സംസ്ഥാനത്ത് അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാവുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് അര്‍ബന്‍ കമ്മീഷന്‍. കമ്മീഷനില്‍ 13 അംഗങ്ങളുണ്ടാകും.
സംസ്ഥാനത്തെ 564 പോലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ പലയിടത്തം സംഘര്‍ഷം. കരിങ്കൊടി കാണിച്ചതിനു പോലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനമനുസരിച്ചാണു മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കാണു മാര്‍ച്ച് നടത്തയത്. നവകേരള സദസ് സമാപിക്കുന്ന 23 ന് ഡിജിപി ഓഫീസിലേക്കു മാര്‍ച്ച് നടത്തുമെന്നു കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്.
നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലേക്ക്. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. ചടയമംഗലം മണ്ഡലത്തില്‍പ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തും. വൈകുന്നേരം ആറരയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണു നവകേരള സദസ്.
കേരളത്തില്‍ ഇന്നലെ 292 പേര്‍ക്കുകൂടി കൊവിഡ് ബാധിച്ചു. രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച 115 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആണ്. രാജ്യത്ത് ആകെ 2311 കോവിഡ് രോഗികളാണുള്ളത്.
കൊവിഡ് വ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടികളില്‍ ഒരു വീഴ്ചയും പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാന ആരോഗ്യ മന്ത്രിമാരുടേയും സെക്രട്ടറിമാരുടേയും ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യനും ഗവര്‍ണര്‍ക്കും വീതം വയ്ക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍’ എന്നു കെഎസ് യു ബാനര്‍. കുസാറ്റിലാണ് ഈ ബാനര്‍ ഉയര്‍ന്നത്. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്യു പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു.
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ട വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും. സ്വകാര്യ ഹര്‍ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തും.
പരിശോധനക്കും ചികിത്സയ്ക്കുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അമേരിക്കയിലേക്ക്. രണ്ടാഴ്ചയിലേറെ മാറി നില്‍ക്കേണ്ടി വരുമെങ്കിലും അധ്യക്ഷന്റെ ചുമതല തത്കാലം ആര്‍ക്കും കൈമാറില്ല. ന്യൂറോ സംബന്ധമായ ചികിത്സക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്കു പോകുന്നത്. വീസ ലഭിക്കുന്ന മുറയ്ക്ക് യാത്രാ തീയതി തീരുമാനിക്കും.
വയനാട്ടില്‍ നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ച നരഭോജി കടുവയുടെ മുഖത്തെ മുറിവിന് എട്ടു സെന്റിമീറ്ററോളം ആഴമുണ്ടെന്നു വിലയിരുത്തല്‍. മുറിവു തുന്നിക്കൂട്ടാന്‍ കടുവയെ നാളെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കും. വനത്തില്‍ കടുവകള്‍ തമ്മല്‍ ഏറ്റുമുട്ടി ഉണ്ടായതാവാം മുറിവെന്നാണ് നിഗമനം.
വീട്ടില പണിക്കാര്‍ക്ക് മുറ്റത്ത് കുഴികുത്തി ഇലവച്ച് പഴങ്കഞ്ഞി നല്‍കിയ വിശേഷം പറഞ്ഞ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന് സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം. വീട്ടില്‍ തനിക്കു നല്ല ഭക്ഷണം ഉണ്ടായിരുന്നെങ്കിലും പണിക്കാര്‍ കുഴിയില്‍നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നതു കൊതിയോടെ നോക്കിനിന്നിട്ടുണ്ടെന്ന പരാമര്‍ശമാണു വിവാദമായത്. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിലെ വീഡിയോയിലാണ് വിവാദ പരാമര്‍ശം.
കൊച്ചി മരടിലെ ചതുപ്പില്‍ കഴുത്തറ്റംവരെ നാലു മണിക്കൂര്‍ കുടുങ്ങിക്കിടന്ന 76 കാരിയായ മത്സ്യത്തൊഴിലാളി കമലാക്ഷിയമ്മയോ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. ഒരു മരക്കൊമ്പില്‍ തൂങ്ങിപ്പിടിച്ചു മരണാസന്നയായി കിടക്കുന്നതു കണ്ട അയല്‍വാസി സീന അറിയിച്ചതിനെത്തുടര്‍ന്നാണു നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കണ്ണൂര്‍ പാനൂര്‍ വടക്കെ പൊയിലൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആന ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. മൂന്ന് ആനകളില്‍ ഒരു ആന ആക്രമിച്ചതാണ് ആന ഇടയാന്‍ കാരണം. ജനം ചിതറി ഓടി.
എറണാകുളം -അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിനു പരിഹാരമായേക്കും. അടച്ചിട്ട സെന്റ് മേരീസ് ബസലിക്ക ഡിസംബര്‍ 24 നു തുറക്കും. തിരുപ്പിറവി കുര്‍ബാന ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ അര്‍പ്പിക്കും. ധാരണ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തി ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങളുടെ ബഹളം. എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡു ചെയ്ത സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ചും പാര്‍ലമെന്റിലെ അതിക്രമത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് ബഹളം. എ.എം ആരിഫ്, തോമസ് ചാഴിക്കാടന്‍, വിജയകുമാര്‍, കവിത സിംഗ് എന്നീ നാല് പ്രതിപക്ഷ എംപിമാര്‍ പോസ്റ്റര്‍ ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സസ്‌പെന്‍ഡു ചെയ്യുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി.
മധ്യപ്രദേശ് നിയമസഭാ ഹാളില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത് ആറുമാസം മുമ്പാണെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നപ്പോഴാണ് കോണ്‍ഗ്രസ് ആദ്യമായി പ്രതികരിച്ചത്. ആറുമാസം മുമ്പ് ചിത്രം നീക്കിയത് കോണ്‍ഗ്രസ് അംഗങ്ങള്‍ അറിഞ്ഞില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നാലു പേരെ കൂടി ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വീഡിയോ അപ്ലോഡ് ചെയ്തവരാണ് പിടിയിലായത്. മുഖ്യപ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊളറാഡോ സുപ്രീം കോടതി അയോഗ്യനാക്കി. 2021 ല്‍ യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ കലാപസമാനമായ പ്രതിഷേധം നടത്തിയതിനു പിറകില്‍ ട്രംപാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.