വികസിത ഭാരത നിര്‍മാണത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് ട്രെയിന്‍, കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവ അടക്കം 3,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന, ശിലാസ്ഥാപന പരിപാടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു വികസനത്തിനു നേതൃത്വം നല്‍കാന്‍ കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരുണ്ട്. യുവാക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണിത്. അടിസ്ഥാന സൗകര്യ വികസനത്തിനു പത്തു ലക്ഷം കോടി രൂപയാണു നാം ചെലവാക്കിയത്. രാജ്യ പുരോഗതിയുടെ നേട്ടം പ്രവാസികള്‍ക്കും ലഭിക്കും. കൊച്ചിന്‍ ഷിപ് യാര്‍ഡിനെ അഭിനന്ദിക്കുന്നു. കേരളത്തിന്റെ മട്ടയരിയും റാഗിപുട്ടും നാളികേരവും കര്‍ഷകരുടെയും കരകൗശല വിദഗ്ധരുടേയും ഉല്‍പന്നങ്ങളുമെല്ലാം പ്രശസ്തമാണ്. മോദി പറഞ്ഞു.
നാലു വര്‍ഷത്തിനകം അഞ്ചര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്ക് എത്താനാകുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍ പാളങ്ങള്‍ നിവര്‍ത്തുകയും നവീകരിക്കുകയും ചെയ്തുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. 2,033 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ റെയില്‍വേ നടപ്പാക്കുന്നത്. 110 കിലോമീറ്റര്‍ വേഗത്തില്‍ 24 മാസത്തിനുള്ളില്‍ വന്ദേ ഭാരത് സര്‍വീസ് നടക്കും. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വര്‍ധിപ്പിക്കും. നാലു വര്‍ഷത്തിനകം ആറു മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് എത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി സി വണ്‍ കോച്ചില്‍ കയറി. തുടര്‍ന്ന് സി ടു കോച്ചിലെത്തി 42 വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് ഉപഹാരങ്ങള്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ശശി തരൂര്‍ എംപിയും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരത്തു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത റോഡ് ഷോ. വഴിയോരത്തു കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കാറിന്റെ ഡോര്‍ തുറന്നുപിടിച്ചുനിന്നുകൊണ്ടാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. മുണ്ടും ഷര്‍ട്ടും അടക്കമുള്ള കേരളീയ വേഷം തന്നെയാണ് ഇന്നും പ്രധാനമന്ത്രി ധരിച്ചത്.
കൊച്ചി വാട്ടര്‍ മെട്രോ കുറഞ്ഞ ചെലവില്‍ മികച്ച ഗതാഗത സൗകര്യവും വിനോദ സഞ്ചാര വികസനവും ഉറപ്പാക്കുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 1,136 കോടി മുടക്കിയാണ് കൊച്ചി വാട്ടര്‍ മെട്രോ സജ്ജമാക്കിയത്. വന്ദേ ഭാരത് ട്രെയിന്‍ അടക്കം ഉദ്ഘാടനം ചെയ്യുന്നതും തറക്കല്ലിടുന്നതുമായ പദ്ധതികള്‍ കേരളത്തിന്റെ വികസനത്തിനു ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിനു മതം തടസമാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞെന്ന് ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ എട്ടു ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരില്‍ ഒരാളായ യാക്കോബായ സഭാ മെത്രാപൊലീത്ത ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്. കേരളത്തിലെ കര്‍ഷകരുടേയും മല്‍സ്യത്തൊഴിലാളികളുടേയും പ്രശ്‌നങ്ങള്‍ മെത്രാന്മാര്‍ ഉന്നയിച്ചു. അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം തേടി എം ശിവശങ്കര്‍ സുപ്രീം കോടതിയില്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയില്‍ പറയുന്നത്. യൂണിടാക്കുമായി താന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. സ്വപ്‌നയുടെ ലോക്കറുമായി തനിക്കു ബന്ധമില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ശിവശങ്കര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 45 മിനിറ്റു സംസാരിച്ചതിന്റെ ആനന്ദം പങ്കുവച്ച് സിനിമാ നടന്‍ ഉണ്ണി മുകുന്ദന്‍. ഗുജറാത്തി ഭാഷയിലാണു സംസാരിച്ചത്. മോദി പറഞ്ഞ ഓരോ വാക്കും ഉപദേശവും മാര്‍ഗനിര്‍ദേശങ്ങളും അമൂല്യമെന്ന് ഉണ്ണി മുകന്ദന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്ണു മോഹന്‍. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേര്‍ന്ന് മോദിക്കു നല്‍കി. ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
മലപ്പുറം എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ച റിദാന്‍ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാന്‍ മുഹമ്മദ്ാണ് അറസ്റ്റിലായത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ആലപ്പുഴയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചു യുവാവ് മരിച്ചു. എടത്വ വേണാട് വീട്ടില്‍ സന്തോഷ് ഓമന ദമ്പതികളുടെ മകന്‍ അഭിജിത്ത് (23) ആണ് മരിച്ചത്. അഭിജിത്തിനോടൊപ്പം ഉണ്ടായിരുന്ന മാതൃസഹോദരിയുടെ മകള്‍ അഖിലയെ(21) പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള ആദായ നികുതി റെയ്ഡ് ഇന്നലെ രാത്രിയും തുടര്‍ന്നു. ജി സ്‌ക്വയര്‍ റിലേഷന്‍സ് കമ്പനിയുടെ ഓഫീസുകളിലും വീടുകളിലുമായി അമ്പതിടങ്ങളിലാണ് പരിശോധന നടന്നത്. എംകെ സ്റ്റാലിന്റെ മരുമകന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടന്നു.
സുഡാനില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍. വിദേശികളെ ഒഴിപ്പിക്കാനാണ് വെടിനിര്‍ത്തല്‍ സമയം നീട്ടിയത്. അമേരിക്കയും സൗദിയും ഇടപെട്ട് രണ്ട് ദിവസമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായത്. ഈ മാസം 15ന് ആരംഭിച്ച ആഭ്യന്തര കലാപത്തില്‍ 427 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
സുഡാനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ‘ഓപറേഷന്‍ കാവേരി’ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. പോര്‍ട്ട് സുഡാനില്‍നിന്നു ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തില്‍ നാട്ടിലെത്തിക്കും. സൈന്യത്തിന്റെ കപ്പലായ ഐഎന്‍എസ് സുമേധയിലാണു ജിദ്ദയിലെത്തിക്കുന്നത്.
പ്രതിപക്ഷ ഐക്യ ചര്‍ച്ചക്കായി തെലങ്കാന മഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയെ കാണാനും നിതീഷ് ശ്രമം തുടങ്ങി. പ്രതിപക്ഷ നേതാക്കളുടെ യോഗം ബീഹാറില്‍ ചേരുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കില്ലെന്നു നിതീഷ് കുമാര്‍ പറഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.
അഞ്ച് കൊറിയന്‍ യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യക്കാരന്‍ ബാലേഷ് ധന്‍ഖര്‍ കുറ്റക്കാരനെന്ന് ഓസ്‌ട്രേലിയന്‍ കോടതി. മയക്കുമരുന്നു നല്‍കിയ ശേഷമാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. രാഷ്ട്രീയ ബന്ധമുള്ള വേട്ടക്കാരന്‍ എന്നാണു പ്രതിയെ കോടതി വിശേഷിപ്പിച്ചത്.
ഉപവാസമനുഷ്ഠിച്ചു മരിച്ചാല്‍ സ്വര്‍ഗം നേടാമെന്നു വിശ്വാസിച്ച് ആഹാരവും വെള്ളവുമുപേക്ഷിച്ച ക്രിസ്ത്യന്‍ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങള്‍ കൂടി കെനിയയില്‍ കണ്ടെടുത്തു. അന്ധവിശ്വാസത്തിന്റെ പേരില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 67 ആയി. പട്ടിണി മരണത്തിനു പ്രേരിപ്പിച്ച ‘ഗുഡ്‌ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്’ എന്ന കൂട്ടായ്മയടെ നേതാവ് പോള്‍ മക്കെന്‍സീ എന്‍തെംഗെയെ പൊലീസ് അറസ്റ്റു ചെയ്തു.