ദേവികുളം മുന്‍ എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്കു സുപ്രീം കോടതി ഭാഗിക സ്റ്റേ അനുവദിച്ചു. എ രാജ സമര്‍പ്പിച്ച അപ്പീലിലാണ് കേസ് ജൂലൈയില്‍ പരിഗണിക്കുന്നതു വരെ വിധി സ്റ്റേ ചെയ്തത്. ഇതോടെ രാജയ്ക്കു നിയമസഭ നടപടികളില്‍ പങ്കെടുക്കാം. പക്ഷേ വോട്ടു ചെയ്യാനുള്ള അവകാശമില്ല. നിയമസഭ അലവന്‍സും പ്രതിഫലവും വാങ്ങാനുള്ള അവകാശവും ഉണ്ടായിരിക്കില്ല.
കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധിയിലായി. അരിക്കൊമ്പനെ കാണാനില്ല. ആന എവിടെയെന്ന് വ്യക്തമല്ല. വനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുകയാണ്. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ കൂട്ടത്തില്‍നിന്നു മാറി കാട്ടില്‍ ഉറങ്ങുകയാണെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്.
ഇരുചക്ര വാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികളുടെ ഹെല്‍മെറ്റ് വിദ്യാലയങ്ങളില്‍ സൂക്ഷിക്കാനുള്ള സൗകര്യം പിടിഎയുടെ നേതൃത്വത്തില്‍ ഒരുക്കണമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൂട്ടികളെ മൂന്നാമതൊരാളായി യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടാലും ഫലമുണ്ടാകുമെന്നു പ്രതീക്ഷയില്ല. എന്തു ചെയ്യണമെന്ന് ആലോചിക്കാന്‍ മേയ് പത്തിന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി.
തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. ഉച്ചയ്ക്കുശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം. വൈകുന്നേരം ഏഴിനാണു സാമ്പിള്‍ വെടിക്കെട്ട്. ഞായറാഴ്ച തൃശൂര്‍ പൂരം. മേയ്ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനു പൂരം വെടിക്കെട്ട്.
ആരോഗ്യ പരിചരണത്തിന്റെ അമ്പതു വര്‍ഷങ്ങള്‍ പിന്നിടുന്ന തൃശൂരിലെ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സുവര്‍ണ വര്‍ഷാഘോഷങ്ങള്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. രമ്യ ഹരിദാസ് എംപി, സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് നന്ദിക്കര, ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രണ്ടുപേരില്‍ നിന്നായി 93 പവന്‍ സ്വര്‍ണവും ഒമ്പത് ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയില്‍ വനിതാ എഎസ്‌ഐ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം തവനൂര്‍ സ്വദേശിയാണ് ആര്യശ്രീ. സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വര്‍ണാഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.
പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലുള്ള മാലിന്യക്കുഴിയിലെ തീകുണ്ഠത്തില്‍ വീണ കൊല്‍ക്കത്ത സ്വദേശി നസീര്‍ ഷെയ്ഖിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായിരുന്ന ഇയാള്‍ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കുഴിയിലേക്കു വീഴുകയായിരുന്നു.
കരിപ്പൂരില്‍ ഒന്നര കോടിയോളം രൂപ വില മതിക്കുന്ന സ്വര്‍ണം പിടികൂടി. ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിപ്പിച്ചു കത്തിയ കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്‌നാസ്, പട്ടര്‍കുളം സ്വദേശിയായ യാസിം എന്നിവരാണ് പിടിയിലായത്.
പാലക്കാട് കുമരനെല്ലൂര്‍ കാഞ്ഞിരത്താണിയില്‍ വീടിനും വീടിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് മുന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയും കാറും കത്തി നശിച്ചു.
ക്ഷേത്രത്തിലെ വാതിലുകള്‍ക്ക് തീയിട്ടശേഷം മോഷണശ്രമം. തിരുവന്തപുരം പനവൂര്‍ വെള്ളാഞ്ചിറ ആയിരവില്ലി ധര്‍മശാസ്താ ക്ഷേത്രത്തിലെ രണ്ട്ുവാതിലുകളാണ് കത്തിച്ചത്. ക്ഷേത്രത്തിനു മുന്നില്‍ സൂക്ഷിച്ചിരുന്ന നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലേക്ക് എറിഞ്ഞിട്ടുണ്ട്.
ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിന്റെ വസതിയില്‍ സിബിഐ സംഘം. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണങ്ങളുടെ നിജസ്ഥിതിയും തെളിവുകളും ശേഖരിക്കാനും മൊഴിയെടുക്കാനുമാണ് സിബിഐ സംഘം എത്തിയത്. സിബിഐ നേരത്തെ സത്യപാല്‍ മലിക്കിനു നോട്ടീസ് നല്‍കിയിരുന്നു.
മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്കു തീയിട്ട് ജനക്കൂട്ടം. ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ചാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. സര്‍ക്കാര്‍ അപമാനിച്ചെന്നാണ് ഗോത്രവര്‍ഗ സംഘടന പറയുന്നത്. പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു.
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക. നേരത്തെ ജസ്റ്റിസ് ഗീതാ ഗോപി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. മോദി പരാമര്‍ശത്തിലെ സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരെയാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ജിയയുടെ മരണം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
സമരം നടത്തുന്ന ഗുസ്തിതാരങ്ങള്‍ക്കെതിരായ പി ടി ഉഷ എംപി യുടെ പരാമര്‍ശം അപഹാസ്യമായിപ്പോയെന്ന് ശശി തരൂര്‍ എംപി. പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറററില്‍ കുറിച്ചു. അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നത് ‘രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ’ കളങ്കപ്പെടുത്തില്ല. അവരുമായി ചര്‍ച്ച നടത്തി ന്യായമായ നടപടി സ്വീകരിക്കുകയാണു വേണ്ടതെന്നും തരൂര്‍ പറഞ്ഞു.