യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു സുപ്രീം കോടതി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണെന്ന ആരോപണം നിലനില്‍ക്കേയാണ് ഓരോ കേസിന്റേയും പുരോഗതി സംബന്ധിച്ച് ആറാഴ്ചയ്ക്കകം ഡിജിപി റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടത്.
ചാണ്ടി ഉമ്മനെ സ്വര്‍ണനൂലില്‍ കെട്ടിയിറക്കിയതല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ മകനായതുകൊണ്ട് അവസരം കിട്ടാതെ പോയ ആളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജയ്ക് സി തോമസിന് ഹാട്രികിനൊപ്പം അപ്പനോടും മകനോടും തോറ്റെന്ന പേരും കിട്ടുമെന്ന് കെ മുരളീധരന്‍. ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പാണ്. പരാജയം ഉറപ്പായതിനാലാണ് സിപിഎം ചികിത്സ വിവാദം കുത്തിപ്പൊക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം എല്ലാ ചികില്‍സയും നല്‍കി. അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി. 96 കോടി രൂപയാണ് മുഖ്യമന്ത്രിയടക്കം വാങ്ങിയത്. വിജിലന്‍സും ലോകായുക്തയും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ നോക്കുകുത്തിയായി. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍.
ആലപ്പുഴ പുന്നമട കായലില്‍ 69 ാമത് നെഹ്‌റു ട്രോഫി വള്ളംകളി. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് നെഹ്‌റു ട്രോഫി ജലമേളയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങില്‍.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളില്‍ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദികളില്‍ തിളങ്ങിയ പാട്ടുകാരിയായിരുന്നു.
നായ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയ പൗഡിക്കോണം സ്വദേശി നന്ദനക്കു ചികിത്സ രണ്ടു മണിക്കൂര്‍ വൈകിച്ചെന്നു പരാതി. രാവിലെ ഏഴരയക്ക് അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണമെന്ന് അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞെന്നാണു പരാതി. ഒടുവില്‍ ഒപിയില്‍ ഡോക്ടറെ കാണാനായത് ഒമ്പതരയോടെയാണെന്നാണു പരാതി.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ 100 കോടി രൂപ ചെലവിട്ട് ക്ഷേത്രം നിര്‍മിക്കുന്നു. 14-ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും.
ട്രെയിനില്‍ വൈദ്യുതി മുടങ്ങിയതിനു യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. ആനന്ദ് വിഹാര്‍- ഗാസിപൂര്‍ സുഹൈല്‍ദേവ് എക്‌സ്പ്രസില്‍ വൈദ്യുതി മുടങ്ങിയതോടെ എസി കോച്ചുകളിലെ യാത്രക്കാരാണ് ടിടിഇയെ പൂട്ടിയിട്ടത്.
തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിനു മാതാപിതാക്കള്‍ക്കൊപ്പം എത്തിയ ആറു വയസുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. വൈകിട്ട് അലിപിരി വാക്ക് വേയില്‍ അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേ കുതിച്ചെത്തിയ പുലി കുട്ടിയെ കടിച്ചെടുത്ത് ഞൊടിയിടയില്‍ കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ ആറു കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു. ഗുജറാത്തില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
പ്രതിപക്ഷത്തിനു പാര്‍ട്ടിയാണ് രാജ്യമല്ല വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം മണിപ്പുരിനെക്കുറിച്ചുള്ള ചര്‍ച്ചയല്ല വേണ്ടത്. ചര്‍ച്ചാ സമയത്ത് സഭയില്‍നിന്ന് അവര്‍ ഇറങ്ങിപ്പോയി. മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രവര്‍ത്തകരോട് മോദി ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ ഇന്ത്യന്‍ സൈന്യത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഗോത്രങ്ങള്‍ തമ്മിലുള്ള കലാപത്തിനു പരിഹാരം ഹൃദയത്തില്‍നിന്നാണ് വേണ്ടത്. പട്ടാളത്തിന്റെ വെടിയുണ്ടകള്‍കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തു ദിവസം മുമ്പു കാണാതായ ബിജെപി വനിതാ നേതാവ് സന ഖാനെ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് അമിത് സാഹു പൊലീസിനോടു സമ്മതിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കൊലപ്പെടുത്തി നദിയില്‍ എറിഞ്ഞെന്നു പറയുന്ന മൃതദേഹം കണ്ടെത്താനായിട്ടില്ല. നാഗ്പൂര്‍ പൊലീസ് ജബല്‍പൂരിലെ ഘോരാ ബസാര്‍ പ്രദേശത്തുനിന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒഴുകി നടക്കുന്ന ബോംബ് എന്ന് അറിയപ്പെട്ടിരുന്ന ഓയില്‍ ടാങ്കര്‍ കപ്പലിലെ പത്തു ലക്ഷം ബാരല്‍ ഇന്ധനം ഒഴിവാക്കിയെന്നു യുഎന്‍. ചെങ്കടലില്‍ ഒഴുകി നടന്ന കപ്പലില്‍ നിന്ന് അതിസാഹസികമായാണ് ഇന്ധനം ഒഴിവാക്കിയത്. 2015 ലാണ് ഈ എഫ്എസ്ഒ സേഫര്‍ എന്ന കപ്പല്‍ ഓയില്‍ സഹിതം കടലില്‍ ഉപേക്ഷിച്ചത്.