നാമജപ സമരത്തെ കേസില്‍ പൂട്ടാന്‍ സര്‍ക്കാര്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ആയിരത്തിലധികം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് ഉപയോഗിച്ചു, യാത്രക്കാര്‍ക്കു തടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചെയ്തെന്നാണ് ആരോപണം. ഇങ്ങനെയാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 35 കുക്കി ഗോത്ര വിഭാഗക്കാരെ ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിഗ്രാമമായ ബോല്ജാംഗില് സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നു മെയ്തെയ് വിഭാഗം. ഈ ഗ്രാമം തങ്ങളുടേതു മാത്രമാണെന്ന് മെയ്തെയ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ മണിപ്പൂര്‍ ഹൈക്കോടതി മൃതദേഹ സംസ്കാരം തടഞ്ഞു. കലാപത്തിനു വഴിവച്ച ഉത്തരവിട്ട മലയാളിയായ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എം.വി. മുരളീധരനാണ് മൃതദേഹ സംസ്കാരത്തിനു വിലക്ക് ഏര്‍പ്പെടുത്തിയത്.
നികുതിയും നികുതി കുടിശ്ശികയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭകളും നല്കുന്ന നോട്ടീസുകളില്‍ ഉപയോഗിക്കുന്ന അധികാരത്തിന്റെ ‘ഭീഷണി സ്വരം’ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. നോട്ടീസുകളില്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങള്‍ നികുതി ദായകരെ പ്രകോപിപ്പിക്കുന്നതാണെന്നും കാലം മാറിയിട്ടും ഇത്തരം ശൈലികള്‍ കാലോചിതമായി പരിഷ്ക്കരിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കമ്മീഷന് ഉത്തരവ്.
താനൂരില്‍ താമിര്‍ ജിഫ്രിയെ പോലീസ് മര്‍ദിച്ചു കൊന്നതാണെന്ന് കുടുംബം. യുവാവിനെ താനൂരില്‍ നിന്ന് അര്‍ധരാത്രിയില്‍ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയില്‍നിന്നു വൈകുന്നേരം അഞ്ചിന് കസ്റ്റഡിയിലെടുത്തതാണെന്നും കുടുംബം ആരോപിച്ചു. താമസസ്ഥലത്തുനിന്ന് അടിവസ്ത്രം മാത്രമുള്ള നിലയിലാണ് ജിഫ്രിയെ കൊണ്ടു പോയതെന്നും മര്‍ദ്ദിച്ചെന്നും കുടുംബം ആരോപിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സിപിഎം സംഘടനാ സംവിധാനത്തെ സജ്ജമാക്കുന്നു. പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വീതിച്ചു നല്കി. ജെയ്ക് സി തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളോടെയാണ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍.
പ്രായപൂര്‍ത്തിയാകാത്ത പശ്ചിമ ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികളുമായി എത്തിയ രണ്ടു ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. എറണാകുളം പുറയാറില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെന്‍ഡിലാണ് സ്കൂള്‍ യൂനിഫോം ധരിച്ച 13 കാരിയെയും 17 കാരിയെയും എത്തിച്ചത്.
മുതലപ്പൊഴിയില്‍ വീണ്ടും അപകടം. 16 പേര് അടങ്ങുന്ന വള്ളം മറിഞ്ഞു. വര്‍ക്കല സ്വദേശികളായ 16 പേരെയും രക്ഷപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്കു മാറ്റി.
അറസ്റ്റ് ഒഴിവാക്കാന്‍ കര്‍ണാടക പൊലീസ് കൊച്ചിയിലെത്തി പ്രതികളില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ നാലു ലക്ഷം രൂപ കേരള പോലീസ് പിടിച്ചെടുത്തു. കര്‍ണ്ണാടക പൊലീസിലെ ഇന്‍സ്പെക്ടര്‍ ശിവപ്രകാശ്, കോണ്‍സ്റ്റബിള്‍മാരായ ശിവണ്ണ, വിജയകുമാര്‍, സന്ദേശ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ പള്ളുരുത്തി സ്വദേശികള്‍ക്കെതിരേ ബംഗളുരു വൈറ്റ് ഫീല്‍ഡ് പൊലീസിലുള്ള പരാതി ഒതുക്കിത്തീര്‍ക്കാന്‍ കര്‍ണാടക പോലീസുകര്‍ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയായിരുന്നു.
