കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ കൈയ്യാങ്കളി. ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ വിസമ്മതിച്ച വൈസ് ചാന്‍സലറെ കൈയ്യേറ്റം ചെയ്യാന്‍ യുഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചു ഇതോടെ അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചു. സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റു ചെയ്ത സിപിഎംകാരടക്കം 18 പേരില്‍ പത്മശ്രീ ബാലന്‍ പൂത്തേരി ഉള്‍പെടെ അഞ്ച് അംഗങ്ങളെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഘപരിവാര്‍ അംഗങ്ങളാണെന്ന് ആരോപിച്ചാണു തടഞ്ഞത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറി ഇ.അഫ്‌സല്‍ അടക്കമുള്ളവരെ നീക്കി. യോഗത്തിനിടെ അംഗങ്ങളുടെ സംശയങ്ങള്‍ കേള്‍ക്കാന്‍ തയാറാകാതിരുന്ന വിസിയെ കൈകാര്യം ചെയ്യാന്‍ മുസ്ലീം ലീഗ് അംഗങ്ങള്‍ ഡയസില്‍ കയറുകയായിരുന്നു.
കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ഭരിക്കുമ്പോള്‍ ഗാന്ധി മാര്‍ഗ്ഗത്തിന് പ്രസക്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡിെൈവഫ്‌ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതു രക്ഷാപ്രവര്‍ത്തനമാണെന്നാണു മുഖ്യമന്ത്രി വിശേഷിച്ചത്. അതേ രക്ഷാപ്രവര്‍ത്തനം തിരിച്ചടിയായി നല്‍കണമെന്നും മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കു കേരള സര്‍ക്കാര്‍ കത്തയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘിക്കുകയാണെന്നും പരാതിയിലുണ്ട്. രാഷ്ട്രപതിക്കു പുറമേ, പ്രധാനമന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.
മറിയക്കുട്ടിക്കു പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതി. അല്ലെങ്കില്‍ മൂന്നു മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റേയും ആഹാരത്തിന്റേയും ചെലവെങ്കിലും കൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മറ്റു കാര്യങ്ങള്‍ക്കു സര്‍ക്കാര്‍ പണം ചെലവാക്കുന്നുണ്ടെന്നും കോടതി. മുടങ്ങിക്കിടക്കുന്ന അഞ്ചു മാസത്തെ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണു മറിയക്കുട്ടി കോടതിയെ സമീപിച്ചത്.
നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിലെ പ്രതികള്‍ തൃശൂര്‍ ജില്ലയില്‍ പിടിയിലായി. അളഗപ്പന്‍, ഭാര്യ നാച്ചല്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന സംഘത്തെ ചെന്നൈ ക്രൈംബ്രാഞ്ചാണ് പിടികൂടിയത്. മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.
പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമെന്നു ക്രിസോസ്റ്റം തിരുമേനി പറഞ്ഞതു താന്‍ അവര്‍ത്തിച്ചതാണെന്നു വിശദീകരണവുമായി മന്ത്രി വിഎന്‍ വാസവന്‍.
സംസ്ഥാനത്ത് 300 പേര്‍ക്കു കൂടി കൊവിഡ്. രോഗികളുടെ എണ്ണം 2341 ആയി. മൂന്നു പേര്‍കൂടി മരിച്ചു. രാജ്യത്താകെ ഇന്നലെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തു മൊത്തം 2669 കോവിഡ് രോഗികളാണുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ നവകേരള സദസില്‍ ലഭിച്ച പരാതികളില്‍ തീര്‍പ്പാക്കിയത് 17 ശതമാനം മാത്രം. 28,803 പരാതികളാണു ലഭിച്ചത്. 4827 പരാതികളാണു തീര്‍പ്പാക്കിയത്. സഹകരണ വകുപ്പിലെ പരാതികളാണു ഏറ്റവും കൂടുതല്‍ പരിഹരിച്ചത്.
നവകേരള സദസില്‍ നെടുമങ്ങാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍. തിരുവനന്തപുരം ഡിസിസി അംഗം എം എസ് ബിനുവാണ് നവ കേരള സദസില്‍ പങ്കെടുക്കുന്നത്. ജനങ്ങളുടെ വിഷയം അവതരിപ്പിക്കാനാണു പോയതെന്നു ബിനു.
തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ തറവാടക 39 ലക്ഷം രൂപയിത്തില്‍നിന്ന് 2.2 കോടിയായി വര്‍ധിപ്പിച്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പൂരം ചടങ്ങു മാത്രമായി ഒതുക്കേണ്ടി വരുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
എറണാകുളം വടക്കേക്കരയില്‍നിന്ന് അതിഥിത്തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം ആസാമില്‍ പിടിയില്‍. ആസാം സ്വദേശികളായ രഹാം അലി, ജഹദ് അലി, സംനാസ് എന്നിവരെയാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ കുട്ടികളേയും സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും പോലീസിന്റെ നിര്‍ദേശാനുസരണം ഗോഹട്ടി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു.
ബംഗളൂരുവില്‍നിന്ന് ക്രിസ്മസ് അവധിക്കു നാട്ടിലേക്ക് പോകുന്ന മലയാളികളില്‍നിന്ന് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത് മൂന്നിരട്ടി ടിക്കറ്റ് നിരക്ക്. 6,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 1,600 മുതല്‍ 2,200 വരെ രൂപയ്ക്കു കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
എറണാകുളം കുട്ടമ്പുഴ അഞ്ചുകുടിയില്‍ ആനയും കുട്ടിയാനയും കിണറ്റില്‍ വീണു. ആദിവാസി മേഖലയായ ഇവിടെ ആന ശല്യം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
തൃശൂരില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ചു. എ.ആര്‍. ക്യാംപിലെ ഡ്രൈവറായ പെരുമ്പിള്ളിശേരി സ്വദേശി ആദിഷ് (40) ആണ് ജീവനൊടുക്കിയത്. സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറായിരുന്നു ആദിഷ്.
മാതാപിതാക്കളെ വെട്ടിക്കൊന്ന മകന്‍ തൂങ്ങി മരിച്ചു. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളായ കുമാരന്‍(70) ഭാര്യ തങ്കമ്മ (65) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
പാര്‍ലമെന്റ് പുകയാക്രമണ കേസില്‍ കര്‍ണാടക പൊലീസിലെ മുന്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റിലായി. ധാര്‍വാഡ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ സായി കൃഷ്ണയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തത്. വിരമിച്ച ഡിവൈഎസ്പി വിത്തല്‍ ജഗാലിയുടെ മകനാണ് സായി കൃഷ്ണ. കേസിലെ പ്രതി ഡി മനോരഞ്ജനും സായി കൃഷ്ണയും ഒരുമിച്ച് പഠിച്ചവരാണ്. ഹോസ്റ്റലില്‍ ഇവര്‍ ഒരേ മുറിയിലായിരുന്നു.
ക്രിമിനല്‍ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തതോടെ ഐപിസി 302 ആയിരുന്ന കൊലപാതക കുറ്റം ബിഎന്‍എസ് 102 ആയി. ഏതു പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയാല്‍ പത്തു വര്‍ഷംവരെ തടവുശിക്ഷ നല്‍കാം. ബലാത്സംഗത്തിനുള്ള തടവുശിക്ഷ ഏഴു വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമായി വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്കെതിരായ അതിക്രമത്തെ ഭീകര പ്രവര്‍ത്തന പരിധിയിലാക്കി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. തെളിവുകള്‍ ഇലക്ട്രോണിക്‌സ് രൂപത്തില്‍ സ്വീകരിക്കാമെന്നും വ്യവസ്ഥയുണ്ട്. വാദം പൂര്‍ത്തിയായാല്‍ കോടതി 45 ദിവസത്തിനുള്ളില്‍ വിധി പറയണം.
വരവില്‍ കവിഞ്ഞ് സ്വത്തു സമ്പാദിച്ച കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിക്കും ഭാര്യക്കും മൂന്നു വര്‍ഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ. ഇരുവരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയോടെ മന്ത്രിയുടെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടും. 2006 നും 2010 നും ഇടയില്‍ മന്ത്രിയായിരിക്കെ പൊന്മുടി രണ്ടു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
ബിഹാറിലെ ബെഗുസരായി ജില്ലയില്‍ മദ്യക്കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് സബ് ഇന്‍സ്‌പെക്ടറെ കാറിടിച്ചു കൊന്നു. മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ മദ്യക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചതിനാലാണ് എസ്.ഐയും ഏതാനും ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്.
യുപിയിലെ ഫരീദ്പൂരില്‍ കുളിക്കാതെ സ്‌കൂളിലെത്തിയ കുട്ടികളെ പ്രധാന അധ്യാപകന്‍ കുട്ടികളെ വസ്ത്രം അഴിപ്പിച്ച് തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചെന്ന് പരാതി. ഛത്രപജി ശിവജി ഇന്റര്‍ കോളേജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടതോടെ സംഭവം വിവാദമായി.
അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തിലെ പ്രതികളിലൊരാളെ ഡേറ്റിംഗ് ആപ്പിന്റെ സഹായത്തോടെ പിടികൂടി. ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലിയായ ആന്‍ഡ്രൂ താകേയാണ് കുടുങ്ങിയത്. ക്യാപിറ്റോള്‍ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ആയുധം ഉപയോഗിക്കുകയും ചെയ്തതിനാണ് 35 കാരനായ ആന്‍ഡ്രൂ പിടിയിലായത്. കലാപത്തിന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോടതി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കിയിരുന്നു.
സാമൂഹ്യ മാധ്യമമായ എക്സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്സ് പ്രവര്‍ത്തിക്കുന്നില്ല.