പിന്നാക്ക വിഭാഗത്തില്‍നിന്നു സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തില്‍നിന്ന ഒഴിവാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ ഇങ്ങനെ പ്രതികരിച്ചത്. സാമൂഹികമായി മുന്നോട്ടുപോയവര്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചാല്‍ അയാളുടെ ജീവിത സാഹചര്യം മാറും. ആ വ്യക്തിയുടെ കുടുംബത്തിനോ മക്കള്‍ക്കോ എന്തിനാണ് തുടര്‍ന്നും സംവരണം നല്‍കുന്നതെന്ന് ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആര്‍ ഗവായ് ഉന്നയിച്ചു. സംവരണത്തില്‍ ഉപസംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കുന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ മുന്നോട്ടുവച്ചത്.
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കൊച്ചി എന്‍ ഐ എ കോടതി. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ചെങ്കടലില്‍ രണ്ടു കപ്പലുകള്‍ക്കു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. യുഎസില്‍നിന്ന് ഇന്ത്യയിലേക്കു ചരക്കുകളുമായി വരികയായിരുന്ന ഇന്ത്യന്‍ കപ്പലിനും ഒരു അമേരിക്കന്‍ കപ്പലിനും എതിരേയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്.
വിദേശ മദ്യം കയറ്റുമതി ചെയ്യാന്‍ കേരളം ഒരുങ്ങുന്നു. ഇതിന് എക്‌സൈസ് നിയമങ്ങളില്‍ സമഗ്രമായ പൊളിച്ചെഴുത്തു വേണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു. മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ അധ്യക്ഷനായ സമിതി ഒമ്പതു ശുപാര്‍ശകളാണു മുന്നോട്ടുവച്ചിരിക്കുന്നത്. സംസ്ഥാനത്ത് മദ്യ ഉല്‍പ്പാദകരുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള വ്യവസായിക്ക് ഡിസ്റ്ററി ലൈസന്‍സ് നിര്‍ബന്ധമാക്കേണ്ടെന്നാണു ഒരു ശുപാര്‍ശ.
പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം. തിരുവനന്തപുരം പൂജപ്പുരയിലെ പിഎസ്‌സി പരീക്ഷക്കിടെ ഒരാള്‍ ഇറങ്ങിയോടി. കേരള സര്‍വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷക്കിടെയാണു സംഭവം. പരീക്ഷ ഹാളില്‍ എല്ലാവരും പ്രവേശിച്ചശേഷം ഹാള്‍ടിക്കറ്റ് പരിശോധനക്കിടെയാണ് പരീക്ഷാര്‍ത്ഥികളിലൊരാള്‍ ഇറങ്ങിയോടിയതെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.
മഹാരാഷ്ട്രയിലെ വനംവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും വടകര സ്വദേശിയുമായ എന്‍. വാസുദേവനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗമായി നിയമിച്ചു. കേന്ദ്ര സര്‍ക്കാരാണു നിയമിച്ചത്.
എം വിന്‍സെന്റ് എംഎല്‍എ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. തിരുവനന്തപുരം – കളിയിക്കാവിള ദേശീയ പാതയില്‍ പ്രാവച്ചമ്പലത്ത് ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ബാലരാമപുരത്തെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് അപകടം.
ഡോ. വന്ദനദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ്. കൃത്യമായ അന്വേഷണത്തിനു കേരളത്തിനു പുറത്തുള്ള ഏജന്‍സി വേണം. കുത്തേറ്റ വന്ദനദാസിനു നാലര മണിക്കൂര്‍ കഴിഞ്ഞാണു ചികില്‍സ നല്‍കിയത്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മാനസികമായി പീഡിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും വനിത ജീവനക്കാര്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ വനം വകുപ്പ. ഇടുക്കി നഗരംപാറ റെയ്ഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സാമൂഹ്യമാധ്യത്തില്‍ പോസ്റ്റിട്ട യുവാവിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദി എന്ന ഇരുപത്താറുകാരനാണ് പിടിയിലായത്.
കണ്ണൂര്‍ പഴയങ്ങാടി പാലത്തിനു മുകളില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ബെംഗളൂരൂവില്‍നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന ടാങ്കര്‍ ലോറി അമിത വേഗത്തില്‍ ടെംപോ ട്രാവലറിലും രണ്ടു 2 കാറുകളിലും ഇടിച്ചശേഷമാണ് മറിഞ്ഞത്.
പുല്‍പ്പള്ളി സുരഭിക്കവലയില്‍ കടുവ. ആടിനെ കൊന്നുതിന്ന കടുവയെ കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണു കടുവ കൊന്നുതിന്നത്.
എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാലയില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തൈക്കാട് സ്വദേശിയും എല്‍ഐസി ഏജന്റുമായ സുന്ദരന്‍ (52), കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ സ്വദേശി കിഴക്കോട്ട് വളപ്പില്‍ അലി (35) എന്നിവരാണു മരിച്ചത്.
കൊച്ചിയിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസിലെത്ത് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ മനംനൊന്താണ് ശിവരാമന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അപ്പോളോ ടയേഴ്‌സിലെ കരാര്‍ ജീവനക്കാരനായിരുന്നു ശിവരാമന്‍.