ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. നാളെ രണ്ടു മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുക്കും. ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തതിനുശേഷം ഇതാദ്യമായാണ് ഇരുവരും ഒരേ വേദിയില്‍ എത്തുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.
ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റീസ് ജെ.ബി കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ‘മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിവിധ വകുപ്പുകള്‍ പഠിച്ചു. നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.’ പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതുപോലെ ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ജനുവരി മൂന്നിനു തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി മിനി തൃശൂര്‍ പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം തീരുമാനിച്ചു. മോദിയുടെ റോഡ് ഷോയ്ക്കിടെ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാണു മിനി പൂരം ഒരുക്കുക. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. പതിനഞ്ച് ആനകളും 200 മേളക്കാരും നിരക്കും. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കവും പ്രതിസന്ധിയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കും. പങ്കെടുക്കരുതെന്നാണു തന്റെ നിലപാടെന്ന് മുന്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ മുരളീധരന്‍ പറഞ്ഞതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.
നാലു പേരുടെ മരണത്തിനിടയാക്കിയ കൊച്ചി കുസാറ്റ് അപകടത്തിലെ ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയന്‍. ചിലരെ രക്ഷിക്കാനുള്ള ശ്രമമാണ്. ഉപസമിതി അന്വേഷണം കാര്യക്ഷമമായി നടന്നില്ല. വിശദീകരണം ചോദിച്ച് നടപടി അവസാനിപ്പിക്കാനാണു നീക്കമെന്നും അവര്‍ ആരോപിച്ചു.
ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ റിട്ടയേഡ് എസ്. ഐ. മരിച്ചു. ചെങ്ങമനാട് എസ്‌ഐയായിരുന്ന കുത്തിയതോട് തച്ചില്‍ വീട്ടില്‍ ജോസഫ് 65 കാരനാണ് മരിച്ചത്.
കാസര്‍ഗോഡ് ബേഡകത്ത് ഭര്‍തൃ വീട്ടില്‍ മുര്‍സീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
മാനന്തവാടി കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റു ചെയ്തത്. വൈദ്യുതി ഉപയോഗിച്ചു മീന്‍ പിടിക്കുന്നതിനിടെയാണ് അഭിജിത്ത് എന്ന 14 കാരന്‍ ഷോക്കേറ്റു മരിച്ചത്.
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം. ഭീഷണിയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നതായി ഇസ്രായല്‍ എംബസി അധികൃതര്‍ വെളിപെടുത്തി. രണ്ട് മാസം മുന്‍പ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ശ്വസനതടസംമൂലം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എണ്‍പതുകള്‍ മുതല്‍ തമിഴ് സിനിമയില്‍ സൂപ്പര്‍താര പദവി കൈയൈളിയിരുന്ന വിജയകാന്തിനെ ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ വിളിച്ചിരുന്നത്.
മധ്യപ്രദേശിലെ ഗുണയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ബിജെപി നേതാവിന്റെ ഫിറ്റനസ് ഇല്ലാത്ത ബസിനു തീ പിടിച്ചാണ് ആളുകള്‍ മരിച്ചത്. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ അസഹ്യമായ ശൈത്യവും മൂടല്‍മഞ്ഞും. താപനില ആറു ഡിഗ്രി സെല്‍ഷ്യസാണ്. ഡല്‍ഹിക്കു പുറമേ, ഉത്തര്‍പ്രദേശ്, ഹരിയാന പഞ്ചാബ് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞാണ്. കാഴ്ച മറയ്ക്കുന്നതിനാല്‍ ഡല്‍ഹിയില്‍ 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി. ഈയാഴ്ച മൂടല്‍മഞ്ഞു തുടരുമെന്നാണു റിപ്പോര്‍ട്ട്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കുടുംബാംഗങ്ങളായ ആറു പേര്‍ യുഎസിലെ ടെക്സാസില്‍ വാഹനാപകടത്തില്‍ മരിച്ചു. മുമ്മിടിവാരം മണ്ഡലത്തിലെ എംഎല്‍എയായ വെങ്കിട സതീഷ് കുമാറിന്റെ ബന്ധുക്കളാണ് മരിച്ചത്.
ഗുസ്തി ഫെഡറേഷനില്‍ ഇനി ഇടപെടരുതെന്ന് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ബിജെപി താക്കീത് നല്‍കി. താരങ്ങള്‍ പത്മശ്രീ അടക്കമുള്ള ബഹുമതികള്‍ തിരിച്ചുനല്‍കാന്‍ തുടങ്ങിയതു ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ബ്രിജ്ഭൂഷണെ മാറ്റി നിര്‍ത്തുന്നത്.