ഹരിയാനയില്‍ നിരോധിച്ച ശോഭായാത്രയില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍നിന്ന് എത്തിയ സന്യാസിമാര്‍ അടക്കമുള്ളവരെ പോലീസ് തടഞ്ഞു. ഇതോടെ സന്യാസിമാര്‍ നിരാഹാരസമരം ആരംഭിച്ചു. ഹരിയാന നൂഹില്‍ ഇന്നുച്ചയ്ക്കു വിഎച്ച്പി ഘോഷയാത്ര സംഘടിപ്പിച്ചിരിക്കേ, നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസിനേയും കേന്ദ്രസേനയേയും വിന്യസിപ്പിച്ചിട്ടുണ്ട്.
പോലീസിനെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പിക്കുകയും ചെയ്ത പ്രതികളെ പിടികൂടി. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടിക്കാന്‍ ഇടുക്കി ചിന്നക്കനാലില്‍ എത്തിയ കായംകുളം പൊലീസ് സംഘത്തിനെതിരെയാണ് ആക്രമണം. കുത്തേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിനെ ശസ്ത്രക്രിയക്കു വിധേയനാക്കി. പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. പ്രതികളില്‍ രണ്ടു പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. പ്രതികളെ രക്ഷപ്പെടുത്തി പൊലീസ് വാഹനത്തിന്റെ താക്കോലുമായി സ്ഥലംവിട്ട സംഘത്തെ പിന്നീട് പിടികൂടി. കായംകുളം സ്വദേശികളായ ഷെമീര്‍ ബാബു, ഫിറോസ്, മുഹമ്മദ്, മുനീര്‍ എന്നിവരാണു പിടിയിലായത്.
പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണവുമായി റേഷന്‍ വ്യാപാരികള്‍. ഉച്ചവരെ മൂന്നേകാല്‍ ലക്ഷം പേര്‍ക്കു കിറ്റ് നല്‍കി. ഉച്ചയ്ക്കു ശേഷം രണ്ടര ലക്ഷം പേര്‍ക്കുകൂടി കിറ്റ് നല്‍കും. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ്. സാധാരണക്കാര്‍ക്ക് നല്‍കാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരേ കോടതിയെ സമീപിച്ചതു വ്യാജ പരാതിക്കാരാണെന്ന് സംവിധായകന്‍ വിനയന്‍. അവാര്‍ഡ് നിര്‍ണയത്തിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് രാജിവെക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്കു നല്‍കിയ പരാതിക്കു മറുപടി കിട്ടിയില്ലെന്നും വിനയന്‍ പറഞ്ഞു.
ഓണത്തിരക്കുമൂലം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തത്കാലം അവധി. ഉത്രാട ദിനമായ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് മൂന്നു മുന്നണികളും പരസ്യ പ്രചാരണ പരിപാടികള്‍ നിറുത്തിവച്ചു. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ പ്രചാരണരംഗത്തുണ്ട്.
അച്ഛന്‍ അടിച്ചതിനു പ്രതികാരമായി പതിനഞ്ചുകാരന്‍ കൂട്ടുകാരന്റെ സഹായത്തോടെ അച്ഛനെ മര്‍ദിച്ചു.
തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞ മലയില്‍ അച്ഛന്റ വായില്‍ തുണി തിരുകി മുഖത്ത് മുളക് തേച്ച് തലയ്ക്കടിച്ചു. വൃക്ക രോഗിയായ അച്ഛനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ആത്മഹത്യക്കു ശ്രമിച്ച മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ സ്‌കൂളില്‍ അധ്യാപിക സഹപാഠികളെക്കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
കണ്ണൂര്‍ എടയാര്‍ പതിനേഴാം മൈലില്‍ കാര്‍ കലുങ്കിലിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. പൂഴിയോട് സ്വദേശി സഹല്‍ (22) ആണ് മരിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തി. ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയിലെ മിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ 965.09 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു. അന്‍പത്തേഴര ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമൂലം റണ്‍വേയില്‍നിന്നു വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനമാണ് തിരിച്ചുവിളിച്ച് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തിയത്.
ഗുരുഗ്രാമില്‍ മുസ്ലിംകള്‍ ഒഴിഞ്ഞുപോകണമെന്നു പോസ്റ്റര്‍. ബജ്‌റംഗ്ദളിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും പേരിലാണ് പോസ്റ്ററുകള്‍. സര്‍ക്കാരിന്റെ വിലക്കു ലംഘിച്ച് വിഎച്ച്പി ശോഭായാത്ര നടത്തുന്നതിനിടെയാണ് പ്രകോപനപരമായ പോസ്റ്ററുകള്‍ പതിച്ചത്. ജൂലൈ 31 ന് കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്കു ശോഭായാത്ര നടത്തുമെന്നാണു വിഎച്ച്പി പ്രഖ്യാപിച്ചിരുന്നത്.
അധ്യാപിക സഹപാഠികളെക്കൊണ്ട് ഒരു മണിക്കൂറോളം തന്നെ മര്‍ദ്ദിച്ചപ്പിച്ചെന്നും മര്‍ദനമേറ്റ് അവശതയിലായെന്നും മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി. യാദൃശ്ചികമായ് അവിടെ എത്തിയ തന്റെ സഹോദരനാണ് വീഡിയോ പകര്‍ത്തിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ജനം നിര്‍ഭയം സഞ്ചരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഭാവി രൂപകല്‍പന ചെയ്യുന്നതില്‍ വലിയ പങ്കാണ് യുവാക്കള്‍ക്കുള്ളതെന്നും മോദി പറഞ്ഞു. അന്‍പത്തിയൊന്നായിരം പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയുള്ള തൊഴില്‍ മേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം വിജയിച്ചതോടെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. മറ്റു മതങ്ങള്‍ ചന്ദ്രനില്‍ അവകാശം സ്ഥാപിക്കുന്നതിനു മുമ്പ് ഇന്ത്യ പ്രഖ്യാപനം നടത്തണമെന്നാണ് ചക്രപാണിയുടെ ആവശ്യം.