മിത്തിനെക്കുറിച്ചു ചിലര്‍ പറയുമ്പോള്‍ വിവാദമാക്കുകയും മറ്റ് ചിലര്‍ പറയുമ്പോള്‍ വിവാദമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്നു മന്ത്രി കെ രാധാകൃഷ്ണന്. വിവാദം ആദ്യം തുടങ്ങിയത് സയന്‍സ് കോണ്‍ഗ്രസില്‍ അല്ലേയെന്നും മന്ത്രി ചോദിച്ചു. സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാകാന്‍ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍നിന്ന് വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഓഗസ്റ്റ് 12 ന് തുടങ്ങും. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസാണുള്ളത്. രാത്രി 11.50 ന് പുറപ്പെട്ട് വിയറ്റ്നാം സമയം 6.40 ന് ഹോചിമിന്‍ സിറ്റിയിലെത്തും. തിരികേ അവിടെനിന്ന് രാത്രി 7.20 ന് പുറപ്പെട്ട് രാത്രി 10.30 ന് കൊച്ചിയിലെത്തും. ആറായിരം രൂപയാണു ടിക്കറ്റ് നിരക്ക്. വിയറ്റ്ജെറ്റ് ഒരു ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ 88 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക അടയ്ക്കാതെ തട്ടിപ്പു നടത്തിയ വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി ഷെറിന് എസ്. തോമസിനെ (28) ആണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപയുടെ പോളിസിക്ക് ഒരു വര്‍ഷം 32,664 രൂപ പ്രീമിയം തുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
മാവേലിക്കരയില്‍ റിസര്‍ച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാര്‍ത്ഥി നല്കിയ പരാതിയില്‍ അധ്യാപകനെ മാവേലിക്കര പൊലീസ് ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാന്‍ ഇന്ന് കോടതിയിലെത്താനും നിര്‍ദേശം നല്കി.
നെടുമ്പാശേരിയില്‍നിന്ന് ഷാര്‍ജയിലേക്കു പറന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ പുക കണ്ടതിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. രാത്രി പത്തരയ്ക്കു പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ യാത്രയാക്കി.
പത്തനംതിട്ടയില്‍ അച്ഛനെയും അമ്മയെയും മകന് വെട്ടിക്കൊന്നു. പത്തനംതിട്ട പരുമലയില്‍ കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന് അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തു കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പര്‍ വിജയികളായ മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിതകര്‍മ സേന അംഗങ്ങളുടെ വിശേഷം ബിബിസിയില്‍. 250 രൂപയായിരുന്നു ബമ്പര്‍ ടിക്കറ്റ് 11 വനിതകള്‍ ചേര്‍ന്നാണ് എടുത്തത്. 25 രൂപ വീതം ഒമ്പത് വനിതകളും രണ്ടു പേര് ബാക്കി തുകയും കൊടുത്താണ് ടിക്കറ്റ് എടുത്തതെന്ന് മണ്‍സൂണ്‍ ബമ്പര്‍ അടിച്ച അംഗങ്ങളില്‍ ഒരാളായ ചെറുമണ്ണില്‍ ബേബി പറഞ്ഞു. കിട്ടുന്ന പണം തുല്യമായി വീതിക്കുമെന്നും അവര്‍ പറഞ്ഞു.
