mid day hd 12

 

ഉത്തര്‍പ്രദേശില്‍ മുന്‍ എംപിയും കൊലക്കേസ് പ്രതിയും അധോലോക നേതാവുമായ അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയ ഗുണ്ടാസംഘാംഗങ്ങള്‍ എത്തിയതു മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയാണെന്നു പോലീസ്. അതീഖിനേയും സഹോദരന്‍ അഷ്‌റഫിനേയും വെടിവച്ചു കൊന്നശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിച്ചു. വെടിവച്ചുകൊന്ന ബജ്‌റംഗ്ദള്‍ നേതാവ് ലവ്ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മൂവരും പ്രയാഗ് രാജിന് പുറത്തുള്ളവരാണ്.

ഇന്നലെ രാത്രി പത്തിനു വന്‍ പൊലീസ് സുരക്ഷയോടെ മെഡിക്കല്‍ പരിശോധനയ്ക്കു പോകാനിറങ്ങുമ്പോഴാണ് ആതിഖ് അഹമ്മദിനും പോലീസിനും മുന്നില്‍ ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. പോലീസ് വെടിവച്ചുകൊന്ന പത്തൊമ്പതുകാരനായ മകന്‍ ആസാദ് അഹമ്മദിന്റെ സംസ്‌കാര ചടങ്ങിനു പോകാന്‍ പോലീസ് സമ്മതിച്ചില്ലെന്നു ആതിഖ് അഹമ്മദ് പറഞ്ഞതിനു പിറകേയാണ് പ്രതികളിലൊരാള്‍ ആതിഖിന്റെ തലയില്‍ തോക്കു ചേര്‍ത്തുപിടിച്ച് വെടിവച്ചത്. മാധ്യമപ്രവര്‍ത്തകര്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോകളില്‍ ഇതു കാണാം. കൊല്ലപ്പെട്ട ആതീഖിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കള്‍ ചൈല്‍ഡ് കെയര്‍ ഹോമിലാണ്. ആതിഖിന്റെ മറ്റു രണ്ടു മക്കള്‍ ജയിലിലാണ്.

ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ച കാമറകള്‍ വ്യാഴാഴ്ച പ്രവര്‍ത്തനസജ്ജമാകും. ഇനി കാമറക്കണ്ണില്‍, പിഴയ്ക്കു പഞ്ഞമുണ്ടാകില്ല ( https://dailynewslive.in/traffic-camaras-wiill-be-switched-on-by-thursday/ )

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ ഒടുവില്‍ മലയാറ്റൂര്‍ മലകയറി. മലയാറ്റൂര്‍ തിരുനാള്‍ ദിവസമായ ഇന്നു രാവിലെയാണ് രാധാകൃഷ്ണനും സംഘവും മലകയറിയത്. ദുഃഖവെള്ളിയാഴ്ച മലകയറാന്‍ എത്തിയെങ്കിലും അല്‍പദൂരം നടന്നപ്പോഴേക്കും മലകയറ്റം അവസാനിപ്പിച്ച് പിന്‍വാങ്ങിയിരുന്നു. ഇതേച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വീണ്ടും മലകയറാന്‍ എത്തിയത്.

സംസ്ഥാനത്ത് താപനില നാല്‍പതിനു മുകളിലേക്ക്. ഏഴ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പു നല്‍കി. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്.

തൃശൂര്‍ തളിക്കുളം കൊപ്രക്കളത്ത് കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ഷാജു (49) ഭാര്യ ശ്രീജ (44), മകള്‍ 11 വയസുള്ള അഭിരാമി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം മാറ്റും. ആള്‍ക്കൂട്ടം ഫോട്ടോയെടുത്തും ആര്‍പ്പുവിളിച്ചും കുങ്കിയാനകളെ പ്രകോപിതരാകുന്നുവെന്നും പ്രദേശത്തു ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പ് ഭിന്നശേഷിക്കാരനെ പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം കുന്നത്തുകാല്‍ അരുവിയോട് സ്വദേശി വര്‍ഗ്ഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യനാണ് ജീവനൊടുക്കിയത്.

കോവളം മുക്കോല പാതയില്‍ പോറോട് പാലത്തിനു സമീപം ബൈക്കിടിച്ച് നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക്കിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് റേസിംഗിനിടെയായിരുന്നു അപകടം. ബൈക്ക് കഴിഞ്ഞ ദിവസം കോവളം പൊലീസ് കരമനയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നു കസ്റ്റഡിയിലെടുത്തിരുന്നു.

വര്‍ക്കലയില്‍ ബിവറേജസ് മദ്യശാല കുത്തിത്തുറന്നു മോഷ്യം നടത്തിയ മൂന്നംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതി പിടിയില്‍. വെട്ടൂര്‍ കുഴിവിള വീട്ടില്‍ പൂട എന്ന ഷംനാദാണ് (35) പിടിയിലായത്. രണ്ടു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

തൃശൂരില്‍ ഇന്നു വീരസ്മൃതി. പ്രമുഖ അഭിഭാഷകനായിരുന്ന കെ.ബി. വീരചന്ദ്രമേനോന്‍ അനുസ്മരണം വൈകുന്നേരം അഞ്ചിന് സാഹിത്യ അക്കാദമി ഹാളില്‍ ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകത്തിലെ കോലാറിലെത്തും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലുള്ള കേസിലാണ് രാഹുല്‍ രണ്ടു വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടതും അയോഗ്യനാക്കപ്പെട്ടതും.

കര്‍ണാടകയില്‍ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടു. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ അര്‍ധരാത്രിയാണു രാജി പ്രഖ്യാപിച്ചത്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടികളില്‍ ചേരുമോയെന്നു വ്യക്തമാക്കിയിട്ടില്ല.

രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ പത്തൊമ്പതുകാരി നന്ദിനി ഗുപ്തയ്ക്കു മിസ് ഇന്ത്യ കിരീടംി. ഡല്‍ഹിയില്‍ കഴിഞ്ഞ രാത്രി നടന്ന ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 സൗന്ദര്യ മത്സരത്തിലാണു നന്ദിനി ജേതാവായത്. ഡല്‍ഹിയില്‍ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗനോജം സ്ട്രേല ലുവാംഗ് സെക്കന്‍ഡ് റണ്ണറപ്പും ആയി. യുഎഇയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ നന്ദിനി ഗുപ്ത ഇന്ത്യയെ പ്രതിനിധീകരിക്കും.

ആതിഖ് അഹമ്മദിന്റേയും സഹോദരന്റേയും കൊലപാതകത്തോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവ്യവസ്ഥയേയും ജുഡീഷ്യല്‍ നടപടികളേയും അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കൊലയാളികള്‍ക്കു സംരക്ഷണം നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.

ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കാന്‍ ബിജെപി നടത്തുന്ന നീക്കം പരിഹാസ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ക്രൈസ്തവരെ വര്‍ഷങ്ങളായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ബിജെപി ചങ്ങാത്തമെന്ന വ്യാജേനെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ എത്തുന്നതു വിരോധാഭാസമാണെന്ന് യെച്ചൂരി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല. കൃഷ്ണഗിരിയില്‍ ഗൃഹനാഥന്‍ ദണ്ഡപാണി ഭാര്യയെയും മകനെയും കൊലപ്പെടുത്തി. 25 വയസുള്ള സുഭാഷ് , അമ്മ കണ്ണമ്മാള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ സുഭാഷ് അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകം. ദണ്ഡപാണിയെ അറസ്റ്റു ചെയ്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *