മധ്യപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. സുഖോയ്, മിറാഷ് വിമാനങ്ങളാണു കൂട്ടിയിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കോഴക്കേസില്‍ ആരോപിതനായ അഡ്വ. സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേള്‍ക്കാതെ പത്തനംതിട്ട സ്വദേശി ബാബു അടക്കമുള്ള പ്രതികള്‍ക്കു ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. അനുകൂല വിധിക്കായി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അടക്കം മൂന്നു ജഡ്ജിമാര്‍ക്കു കൊടുക്കാനെന്ന പേരില്‍ സൈബി ജോസ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി.
കേരളം ഗുരുതരമായ കടക്കെണിയിലെന്ന് യുഡിഎഫ് ധവളപത്രം. ‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ എന്ന പേരില്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ നികുതി പിരിവ് കാര്യക്ഷമമല്ലെന്നും ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നെന്നും വിവരിക്കുന്നു. കേന്ദ്രനയങ്ങളെയും യുഡിഎഫ് കുറ്റപ്പെടുത്തുന്നുണ്ട്.
കേരളത്തില്‍ വിമാനത്താവള സുരക്ഷയ്ക്കു വിന്യസിക്കുന്ന ആദ്യ ബുള്ളറ്റ് പ്രതിരോധ വാഹനം തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന്. അദാനി ഗ്രൂപ്പാണ് സിഐഎസ്എഫിന്റെ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗത്തിന് ബുള്ളറ്റ് പ്രതിരോധ വാഹനം കൈമാറിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൊച്ചിയില്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള സ്ഥലം വാങ്ങുന്നതിനു താല്‍പര്യ പത്രം ക്ഷണിച്ചു. അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കാവുന്നതാണ്. എറണാകുളത്ത് 30 ഏക്കര്‍ വാങ്ങാനാണ് നീക്കം.
ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബിബിസി ഡോക്യുമെന്ററിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമര്‍ത്തുന്നതിനു തുല്യമാണെന്ന് അവര്‍ ബംഗളുരുവില്‍ പ്രതികരിച്ചു.
ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപരിശോധിക്കണമെന്ന് സേവി യൂണിവേഴ്‌സിറ്റി കാംപെയിന്‍ കമ്മിറ്റി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു നിവേദനം നല്‍കി. അടുത്ത ദിവസം ഗവര്‍ണര്‍ക്കും നിവേദനം നല്‍കും. പിഎച്ചഡി പ്രബന്ധത്തില്‍ ചങ്ങമ്പുഴ രചിച്ച ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയാണെന്നാണു ചിന്ത എഴുതിയിരുന്നത്.
ചലച്ചിത്ര, സീരിയല്‍ നിര്‍മ്മാതാവ് വി.ആര്‍ ദാസ് അന്തരിച്ചു. 73 വയസായിരുന്നു. 50 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഈയിടെയാണ് നാട്ടില്‍ സ്ഥിരതാമസം തുടങ്ങിയത്. നേര്‍ക്കുനേര്‍, മിഴികള്‍ സാക്ഷി, കളര്‍ ബലൂണ്‍ എന്നിവയാണ് വി ആര്‍ ദാസ് നിര്‍മ്മിച്ച സിനിമകള്‍.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന് സര്‍ക്കാര്‍ വക പണപ്പിരിവ്. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകള്‍ അയ്യായിരം രൂപവീതം നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിട്ടു. മാര്‍ച്ച് മാസത്തില്‍ അടൂരിലാണു പരിപാടി.
കോഴിക്കോട് പുതുപ്പാടി എലോക്കരക്കു സമീപം മില്‍മ കണ്ടയ്‌നര്‍ ലോറിയും നാനോ കാറും തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുല്‍ത്താന്‍ ബത്തേരി കോടതിപ്പടി പുത്തന്‍കുന്ന് വെങ്കരിങ്കടക്കാട്ടില്‍ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരിച്ചത്.
കാലടി കാഞ്ഞൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശി രത്‌നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മഹേഷ്‌കുമാറാണു പിടിയിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംശയംതോന്നി ചോദ്യം ചെയ്തപ്പോഴാണ് ജാതി തോട്ടത്തില്‍ ശ്വാസം മുട്ടിച്ചു കൊന്നെന്നു വെളിപെടുത്തിയത്.
കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളോടെ ഭാരത് ജോഡോ യാത്ര. കാഷ്മീര്‍ പോലീസ് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചു. അവന്തിപുരിയില്‍നിന്ന് പാംപോറിലേക്ക് 20 കിലോമീറ്ററാണ് ഇന്നത്തെ നടത്തം. പിഡിപി നേതാവും ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയില്‍ പങ്കാളിയാകും. ഇന്നലെ ജനസാഗരമായി മാറിയ യാത്രയിലെ ജനങ്ങളുടെ തള്ളിക്കയറ്റം സിആര്‍പിഎഫിനും പോലീസിനും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. കുണ്ടഗോലില്‍ റോഡ് ഷോ നടത്തും. രാവിലെ ഹുബ്ബള്ളിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ധാര്‍വാഡില്‍ ഫോറന്‍സിക് സയന്‍സ് ലാബിന് തറക്കല്ലിടും. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയ സങ്കല്‍പ്പ അഭിയാനിലും പങ്കെടുക്കും.
സ്റ്റണ്ട് മാസ്റ്റര്‍ ‘ജൂഡോ’ രത്‌നം അന്തരിച്ചു. 92 വയസായിരുന്നു. ചെന്നൈയില്‍ മകന്‍ ജൂഡോ രാമുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ സ്ഥാനംപിടിച്ചയാളാണ് ‘ജൂഡോ’ രത്‌നം.
ജാര്‍ക്കണ്ഡിലെ ധന്‍ബാദില്‍ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. നഴ്‌സിംഗ് ഹോം ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ എന്നിവര്‍ അടക്കമുള്ളവരാണു മരിച്ചത്.
ബംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള 55 യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴ. ഡിജിസിഎയാണു പിഴശിക്ഷ നല്‍കിയത്.
ചെലവ് ചുരുക്കാന്‍ കൂട്ടപ്പിരിച്ചുവിടലിനു പിറകേ ആമസോണ്‍ ചില ഓഫീസുകള്‍ വില്‍ക്കാന്‍ പോകുന്നതായി സൂചന. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 16 മാസം മുന്‍പ് കലിഫോര്‍ണിയയില്‍ ഏറ്റെടുത്ത ഓഫിസാണ് ആമസോണ്‍ വില്‍ക്കുന്നത്. 2021 ഒക്ടോബറില്‍ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുള്‍പ്പെടുന്ന വസ്തു വാങ്ങിയത്.