കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുന്ന വിധത്തില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ഗുണം ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരമുണ്ടാകും. കേരളത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് എഐസിസി കെപിസിസിക്കു നിര്‍ദേശം നല്‍കിട്ടുണ്ട്. സോണിയഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ല. സോണിയ ഗാന്ധിയുടെ പ്രസംഗം വിടവാങ്ങല്‍ പ്രസംഗമല്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ സ്വപ്‌ന സുരേഷിന് അയച്ച അശ്ലീല ചുവയുള്ള സ്വകാര്യ ചാറ്റുകള്‍ പുറത്ത്. നാളെ രവീന്ദ്രനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്യാനിരിക്കേയാണ് അശ്ലീല ചാറ്റുകള്‍ പുറത്തുവന്നത്. രവീന്ദ്രന്റെ നിലവിട്ട ചാറ്റുകളെ പ്രോല്‍സാഹിപ്പിക്കാതെയാണ് സ്വപ്‌നയുടെ മറുപടി.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്‌തേക്കും. ചോദ്യംചെയ്യലിന് സിബിഐക്ക് മുന്‍പില്‍ ഹാജരായത് തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകണ്ടാണ്. ആളുകള്‍ കൂട്ടംകൂടുന്നതു തടയാന്‍ സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മദ്യപിക്കരുതെന്ന കോണ്‍ഗ്രസ് ഭരണഘടനയിലെ വിലക്ക് നീക്കം ചെയ്തു. പ്‌ളീനറി സമ്മേളനത്തിലാണ് ഭരണഘടന ഭേദഗതി ചെയ്തത്. മറ്റു ലഹരിയിനങ്ങള്‍ ഉപയോഗിക്കരുതെന്ന് വിലക്ക് തുടരും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്ന 4912.45 കോടി രൂപയില്‍ ചെലവാക്കാതെ 772.38 കോടി രൂപ.
2018 ലേയും 2019 ലേയും പ്രളയം, തുടര്‍ന്നുള്ള കൊവിഡ് എന്നീ ദുരിതകാലത്തു സാലറി ചാലഞ്ച് അടക്കമുള്ള മാര്‍ഗങ്ങളിലൂടെയാണ് 4912.45 കോടി രൂപ എത്തിയത്. ഇതില്‍നിന്ന് പ്രളയത്തില്‍ സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് 2,356.46 കോടി രൂപ നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന വിജിലന്‍സിന്റെ ആരോപണം കള്ളമെന്ന് ഗുണഭോക്താവ്. അപേക്ഷപോലും നല്‍കാതെ നല്ല വീടിനു നാലു ലക്ഷം രൂപ കൈപ്പറ്റിയെന്ന് വിജിലന്‍സ് ആരോപിച്ച കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രനാണ് തെളിവുകളുമായി രംഗത്തെത്തിയത്. 2021 ഓക്ടോബറില്‍ വീടിന്റെ അറ്റകുറ്റപണിക്കു നല്‍കിയ അപേക്ഷയും വീടിന്റെ ചിത്രവും രാമചന്ദ്രന്‍ പുറത്തുവിട്ടു. ഇത്രയും മോശാവസ്ഥയിലായ വീടിനെയാണോ നല്ല വീടെന്നു വിജിലന്‍സ് വിശേഷിപ്പിച്ചതെന്നും രാമചന്ദ്രന്‍ ചോദിച്ചു.
ഇസ്രയേലിലേക്കു കൃഷി പഠിക്കാന്‍പോയ സംഘത്തില്‍നിന്ന് മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ നാളെ തിരിച്ചെത്തിയേക്കും. കണ്ണൂര്‍ സ്വദേശിയായ ബിജു ഇന്ന് ടെല്‍ അവീവ് വിമാനത്താവളത്തില്‍നിന്ന് ഇന്ത്യയിലേക്കു തിരിക്കുമെന്നാണു റിപ്പോര്‍ട്ട്.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ ശശിയുടെ സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്ത്.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ ശശിയുടെ യുണിവേഴ്‌സല്‍ കോളേജിന് അഞ്ചര കോടി രൂപ നല്‍കിയതിന്റെ രേഖകള്‍, പാര്‍ട്ടി അറിയാതെ നടത്തിയ 35 നിയമനങ്ങളുടെ വിവരങ്ങള്‍ യൂണിവേഴ്‌സല്‍ കോളേജ് ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലെ സഹോദരിയുടെ വിലാസത്തില്‍ വ്യാജരേഖയുണ്ടാക്കിയെന്നും ആരോപിക്കുന്നു. ഡ്രൈവര്‍ പി കെ ജയന്റെയും മകന്റേയും പേരില്‍ വാങ്ങിയ സ്വത്തുക്കളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
പ്രവാസിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്ന കാമുകി അടക്കമുള്ള ആറംഗ സംഘം പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ ചിറയിന്‍കീഴിലെ റിസോര്‍ട്ടിലേക്കു തട്ടിക്കൊണ്ടു പോയി സ്വര്‍ണവും പണവും കവര്‍ന്നത്. മുഹൈദിന്റെ കാമുകി ഇന്‍ഷ, സഹോദരന്‍ ഷഫീക്ക്, തുടങ്ങിയവരാണ് പിടിയിലായത്. പ്രണയത്തില്‍നിന്നു പിന്മാറിയ മുഹൈദില്‍നിന്ന് ഒരു കോടി രൂപയാണ് ഇന്‍ഷ ആവശ്യപ്പെട്ടിരുന്നത്.
കോണ്‍ഗ്രസ് പ്‌ളീനറി സമ്മേളന വേദി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മലടിക്കു വേദിയായത് അപമാനകരമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. നേതാക്കളുടെ പരസ്യ ആരോപണണങ്ങള്‍ പ്ലീനറി സമ്മേളനത്തിന്റെ ശോഭ കെടുത്തി. പരസ്പരം ചെളി വാരിയെറിയേണ്ടി വേദി ഇതായിരുന്നില്ല. ഉണ്ണിത്താന്‍ പറഞ്ഞു.
ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികളാണെന്ന കോടതി വിധി അംഗീകരിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഭരണ പരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശയെ എന്‍ജിഒ യൂണിയനും സെക്രട്ടറിയേറ്റ് സര്‍വീസ് അസോസിയേഷനും ശക്തമായി എതിര്‍ത്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്‍. ഉദ്യോഗസ്ഥര്‍ക്കെതിരേ മാത്രമല്ല ശുപാര്‍ശ നല്‍കിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും നടപടി വേണം. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കൊച്ചിയില്‍ എക്‌സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസര്‍ വേണുകുമാര്‍ (53) ആണ് മരിച്ചത്. 800 മീറ്റര്‍ നടത്ത മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
സിപിഎം ഓഫീസിലെ ചീട്ടുംകൊണ്ട് പോലീസുകാരായ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്യുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഇത് ഇനിയും ഇങ്ങനെ കണ്ടുനില്‍ക്കില്ല. നുഷ്യാവകാശ കമ്മീഷനും നീതി പീഠങ്ങളും എവിടെയെന്നും സന്ദീപ് ചോദിച്ചു.
മസാജിംഗ് സെന്ററിന്റെ മറവില്‍ ലഹരി ഇടപാടു നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്‍പയാണ് പാലക്കാട് പോലീസിന്റെ പിടിയിലായത്. പതിനൊന്നര ഗ്രാം എംഡിഎംഎയുമായി പിടിയിലായ കുനിശേരി സ്വദേശി അഞ്ചല്‍, മഞ്ഞളൂര്‍ സ്വദേശി മിഥുന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ചാണ് യുവതിയെ പിടികൂടിയത്.
യുദ്ധം മൂലം യുക്രൈനില്‍നിന്നു മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം യുക്രൈനിലേക്ക് തിരിച്ചുപോകുന്നു. എംബിബിഎസ് തുടര്‍ പഠനത്തിന് നാട്ടില്‍ സാധ്യതകളില്ലാത്തതിനാലാണ് അപായ സാധ്യത അവഗണിച്ച് തിരിച്ചു പോകുന്നത്.
ചരക്കു ലോറിയില്‍ 800 ചാക്കുകളിലായി രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ ചെര്‍പ്പുളശേരിയില്‍ അറസ്റ്റില്‍. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെയാണു പിടികൂടിയത്. അഞ്ചു ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് ചാക്കുകളില്‍ ഉണ്ടായിരുന്നത്.
മലയാള സിനിമയെ തകര്‍ക്കാന്‍ ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. യുട്യൂബിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ചും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ റേറ്റിംഗിനെക്കുറിച്ചും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും പറഞ്ഞു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍ അംഗം വാഹനാപകടത്തില്‍ മരിച്ചു. വേലിയമ്പം കുന്നപ്പള്ളിയില്‍ സാബു കെ. മാത്യൂ (45) ആണ് ഭൂദാനത്തുണ്ടായ അപകടത്തില്‍ മരിച്ചത്.
ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു. പുനൂലര്‍ കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി.
അട്ടപ്പാടിയില്‍ മാനിറച്ചിയുമായി രണ്ടു പേര്‍ വനം വകുപ്പിന്റെ പിടിയിലായി. അട്ടപ്പാടിക്കടുത്ത് ഷോളയൂര്‍ വെച്ചപ്പത്തി സ്വദേശികളായ രേശന്‍, അയ്യവ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവും. ഏഴു പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ മഹാഘദ് ബന്ധന്‍ റാലിയില്‍ പ്രസംഗിക്കവേയാണ് ഇരുവരും ഇങ്ങനെ ആഹ്വാനം ചെയ്തത്. ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ ഒന്നുപോലും ബിജെപിക്കു ലഭിക്കില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് മുന്‍ റിസേര്‍ച്ച് അനലൈസിസ് വിങ് ചീഫ് അമര്‍ജിത്ത് സിങ് ദുലാത്ത്. പാക്കിസ്ഥാന്‍ രാഷ്ട്രീയപരമായും സാമ്പത്തികമായും അരക്ഷിതാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമര്‍ജിത്ത് സിങ് പറഞ്ഞു.