പഴയ കാമ്പസ് ഓര്‍മകളുടെ വസന്തവുമായി തൃശൂര്‍ വിമല കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ പൂര്‍വ അധ്യാപകര്‍ക്കൊപ്പം ഒത്തുചേര്‍ന്നു. പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ ഗുരുപ്രണാമം അര്‍പ്പിച്ചപ്പോള്‍ ആറു മുന്‍ പ്രിന്‍സിപ്പല്‍മാര്‍ അടക്കം അമ്പതോളം പൂര്‍വ ഗുരുനാഥമാര്‍ ആനന്ദക്കണ്ണീരണിഞ്ഞു. പഴയ അരുമ ശിഷ്യരെ അവര്‍ ആശ്ലേഷിച്ചു. വിമല കോളജ് പൂര്‍വവിദ്യാര്‍ത്ഥിനികളുടെ യുഎഇ യിലെ കൂട്ടായ്മയായ ‘-വിമെക്സി’-ന്റെ നേതൃത്വത്തില്‍ ഒരുക്കിയ ‘-വിമലമീയോര്‍മകള്‍’ എന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ സംഗീതജ്ഞന് ഔസേപ്പച്ചനും പത്മശ്രീ പെരുവനം കുട്ടന്മാരാരും മുഖ്യാതിഥികളായി.
ജ്ഞാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ പുരാവസ്തു വകുപ്പിന് അലഹബാദ് ഹൈക്കോടതി അനുമതി നല്കി. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീല്‍ തള്ളി. ശാസ്ത്രീയ സര്‍വേ ആവശ്യമെന്നും കോടതി പറഞ്ഞു.
ഹരിയാനയിലെ സംഘര്‍ഷത്തില്‍നിന്ന് വനിതാ ജഡ്ജിയും മൂന്നുവയസുള്ള മകളും രക്ഷപ്പെട്ടത് തലനാരിഴക്ക്. നൂഹിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് അഞ്ജലി ജെയിനും മകളുമാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. മതഘോഷയാത്രയ്ക്കു നേരെയുണ്ടായ ആക്രമണത്തിനിടെ ഇവര്‍ സഞ്ചരിച്ച കാറിന് ആള്‍ക്കൂട്ടം തീയിടുകയും കല്ലെറിയുകയും വെടിവെക്കുകയും ചെയ്തു.
ജമ്മു കാഷ്മീരിലെ കേന്ദ്ര സര്‍ക്കാരിന്റെ കഞ്ചാവ് തോട്ടം ദേശീയ ശ്രദ്ധ നേടുന്നു. ഔഷധ നിര്‍മ്മാണത്തിനായാണ് കനേഡിയന്‍ കമ്പനിയുമായി സഹകരിച്ച് കഞ്ചാവു വളര്‍ത്തുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് കഞ്ചാവു തോട്ടം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും കഞ്ചാവു കൃഷി ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.
കര്‍ണാടക ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ രണ്ടു ജീവനക്കാരെ കൂടി എയര്‍ ഏഷ്യ സസ്പെന്‍ഡു ചെയ്തു. ഇക്കഴിഞ്ഞ 27 ന് ബംഗളുരുവില്‍നിന്ന് ഹൈദരാബാദിലേക്കു യാത്ര ചെയ്യാന്‍ ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ടെന്ന പരാതിയിലാണ് നടപടി. ബോര്‍ഡിംഗ് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിയെയും റാമ്പില്‍ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരനെയുമാണ് സസ്പെന്‍ഡു ചെയ്തത്. എയര്‍പോര്‍ട്ട് സ്റ്റേഷന് മാനേജരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയും വിവാഹ മോചിതരാകുന്നു. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 51 കാരനായ ട്രൂഡോയും 48 കാരനായ ഗ്രിഗോയര്‍ ട്രൂഡോയും 2005 മേയിലാണ് വിവാഹിതരായത്. ഇവര്‍ക്ക് 15, 14, ഒമ്പത് വയസ്സുള്ള മൂന്നു കുട്ടികളുണ്ട്.