ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്നു രാത്രി യേശുവിന്റെ തിരുപ്പിറവി ആഘോഷവും കുര്‍ബാനയും. നാളെ ക്രിസ്മസ്. ക്രിസ്മസിനോടനുബന്ധിച്ച് നാളെ ഡെയ്‌ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ അപ് ലോഡു ചെയ്യുന്നതല്ല.
മന്ത്രിസഭ പുനഃസംഘടനയ്ക്കായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രി സ്ഥാനം രാജിവച്ചു. അഹമ്മദ് ദേവര്‍കോവില്‍ കൈകാര്യംചെയ്തിരുന്ന തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് കെ.ബി. ഗണേഷ്‌കുമാറിനും നല്‍കിയേക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 നാണ്. മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള നാലു പാര്‍ട്ടികള്‍ രണ്ട വര്‍ഷം വീതം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന മുന്‍ ധാരണയനുസരിച്ചാണ് മന്ത്രിസഭാ പുനസംഘടന.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പ്രതിപക്ഷ എംഎല്‍എമാരേയും പോലീസ് വധിക്കാന്‍ ശ്രമിച്ചെന്നു സ്പീക്കര്‍ക്കു പരാതി. എ.പി. അനില്‍കുമാര്‍ എംഎല്‍എയാണ് അവകാശ ലംഘന നോട്ടീസായി പരാതി നല്‍കിയത്. കോണ്‍ഗ്രസ് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ പോലീസ് ടിയര്‍ ഗ്യാസ് ഗ്രനേഡുകള്‍ എറിഞ്ഞും ജലപീരങ്കി പ്രയോഗിച്ചും വധിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനത്തതോടെ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം സസ്‌പെന്‍ഡു ചെയ്തു. ലൈംഗികാതിക്രമക്കേസിലെ പ്രതിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിന്റെ പാനലാണ് ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയിലേക്കു ജയിച്ചത്. ഇതോടെ ഗൂസ്തിതാരങ്ങളെല്ലാം ഗുസ്തിയോടു വിടപറയുകയും കായികതാരങ്ങള്‍ പത്മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരസ്‌കരിക്കുകയും ചെയ്യാന്‍ തുടങ്ങിയതാണ് മന്ത്രാലയം ഇടപെടാന്‍ കാരണം.
ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇന്നലെ സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത് 97,000 അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ്. പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുകയാണ്. പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴയില്‍ കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലും സെക്യൂരിറ്റി ഓഫീസര്‍ സന്ദീപും അടക്കം അഞ്ചു പ്രതികള്‍. ഗണ്‍മാന്‍ അനിലാണ് ഒന്നാം പ്രതി. സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റു മൂന്നു പ്രതികള്‍. കോടതി ഉത്തരവനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
നവകേരള സദസ് കഴിഞ്ഞതോടെ, സമരസദസ് തുടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. എംവി ഗോവിന്ദന്‍ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. മുരളീധരന്‍ പറഞ്ഞു.
റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്കു തുടക്കമായി. അര ലിറ്റര്‍ കുപ്പിവെള്ളത്തിന് എട്ടു രൂപയാണു നിരക്ക്. ഒരുലിറ്ററിനു പത്തു രൂപയും അഞ്ചു ലിറ്ററിന് 50 രൂപയുമാണു വില.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന്ി ഹര്‍ഷിന സമരസമിതി. കോടതി ചെലവിനുള്ള പണം നാട്ടുകാരില്‍ നിന്ന് പിരിച്ചെടുക്കും. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചശേഷം ഹര്‍ജി നല്‍കുമെന്നു ഹര്‍ഷിന വ്യക്തമാക്കി.
തിരുവല്ലയിലെ പ്രാദേശിക നേതാവും സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സി.സി സജിമോനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ക്രിസ്മസ് തലേന്ന് സബ്‌സിഡി ഉത്പന്നങ്ങള്‍ ക്രിസ്മസ് ചന്തകളില്‍ എത്തിതുടങ്ങിയെന്നു സപ്ലൈകോ. 11 സബ്‌സിഡി ഇനങ്ങളാണ് എത്തിയത്. കരാറുകാര്‍ക്ക് കുടിശിക തുക കൊടുത്തതോടെ ഇന്നലെ രാത്രിയോടെയാണ് ലോഡ് എത്തിച്ചത്.
കണ്ണൂര്‍ പാട്യം മൂഴിവയലില്‍ ആക്രി സാധനങ്ങള്‍ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം. ആസാം സ്വദേശി സയിദ് അലിക്കും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു.
തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് 10 അടി താഴ്ചയിലേക്കു മണ്ണിടിയുകയായിരുന്നു. അപകടത്തില്‍പെട്ട ഒരാളെ പുറത്തെടുത്തു.
നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെ 2.45 നാണ് അപകടം. പമ്പിലെ ജീവനക്കാരന്‍ സൂരജിന് അപകടത്തില്‍ പരിക്കേറ്റു. പെട്രോള്‍ പമ്പിലെ ഇന്ധന മെഷീന്‍ തകര്‍ന്നു.
പാലക്കാട് ചിറ്റൂര്‍ അമ്പാട്ട് പാളയത്തിനു സമീപം ഇരുചക്ര വാഹനത്തില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന നല്ലേപ്പിള്ളി പാറക്കല്‍ സ്വദേശി മണികണ്ഠന്‍ (43) ആണ് മരിച്ചത്.
മദ്യനിരോധനമുള്ള ഗുജറാത്തിലെ ടെക്കി കേന്ദ്രമായ ഗിഫ്റ്റ് സിറ്റിയില്‍ മദ്യം വിളമ്പാന്‍ അനുമതി. ഹോട്ടലുകളിലും ക്ലബുകളിലും മദ്യം വിളമ്പാമെന്ന് സംസ്ഥാന മദ്യനിരോധന വകുപ്പ് അറിയിച്ചു.
ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ ചരക്കു കപ്പലിനെതിരേ വീണ്ടും ഡ്രോണ്‍ ആക്രമണം. കേടുപാടുകള്‍ സംഭവിച്ച ചരക്കു കപ്പല്‍ മുംബൈ തീരത്തേക്ക് തിരിച്ചു. മംഗലാപുരം തുറമുഖത്തേക്കു വരാനിരുന്ന കപ്പലിലെ 25 ഇന്ത്യക്കാരടക്കം എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. കോസ്റ്റ് കാര്‍ഡ് കപ്പലായ വിക്രം ചരക്കു കപ്പലിനെ അനുഗമിക്കുന്നുണ്ട്. കപ്പലിന്റെ തകരാര്‍ മുംബൈ തുറമുഖത്തു പരിഹരിക്കും. സൗദിയില്‍ നിന്ന് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന കപ്പലിനെതിരേയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.
ചരക്ക് കപ്പലിനെതിരേ ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണെന്ന് അമേരിക്ക. എന്നാല്‍ ആക്രമണവുമായി ബന്ധമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹൂതികളുടെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിനെ ബന്ധപ്പെടുത്തരുതെന്ന് ഇറേനിയന്‍ വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 70 ലധികം പേര്‍ കൊല്ലപ്പെട്ടു. യുഎന്‍ സഹായ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.