രാഹുല്‍ ഗാന്ധി വീണ്ടും എംപിയായി പാര്‍ലമെന്റില്‍ എത്തി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. 137 ദിവസത്തെ ‘അയോഗ്യത’യ്ക്കുശേഷം രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ എത്തി. ഗാന്ധി പ്രതിമക്കു മുന്നില്‍ വണങ്ങിയാണ് പാര്‍ലമെന്റിലേക്കു പ്രവേശിച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വളിച്ചാണു രാഹുലിനെ വരവേറ്റത്.
മിത്ത് വിവാദം നിയമ സഭയില്‍ കുത്തിപ്പൊക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. വിഷയം നിയമസഭയില്‍ പരാമര്‍ശിക്കും. സ്പീക്കര്‍ക്കെതിരെ അടിയന്തര പ്രമേയം നോട്ടീസ് സാധ്യമല്ല. സ്പീക്കര്‍ തിരുത്തണമെന്ന നിലപാടു മാത്രം മതിയെന്നാണു തീരുമാനം.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കംപുരുഷോത്തമനും ആദരമര്‍പ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിനു തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള നേതാക്കള്‍ അനുശോചന പ്രസംഗം നടത്തി.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം കെ പി മോഹനന്. എല്‍ജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ പി മോഹനന്‍ ഒരു നിര മുന്നിലേക്കെത്തിയത്. നേരത്തെ രണ്ടാം നിരയിലായിരുന്നു മോഹനന്‍.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും സംവിധായകന്‍ രഞ്ജിത്തിെ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിയോജിപ്പു പ്രകടിപ്പിച്ചു. മണികുമാറിന് സംസ്ഥാന സര്‍ക്കാര്‍ കോവളത്തെ ഹോട്ടലില്‍ യാത്രയയപ്പു നല്‍കിയതിനെതിരേ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതി ലോകായുക്ത ഇന്നു പരിഗണിക്കും. ലോകായുക്തയുടെ ഫുള്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് മൂന്നംഗ ബഞ്ചിന് വിടാനുള്ള ലോകായുക്തയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
സ്പീക്കര്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തു നാമജപ യാത്ര നടത്തിയതിന് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ കെ ഫോണിനൊപ്പം കൈകോര്‍ക്കാന്‍ കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ക്കു താല്‍പര്യമില്ല. കെ ഫോണുമായി കരാറുണ്ടാക്കാന്‍ വെറും 50 ഓപ്പറേറ്റര്‍മാര്‍ മാത്രമാണു തയാറായത്.
കൊച്ചിയില്‍ മൃഗസംരക്ഷണ പദ്ധതിയുമായി എത്തിയ ബ്രിട്ടീഷ് വയോധികയുടെ ഏഴര കോടി രൂപ തട്ടിയെടുത്തെന്ന് പള്ളുരുത്തി സ്വദേശി യാഹിയ ഖാലിദിനെതിരേ കേസ്. മടങ്ങിപ്പോകാനുള്ള പണംപോലും കൈയിലില്ലെന്നാണ് സാറ പെനിലോപ് കോക്ക് എന്ന 75 കാരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2007 ല്‍ ലണ്ടനില്‍നിന്ന് കേരളത്തിലെത്തിയ സാറയും ഭര്‍ത്താവും തെരുവു നായ്ക്കള്‍ക്ക് അഭയ കേന്ദ്രമൊരുക്കാന്‍ മാഡ് ടോഗ് ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചതിനു പിറകേ ബ്രിട്ടനിലെ വീടു വിറ്റു കിട്ടിയ പണമാണ് തട്ടിയെടുത്തത്.
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് നാലുപേര്‍ കടലില്‍ മുങ്ങി. നാലു പേരും നീന്തി രക്ഷപ്പെട്ടു. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം തല കീഴായി മറിയുകയായിരുന്നു.
കോട്ടയം ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാന്‍സില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കൊള്ളയടിച്ചു. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം. സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്.
സിനിമാ നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. രണ്ടു വര്‍ഷമായി സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
യുവ കഥകളി നടന്‍ ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് ഇരുപത്തഞ്ചുകാരനായ രഘുനാഥ് കുഴഞ്ഞു വീണത്. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്.
മാവേലിക്കര കണ്ടിയൂരില്‍ കാറിനു തീപിടിച്ച് 35 കാരന്‍ മരിച്ചു. മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന കണ്ണന്‍ ആണ് മരിച്ചത്.
മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ വെള്ളമ്പാടിയിലായിരുന്നു സംഭവം.
സിപിഎം നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയര്‍ത്തിയെന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ.എസ്. അഭിശാന്ത് മലമ്പുഴ പൊലീസില്‍ പരാതി നല്‍കി. അഭിശാന്തിനെ എസ്എഫ്‌ഐയില്‍ നിന്നു സസ്‌പെന്‍ഡു ചെയ്തതിനു പിറകേ, ഡിവൈഎഫ്‌ഐ, സിപിഎം, സിഐടിയു തുടങ്ങിയ കമ്മിറ്റികളില്‍നിന്നു രാജിവച്ചിരുന്നു. ഇതിനു ശേഷമാണു സിപിഎം നേതാവിന്റെ ഭീഷണിയെന്നാണ് പരാതി.
ഹരിയാനയിലെ നൂഹില്‍ വിഎച്ച്പിയും ബജ്രംഗ്ദളും സംഘടിപ്പിച്ച റാലിക്കുനേരെ കല്ലെറിഞ്ഞവര്‍ അഭയം തേടിയെന്നു പറയപ്പെടുന്ന 320 കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മൂന്നു നിലയുള്ള ഹോട്ടല്‍ കെട്ടിടവും പൊളിച്ചു. അനധികൃതമാണോയെന്ന് വിധിക്കാന്‍ കോടതിക്ക് അവസരം നല്‍കാതെ ജില്ലാ ഭരണകൂടം നിയമം കൈയിലെടുത്തെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. 94 സ്ഥിരം നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളുമാണു പൊളിച്ചത്.
കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. ബാങ്കോക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം.