mid day hd 1

 

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിനു പിറകേയാണ് മാത്യു കുഴല്‍നാടന്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് കൊണ്ടുവന്നത്.

കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നു വിമര്‍ശിക്കുന്ന പ്രമേയം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചും കടമെടുപ്പു പരിധി കുറച്ചും കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണെന്നു പ്രമേയം കുറ്റപ്പെടുത്തുന്നു.

വ്യാജ രേഖകളുണ്ടാക്കി വിദേശത്തേക്ക് ആളുകളെ കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ 37 വ്യാജ സീലുകളുമായി പിടിയില്‍. കാസര്‍കോട് ബേഡകം പൊലീസാണ് വ്യാജ സീലുകളുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഉടുമ്പുതല സ്വദേശികളായ എംഎ അഹമ്മദ് അബ്രാര്‍, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് പിടിയിലായത്. വിവിധ ബാങ്കുകള്‍, ഡോക്ടര്‍മാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വ്യാജ സീലുകളാണ് പിടിച്ചെടുത്തത്.

കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥി സമരത്തെത്തുടര്‍ന്ന് ക്യാംപസ് അടച്ചു. നാലാം തിയ്യതി വരെ ക്യാംപസ് അടച്ചിടുമെന്ന് റജിസ്ട്രാര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്‌മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി. വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ പരിസരം വിട്ടുപോകരുതെന്നും നിര്‍ദേശം നല്‍കി.

നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയ പൊലീസുകാരെ മര്‍ദിച്ചയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം ബാലരാമപുരം സ്റ്റേഷനിലെ സജിലാല്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌ക്കറിനെ പൊലീസ് അറസ്റ്റു ചെയ്തു.

മാനന്തവാടി നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടിവച്ച് കാട്ടിലേക്ക് അയക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ആനയെ മയക്കുവെടി വയ്ക്കുന്നതു പ്രയാസമാണ്. ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാന്‍ കൊല്ലപ്പെട്ട കേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍.

‘ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രത്യേക രാജ്യ’മെന്നു പ്രസംഗിച്ചതു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാരിന്റെ വിവേചനത്തില്‍ പ്രതിഷേധിക്കാനാണെന്നു കോണ്‍ഗ്രസ് എംപിയും ഡികെ ശിവകുമാറിന്റെ സഹോദരനുമായ ഡികെ സുരേഷ്. ഫണ്ട് വിതരണത്തിലെ അനീതി ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ അങ്ങനെ പരാമര്‍ശിച്ചതെന്ന് സുരേഷ് പറഞ്ഞു. പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.

എയര്‍പോര്‍ട്ടില്‍ നിര്‍മ്മാണത്തിലിരുന്ന ഹാംഗര്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ ഇദാഹോയിലെ ബോയിസ് വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയാണ് ഹാംഗര്‍ തകര്‍ന്ന് വീണത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സ്റ്റീല്‍ നിര്‍മ്മിതമായ ഹാംഗറിന്റെ വലിയ തൂണുകള്‍ക്ക് അടിയില്‍ കുടുങ്ങിയവരാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *