്നിലൂടെ ബസിനോടു ചേര്‍ന്ന് മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ബസിനു തൊട്ടുമുന്നില്‍ ആളുണ്ടെന്നു കാണാനാകാതെ ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്.
പോളണ്ടില്‍ ഒല്ലൂര്‍ സ്വദേശി സൂരജ് കൊല്ലപ്പെട്ടത് ഫ്‌ളാറ്റില്‍ സിഗരറ്റ് വലി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം. സിഗരറ്റ് വലിച്ചതു ചോദ്യം ചെയ്തതോടെ ജോര്‍ജിയക്കാര്‍ ആക്രമിക്കുകയായിരുന്നു. സൂരജിനൊപ്പം പരിക്കേറ്റ തൃശൂര്‍ മുളയം സ്വദേശി പ്രജിലിന്റെ നില മെച്ചപ്പെട്ടു. പ്രജിലിന്റെ കുടുംബം പോളണ്ടിലെത്തി. നാലു ജോര്‍ജിയക്കാര്‍ കസ്റ്റഡിയിലുണ്ട്. കൊല്ലപ്പെട്ട സൂരജിന്റെ ഒല്ലൂരിലെ വസതിയില്‍ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.
കോവളത്ത് കഴിഞ്ഞ ദിവസം ബൈക്കപകടത്തില്‍ കാല്‍നടയാത്രക്കാരിയും ബൈക്ക് ഓടിച്ച യുവാവും മരിച്ച സംഭവത്തില്‍ ബൈക്ക് റേസിംഗ് നടന്നിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അമിത വേഗതയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിനു കാരണം. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന തൃശൂര്‍ ആളൂരിലെ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ആളൂര്‍ സ്‌നേഹോദയ കോളേജ് ഓഫ് നഴ്‌സിംഗ് ഹോസ്റ്റലിലെ നൂറോളം നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ നിരീക്ഷണത്തിലാണ്.
ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. ചര്‍ദ്ദിയും വയറുവേദനയും മൂലം 86 കുട്ടികള്‍ ചികിത്സ തേടി.
മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസ് അന്തരിച്ചു. 73 വയസായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. സംസ്‌കാരം നാളെ വൈകിട്ട് സുല്‍ത്താന്‍ ബത്തേരി ഇരുളത്തെ വീട്ടുവളപ്പില്‍.
ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയില്‍ കാട്ടാന ആക്രമണം. 301 കുടുംബങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കോളനിയില്‍ യശോധരനും കുടുംബവും താമസിക്കുന്ന ഷെഡ് അരിക്കൊമ്പന്‍ തകര്‍ത്തു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്. രാജ്യമെങ്ങും ഗാന്ധി സ്മരണകളും പുഷ്പാര്‍ച്ചനകളും. ഡല്‍ഹിയിലെ രാജ്ഘട്ടില്‍ പുഷ്പാലംകൃതമായ മഹാത്മജിയുടെ രക്തസാക്ഷിമണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തി.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല. 80 വയസായി, ഇനി മത്സരിക്കാനില്ല. അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തു പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ പഞ്ചായത്ത് ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. സംഭവത്തില്‍ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്യാന്‍ ചുമതലപ്പെട്ടയാളും അറസ്റ്റിലായി. ഒമ്പതര ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.
തട്ടിപ്പു തട്ടിപ്പുതന്നെയാണ്, ദേശീയതയെ മറയാക്കി തട്ടിപ്പില്‍നിന്നു രക്ഷപ്പെടാനാവില്ലെന്ന് അദാനിയോടെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. അദാനിയുടെ അതിഭീമമായ കടബാധ്യത ഇന്ത്യന്‍ ബാങ്കുകള്‍ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണമാണെന്നു അദാനി ഗ്രൂപ്പ് വ്യാഖ്യാനിച്ചിരുന്നു. അദാനി ഗ്രൂപ്പ് ഇന്ത്യയുടെ പുരോഗതി തടയുകയാണെന്നു ഹിന്‍ഡന്‍ബര്‍ഗ് കുറ്റപ്പെടുത്തി. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ വിശദീകരണത്തില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണ്. നാല് ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ആവര്‍ത്തിച്ചു. അദാനി ഗ്രൂപ്പ് കമ്പനികളില്‍ അക്കൗണ്ടിംഗ് തട്ടിപ്പുകളുണ്ട്. തന്ത്രങ്ങളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടി. കോര്‍പറേറ്റ് ദുര്‍ഭരണം. അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കുകള്‍ക്കു ഭീഷണി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ യുക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുന്‍പ് തനിക്കെതിരെ മിസൈല്‍ ആക്രമണ ഭീഷണിയുയര്‍ത്തിയെന്ന് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുടിന്‍ ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് ബിബിസിയോടെ അദ്ദേഹം വെളിപെടുത്തി. ‘എനിക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ താല്‍പ്പര്യമില്ല. പക്ഷേ ഒരു മിസൈലിന് ഒരു മിനിറ്റേ വേണ്ടൂ’ എന്നാണു പുട്ടിന്‍ പറഞ്ഞതെന്നു ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.